ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവം; കണ്ടെത്തിയ അഞ്ച് പെണ്‍കുട്ടികളില്‍ ഒരാളെ വീണ്ടും കാണാതായി

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: വെള്ളിമാട്കുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് നേരത്തെ കാണാതാകുകയും പിന്നീട് തിരിച്ചെത്തിക്കുകയും ചെയ്ത അഞ്ച് പെണ്‍കുട്ടികളില്‍ ഒരാളെ വീണ്ടും കാണാതായി.

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് രക്ഷിതാക്കള്‍ക്കൊപ്പം പറഞ്ഞയച്ച പെണ്‍കുട്ടിയെയാണ് കാണാതായത്. വ്യാഴാഴ്ച്ച രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോയതായിരുന്നു. എന്നാല്‍ ഏറെ വൈകിയും കുട്ടി സ്കൂളില്‍ എത്താത്തിനെ തുടര്‍ന്ന് അധ്യാപകര്‍ രക്ഷിതാക്കളെ ബന്ധപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ രാവിലെ വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് ഇറങ്ങിയെന്ന് കുടുംബം പറഞ്ഞു. തുടര്‍ന്ന് അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.

കുട്ടിയുടെ രക്ഷിതാക്കള്‍ ഉച്ചയോടെ വെള്ളയില്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജില്ലയിലെ എല്ലാ പോലീസ് സ്‌റ്റേഷനിലേക്കും കാണാതായ വിവരം കൈമാറിയിട്ടുണ്ട്.

റെയില്‍വേ സ്‌റ്റേഷനും ബസ്റ്റാന്റും കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കഴിഞ്ഞ മാസമാണ് സഹോദരിമാരടക്കം അഞ്ച് പെണ്‍കുട്ടികള്‍ വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്കായിരുന്നു ഇവര്‍ മുങ്ങിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് പേരെ ബെംഗളൂരുവില്‍ നിന്നും മൂന്ന് പേരെ മലപ്പുറത്തെ എടക്കരയില്‍ നിന്നും കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.