100 വരികളും 702 അക്ഷരങ്ങളും ഉപയോഗിച്ച് എഴുതിയ ഗാനം: ചിത്രീകരണം കഴിഞ്ഞ സിനിമയുടെ രംഗങ്ങൾ നോക്കി പാട്ടെഴുതി: ഈ രണ്ട് റിക്കാർഡുകൾ നേടിയ ഗാനരചയിതാവിന്റെ ഓർമ്മ ദിനമാണിന്ന്:

100 വരികളും 702 അക്ഷരങ്ങളും ഉപയോഗിച്ച് എഴുതിയ ഗാനം: ചിത്രീകരണം കഴിഞ്ഞ സിനിമയുടെ രംഗങ്ങൾ നോക്കി പാട്ടെഴുതി: ഈ രണ്ട് റിക്കാർഡുകൾ നേടിയ ഗാനരചയിതാവിന്റെ ഓർമ്മ ദിനമാണിന്ന്:

Spread the love

കോട്ടയം: 1993 – ലാണ് ഐ. വി. ശശിയുടേയും മോഹൻലാലിന്റേയും ജീവിതത്തിൽ നാഴികക്കല്ലായി മാറിയ
“ദേവാസുരം “എന്ന ചലച്ചിത്രം പുറത്തുവരുന്നത്.
ഈ ചിത്രത്തിലെ
ഗാനങ്ങൾ എഴുതിയ
“ഗിരീഷ് പുത്തഞ്ചേരി “എന്ന യുവഗാനരചയിതാവിന്റെ തലവരയും ദേവാസുരം എന്ന ചിത്രം മാറ്റിമറിക്കുകയുണ്ടായി. സമാനതകളില്ലാത്ത കാവ്യബിംബങ്ങൾ കൊണ്ട്
അദ്ദേഹം രചിച്ച

“സൂര്യകിരീടം വീണുടഞ്ഞു
രാവിൻ തിരുവരങ്ങിൽ ….”

എന്ന ഗാനത്തിന്റെ രത്നശോഭയാൽ അക്ഷരകേരളം ഗിരീഷ് പുത്തഞ്ചേരി എന്ന കാവ്യപഥികനെ ശരിക്കും തിരിച്ചറിയുക തന്നെ ചെയ്തു.
1997-ൽ കമലിന്റെ
“കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ”
എന്ന ചിത്രം കൂടി പ്രദർശനത്തിനെത്തിയതോടെ
സൂര്യകിരീടത്തിന്റെ ശില്പി മലയാള ചലച്ചിത്രഗാനരചനാരംഗത്ത് തന്റെ കൈയൊപ്പ് പതിപ്പിച്ചു എന്നു പറയുന്നതാവും ശരി.
ഈ സിനിമയുടെ പ്രധാന വിജയഘടകങ്ങിൽ ഒന്നായിരുന്നു ഗിരീഷ് പുത്തഞ്ചേരി എഴുതി വിദ്യാസാഗർ സംഗീതം നൽകി യേശുദാസ് ആലപിച്ച
“പിന്നെയും പിന്നെയും
ആരോ കിനാവിന്റെ
പടി കടന്നെത്തുന്ന
പദനിസ്വനം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നെയും പിന്നെയും ആരോ നിലാവത്ത് പൊൻ വേണുവൂതുന്ന മൃദുമന്ത്രണം ….”
എന്ന പ്രസിദ്ധമായ ഗാനം .
ഈ പാട്ടു കൂടി ജനപ്രീതി നേടിയതോടെ മലയാളികൾ
“ഗിരീഷ് പുത്തഞ്ചേരി “എന്ന ഗാനരചയിതാവിനെ തങ്ങളുടെ നെഞ്ചിലേറ്റി ലാളിക്കാൻ തുടങ്ങിയിരുന്നു ..
ഗാനരചനാരംഗത്തെ
പ്രമുഖരായ പൂർവ്വസൂരികളുടെ രചനകളിൽ പോലും കാണാത്ത കാവ്യ സുഗന്ധമുള്ള “പദനിസ്വനം, “മൃദുമന്ത്രണം ”
തുടങ്ങിയ നക്ഷത്ര ശോഭയുള്ള വാക്കുകൾ കൊണ്ട് അനുഗൃഹീതമായിരുന്നു ഈ ഗാനത്തിന്റെ
മനോഹരമായ പല്ലവി .
തുടർന്നുള്ള ഓരോ വരിയിലും രചയിതാവ് തീർത്ത സുന്ദരകല്പനകൾ സംഗീത പ്രേമികളുടെ മനസ്സിൽ അനുഭൂതികളുടെ പനിനീർമഴ പെയ്യിപ്പിച്ചു.
ഒരു ഇടക്കാലത്തിനു ശേഷം പ്രണയമധുരത്തിന്റെ തേനിൽ ചാലിച്ചെടുത്ത ഓരോ വരിയുടേയും സൗരഭ്യം ഗിരീഷിനെ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഗാനരചയിതാവാക്കി മാറ്റി.

ജ്യോതിഷവും വൈദ്യവും പൈതൃകമായി ലഭിച്ച കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പെട്ട പ്രശസ്തമായ പുളിക്കൽ കുടുംബത്തിലായിരുന്നു ഗിരീഷ് പുത്തഞ്ചേരിയുടെ ജനനം.
അച്ഛൻ പൗര പ്രമുഖനും വ്യാകരണശാസ്ത്രത്തിൽ
പണ്ഡിതനുമായ കൃഷ്ണപ്പണിക്കർ, അമ്മ കർണ്ണാടകസംഗീതജ്ഞയായ മീനാക്ഷിയമ്മയും. പൈതൃകമായി കിട്ടിയ “അക്ഷരലക്ഷം കോർത്ത ജപമാലയും അഗ്നിയിൽ സ്ഫുടം ചെയ്ത മനസ്സു “മായിട്ടാണ് ഗിരീഷ് ഇനിയും വെളിച്ചം കാണാത്ത
” ചക്രവാളങ്ങൾക്കപ്പുറം ” എന്ന ചിത്രത്തിൽ ഗാനരചയിതാവായി അരങ്ങേറുന്നത്.
1990-ൽ പ്രദർശനത്തിനെത്തിയ “എൻക്വയറി ” എന്ന സിനിമയിൽ രാജാമണി സംഗീതം പകർന്ന് കെ.എസ്.ചിത്ര പാടിയ “ജന്മാന്തരങ്ങളിൽ “എന്ന ഗാനമാണ് ആദ്യത്തേതെങ്കിലും ജയരാജിന്റെ ജോണിവാക്കറിലെ
“ശാന്തമീ രാത്രിയിൽ വാദ്യഘോഷാദികൾ
കൊണ്ടു വാ….”
എന്ന ഗാനത്തിലൂടെയാണ് ഒരു ഗാനരചയിതാവ് എന്ന മേൽവിലാസം പുത്തഞ്ചേരിക്ക് ലഭിക്കുന്നത്.
ആ തപസ്യ ദേവാസുരത്തിലെത്തിയതോടെ മലയാള ഭാഷയുടെ കൈക്കുടന്ന നിറയെ തിരുമധുരം പകർന്നു നൽകുന്ന ഇന്ദ്രജാലമാണ് പിന്നീട് കാണാൻ കഴിഞ്ഞത്.
ചലച്ചിത്രഗാനരചനയിൽ ആർക്കും ഇതുവരേയ്ക്കും കൈവരിക്കാൻ കഴിയാത്ത ഒട്ടേറെ റെക്കോർഡുകളുടെ ഉടമ കൂടിയാണ് ഈ കവി ശ്രേഷഠൻ. അതിലൊന്നാണ് 2000-ത്തിൽ

പ്രദർശനത്തിനെത്തിയ ഷാജി കൈലാസ് സംവിധാനം ചെയ്ത”നരസിംഹം ” എന്ന ചിത്രത്തിലെ 100 വരികളിൽ എഴുതപ്പെട്ട
“പഴനിമല മുരുകന് “എന്ന അടിപൊളി ഗാനം .
702 അക്ഷരങ്ങളാൽ എഴുതപ്പെട്ട ഈ പാട്ടാണ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയത് .
ഒരുപക്ഷേ ഇന്ത്യൻ ചലച്ചിത്ര വേദിയിൽ തന്നെ ഇത്രയും ദൈർഘ്യമേറിയ ഒരു ഗാനം ഗിരീഷ് പുത്തഞ്ചേരിയല്ലാതെ വേറെ ആരെങ്കിലും എഴുതിയിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.
മറ്റൊരു റെക്കോർഡ് ചിത്രീകരണം കഴിഞ്ഞ സിനിമയുടെ രംഗങ്ങൾ നോക്കി പാട്ടെഴുതാൻ കഴിഞ്ഞു എന്നുള്ളതാണ് .
“പുനരധിവാസം “എന്ന ചിത്രത്തിലെ രംഗങ്ങൾ ഷൂട്ട് ചെയ്തതിനുശേഷമായിരുന്നു

ആ രംഗത്ത് ഒരു ഗാനം കൂടി ഉൾക്കൊള്ളിച്ചാൽ കൊള്ളാമായിരിക്കുമെന്ന് സംവിധായകനായ വി.കെ. പ്രകാശിന് തോന്നിയത് .
ആ അസുലഭഭാഗ്യം വന്നുചേർന്നത് ഗിരീഷിനായിരുന്നു.
അദ്ദേഹം ഗാനം എഴുതുക മാത്രമല്ല,
“കനക മുന്തിരികൾ മണികൾ കോർക്കുമീ പുലരിയിൽ …..” എന്ന ഈ ഗാനത്തിലൂടെ ആ വർഷത്തെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാനപുരസ്ക്കാരം വരെ നേടിയെടുക്കുകയുണ്ടായി..
അധികമാരും കൈവയ്ക്കാത്ത ചില പ്രത്യേക ജീവിതസാഹചര്യങ്ങളെ മനോഹരമായ ഗാനങ്ങളിലൂടെ ആവിഷ്കരിക്കാൻ ഗിരീഷിന് കഴിഞ്ഞിട്ടുണ്ട് ..
അതിലൊന്നാണ് “ബാലേട്ടൻ ” എന്ന ചിത്രത്തിലെ “ഇന്നലെ എന്റെ നെഞ്ചിലെ
കുഞ്ഞു മൺവിളക്കൂതിയില്ലേ ….”
എന്ന ദു:ഖഗാനം .

സാധാരണ മാതൃഹൃദയത്തിന്റെ തേങ്ങലുകളെക്കുറിച്ചുള്ള ഗാനങ്ങളാണ് മലയാളത്തിൽ കൂടുതൽ കേട്ടിട്ടുള്ളത്.
അച്ഛന്റെ ഓർമ്മകൾ
പങ്കു വെയ്ക്കുന്ന ഗാനങ്ങൾ ദുർലഭമാണ്. അച്ഛന്റെ ത്യാഗവും ആ വിളക്ക് അണഞ്ഞു പോയതിലുള്ള
ആത്മനൊമ്പരവും മലയാളത്തിൽ ഇത്ര കാവ്യാത്മകമായി കേട്ടതായി ഓർക്കുന്നില്ല.
അമ്മമനസ്സിനെക്കുറിച്ചും ഈ ഗാനരചയിതാവ് ആകുലപ്പെട്ടിട്ടുണ്ട് . “മാടമ്പി ” എന്ന ചിത്രത്തിലെ “അമ്മമഴക്കാറിനു കൺനിറഞ്ഞു …..”
എന്ന ഗാനം ഏതൊരു

മാതൃഹൃദയത്തേയും എക്കാലവും നൊമ്പരപ്പെടുത്തും. ദൈവങ്ങളെ സ്തുതിച്ചു പാടുന്ന ഭക്തിഗാനങ്ങളുടെ ഇടയിൽ ദൈവവും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ നിർവൃതിയായിരുന്നു
” കളഭം തരാം ഭഗവാനെൻ
മനസ്സും തരാം ….”എന്ന
വടക്കുംനാഥനിലെ ഭക്തിഗാനം .
വടക്കുംനാഥൻ എന്ന സിനിമയുടെ കഥയും തിരക്കഥയും ഗിരീഷ് പുത്തഞ്ചേരിയുടെതായിരുന്നു.

ഈ സിനിമ കൂടാതെ കിന്നരിപ്പുഴയോരം, മേലേപറമ്പിൽ ആൺവീട്, പല്ലാവൂർ ദേവനാരായണൻ എന്നീ ചിത്രങ്ങങ്ങൾക്ക് ഇദ്ദേഹം കഥയും തിരക്കഥയും എഴുതിയിട്ടുണ്ട്.
ഏഴു തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയെടുക്കാനും ഗിരീഷ് പുത്തഞ്ചേരിക്ക് കഴിഞ്ഞു.
“നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ ”
(അഗ്നിദേവൻ 1995)
“പിന്നെയും പിന്നെയും ആരോ കിനാവിന്റെ …. ”
(കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് – 1997 )
“കനക മുന്തിരികൾ ….. ” പുനരധിവാസം 1999) “ആകാശദീപങ്ങൾ സാക്ഷി ….. ”
(രാവണപ്രഭു 2001)
“കാർമുകിൽ വർണന്റെ ചുണ്ടിൽ ….. ” ( നന്ദനം 2002 )
“ഉറങ്ങാതെ രാവുറങ്ങീ …”
(ഗൗരിശങ്കരം 2003 )
“കണ്ണുനട്ടുകാത്തിരുന്നിട്ടും …”
(കഥാവശേഷൻ 2004 ) എന്നിവയെല്ലാമായിരുന്നു പുരസ്ക്കാരത്തിന് അർഹമായ ഗാനങ്ങൾ.

വെറും ഇരുപത് വർഷങ്ങൾക്കുള്ളിൽ
300-ൽ പരം ചിത്രങ്ങളിലായി 1500-ലധികം ഗാനങ്ങൾ എഴുതാൻ കഴിഞ്ഞതും ഈ ഗാനരചയിതാവിന്റെ അപൂർവ്വ നേട്ടങ്ങളിലൊന്നാണ്.
പുത്തഞ്ചേരിയുടെ മികച്ച ഗാനങ്ങളെ തിരഞ്ഞെടുക്കുന്നത് ഒരു ഭഗീരഥ പ്രയത്നം തന്നെയായിരിക്കും .
എങ്കിലും ചില ശ്രദ്ധിക്കപ്പെട്ട ഗാനങ്ങൾ മാത്രം ഇവിടപരാമർശിക്കുന്നു.
“കാക്ക കറുമ്പൻ കണ്ടാൽ കുറുമ്പൻ … ”
( ഈ പുഴയും കടന്ന് )
“തുമ്പയും തുളസിയും കുടമുല്ല പൂവും …. ” (മേഘം)
“ചാന്തുതൊട്ടില്ലേ നീ ചന്ദനം തൊട്ടില്ലേ ….. ” (ബനാറസ്സ് ) “ഹരിമുരളീരവം…”
(ആറാംതമ്പുരൻ )
“ഇണക്കമാണോ പിണക്കമാണോ …..”
(അനന്തഭദ്രം )
“വെള്ളിത്തിങ്കൾ പൂങ്കിണ്ണം
തുള്ളി തൂകും …. ”
(മേലെപറമ്പിൽ ആൺവീട്)

“താമരപ്പൂവിൽ വാഴും ദേവിയല്ലോ നീ ….. ” ( ചന്ദ്രലേഖ ) “മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ….. ” (കന്മദം )
“ചിലമ്പൊലിക്കാറ്റേ ഒന്നു ചുറ്റിയടിച്ചാട്ടെ…. ”
(സി ഐ ഡി മൂസ )
“കണ്ണാടിക്കൂടും കൂട്ടി ….. ”
(പ്രണയവർണങ്ങൾ)
“വെണ്ണിലാക്കൊമ്പിലെ രാപ്പാടി …. ” (ഉസ്താദ് )
“മൗലിയിൽ മയിൽപ്പീലി ചാർത്തി ……” ( നന്ദനം )
എന്നിവ ചിലതു മാത്രം.

2010 ഫെബ്രുവരി 10-ന് ഗിരീഷ് പുത്തഞ്ചേരി ഈ ലോകത്തോട് യാത്ര പറയുമ്പോൾ അദ്ദേഹത്തിന് കേവലം
49 വയസ്സ് മാത്രമേ പ്രായമണ്ടായിരുന്നുള്ളൂ!

മലയാള ചലച്ചിത്രഗാനശാഖയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഈ ഗാനരചയിതാവിന്റെ ധന്യമായ ഓർമ്മകൾക്ക് പ്രണാമം.