ജോർജ് ബുഷ് സീനിയർ അന്തരിച്ചു
സ്വന്തം ലേഖകൻ
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച്ഡബ്ല്യൂ ബുഷ് അന്തരിച്ചു. 94 വയസ്സായിരുന്നു. പാർക്കിൻസൺസ് രോഗത്തെ തുടർന്നായിരുന്നു അന്ത്യം. അണുബാധയേ തുടർന്ന് നാളുകളോളം ബുഷ് സീനിയർ ആശുപത്രിവാസത്തിലായിരുന്നു. മരണവിവരം മകനും മുൻ പ്രസിഡന്റുമായ ജോർജ് ഡബ്ല്യൂ ബുഷ് ആണ് പുറത്തുവിട്ടത്. സംസ്‌കാരം പിന്നീട്. 1989 മുതൽ 1993 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ഇറാഖിനെ കീഴടക്കിയ ഗൾഫ് യുദ്ധകാലത്തും ജർമ്മൻ ഏകീകരണ കാലത്തും അമേരിക്കയുടെ ഭരണചക്രം തിരിച്ചത് ബുഷ് ആയിരുന്നു. 1990ൽ അദ്ദേഹം പ്രഖ്യാപിച്ച ‘ന്യൂ വേൾഡ് ഓർഡർ’ ലോകരാഷ്ട്രങ്ങൾക്കിടയിൽ വലിയ മാറ്റം കൊണ്ടുവന്നിരുന്നു. കുവൈറ്റിനെ ഇറാഖിൽ നിന്ന് സ്വതന്ത്രമാക്കിയെന്നു മാത്രമല്ല, മിഡിൽ ഈസ്റ്റിൽ യു.എസ് സൈനിക ഇടപെടൽ നടത്താനും കഴിഞ്ഞു. ജോർജ് ബുഷ് സീനിയർ എന്നറിയപ്പെട്ടിരുന്ന 1964ൽ റിപ്പബ്ലിക്കൻ പാർട്ടിയിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് വൈമാനികനായും ടെക്സൺ ഓയിൽ കമ്പനിയുടെ മേധാവിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ഭാര്യ ബാർബറ ബുഷ് അന്തരിച്ചത്.ജോർജ് ബുഷിനെ കൂടാതെ നാലു മക്കളും 17 കൊച്ചുമക്കളും ബുഷ് സീനിയറിനുണ്ട്.