ഗ്യാസ് ഏജന്‍സിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട തട്ടിപ്പ് പുറത്ത്; ഉപഭോക്താക്കളില്‍ നിന്നും അന്യായമായി ട്രാന്‍സ്‌പൊട്ടേഷന്‍ ചാര്‍ജസ്/ഡെലിവറി ചാര്‍ജസ് ഈടാക്കി; പെട്രോളിയം മന്ത്രാലയത്തിന് പരാതി നല്‍കിയപ്പോള്‍ ഏജന്‍സി മാനേജര്‍ മാപ്പ് പറയാനെത്തി; കോടികളുടെ അഴിമതി നടന്നത് ആറന്മുളയില്‍
സ്വന്തം ലേഖകന്‍
പത്തനംതിട്ട: ആറന്‍മുളയില്‍ പ്രവര്‍ത്തിക്കുന്ന ‘സന്ധ്യ ഫ്‌ലയിംസ് ‘ എന്ന ഗ്യാസ് ഏജന്‍സിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട തട്ടിപ്പ് പുറത്ത്. ഉപഭോക്താക്കളില്‍ നിന്നും അന്യായമായി ട്രാന്‍സ്‌പൊട്ടേഷന്‍ ചാര്‍ജസ്, ഡെലിവറി ചാര്‍ജസ് എന്നീ ഇനത്തില്‍ ബില്ലില്‍ കാണിച്ചിരിക്കുന്ന തുകയ്ക്ക് പുറമേ 50 രൂപ അധികമായി വാങ്ങി വരികയായിരുന്നു ഈ ഏജന്‍സി. ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ നിര്‍ദ്ദേശമച്ച് ബില്ലില്‍ കാണുന്ന തുക മാത്രമേ ഉപഭോക്താവ് നല്‍കേണ്ടതുള്ളൂ.
ആദ്യമായി ബുക്ക് ചെയ്ത സിലിണ്ടറില്‍ ബില്ലിലുള്ള തുകയ്ക്ക് പുറമേ ട്രാന്‍സ്‌പൊട്ടേഷന്‍ ചാര്‍ജസ്, ഡെലിവറി ചാര്‍ജസ് കണ്ട ഉപഭോക്താവാണ് പരാതിയുമായി മുന്നോട്ട് പോയത്. 50 രൂപ ആര്‍ക്കും വലിയ കാര്യമല്ലായിരിക്കാമെന്നും പക്ഷേ, പകല്‍ വെളിച്ചത്തില്‍ ഒരാള്‍ നമ്മളെ കബളിപ്പിച്ച് 50 രൂപ വാങ്ങാന്‍ ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയുമോയെന്നും ഇദ്ദേഹം ചോദിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബില്ലില്‍ അധികതുക കണ്ട ഉപഭോക്താവ് ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയും അവരുടെ മുംബൈ ഓഫീസിലേക്കും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും ഇമെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഏജന്‍സിയുടെ മാനേജര്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ എത്തി മാപ്പ് പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ 3 പതിറ്റാണ്ടായി ഒരേ തെറ്റ് ആവര്‍ത്തിച്ച് വരുന്നതിനാല്‍ ഇത് മാപ്പര്‍ഹിക്കാത്ത കുറ്റം ആണെന്നും ഏജന്‍സി ഇന്നേവരെ അന്യായമായി ഉപഭോക്താക്കളെ കബളിപ്പിച്ച് ഈടാക്കിയ തുക, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്നും ഇദ്ദേഹം ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന വിവരം അനുസരിച്ച് ഏജന്‍സിയില്‍ നിന്നും 5 കിലോ മീറ്റര്‍ വരെ ദൂരം ഉള്ളവര്‍ക്ക് 0 ആണ് ഡെലിവറി ചാര്‍ജ്. 5 മുതല്‍ 10 കിലോമീറ്റര്‍ വരെ ദൂരം ഉള്ളവര്‍ക്ക് 24 രൂപയും 10 കിലോമീറ്ററിന് മുകളില്‍ 50 രൂപയും ഈടാക്കാം. എന്നാല്‍ ഈ തുക ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കണം എന്നാണ് നിയമം എങ്കിലും ഏജന്‍സി ഇന്നേ വരെ ഈ സംവിധാനം നടപ്പിലാക്കിയിരുന്നില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ മേല്‍പ്പറഞ്ഞ സംവിധാനം അടിയന്തിരമായി നടപ്പിലാക്കും എന്ന് ഏജന്‍സിയും ഇന്‍ഡ്യന്‍ ഓയില്‍ കോര്‍പ്പറേഷനും അറിയിച്ചു.