play-sharp-fill
ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിക്കും

ഗാന്ധിജയന്തി വിവിധ പരിപാടികളോടെ ജില്ലയിൽ ആചരിക്കും

സ്വന്തം ലേഖകൻ

കോട്ടയം: ഗാന്ധിജയന്തി വാരം കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. സമ്പൂർണ്ണ ശുചിത്വം, മാലിന്യ നിർമാർജ്ജനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന ആഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് നടക്കും. ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലും തദ്ദേശഭരണ സ്ഥാപനങ്ങളിലും പ്രത്യേക ശുചീകരണ യജ്ഞത്തിനും ഇതോടനുബന്ധിച്ച് തുടക്കം കുറിക്കും.


ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, വിമുക്തി മിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ, ജില്ലാ ലൈബ്രറി കൗൺസിൽ, നാഷണൽ സർവീസ് സ്‌കീം, സാക്ഷരതാ മിഷൻ, ഗാന്ധിയൻ സംഘടന കൾ, വിവിധ സർക്കാർ വകുപ്പുകൾ തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എട്ടിന് കളക്ട്രേറ്റ് വളപ്പിൽ എക്‌സൈസ് വകുപ്പിൻറെ നേതൃത്വത്തിൽ ആരംഭിക്കുന്ന ലഹരിവിരുദ്ധ റാലി ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ഫ്‌ളാഗ് ഓഫ് ചെയ്യും. എക്‌സൈസ് ഉദ്യോഗസ്ഥർ, സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ, നാഷണൽ സർവീസ് സ്‌കീം വോളൺണ്ടിയർമാർ തുടങ്ങിയവർ അണിനിരക്കുന്ന റാലി തിരുനക്കര ഗാന്ധി സ്‌ക്വയറിൽ സമാപിക്കും.

ഗാന്ധി പ്രതിമയിൽ ഹാരാർപ്പണത്തിനും പുഷ്പാർച്ചനയ്ക്കും ശേഷം നടക്കുന്ന പൊതു സമ്മേളനത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും.

എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ജി. രാധാകൃഷ്ണപിള്ള ലഹരിവിരുദ്ധ സന്ദേശം നൽകും. മുനിസിപ്പൽ കൗൺസിലർമാരായ സാബു പുളിമൂട്ടിൽ, എസ്. ഗോപകുമാർ, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൾ റഷീദ്, ശുചിത്വമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. രമേശ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി.കെ. അജിതകുമാരി, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രഫ. കെ.ആർ. ചന്ദ്ര മോഹനൻ, സർവ്വോദയ മണ്ഡലം പ്രതിനിധി എം.എൻ. ഗോപാലകൃഷ്ണപ്പണിക്കർ എന്നിവർ ആശംസയർപ്പിക്കും.

ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് നന്ദിയും പറയും.
ജില്ലാതല ഉദ്ഘാടനത്തിനുശേഷം കോട്ടയം കളക്ടറേറ്റിലെ ഓഫീസുകളും പരിസരവും ശുചീകരിക്കും. ജില്ലാ ഭരണകൂടം ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ എന്നിവയുടെ നേതൃത്വത്തിലാണ് ശുചീകരണം.

കളക്ടറേറ്റ് വളപ്പിൽ റോട്ടറി ഇൻറർനാഷണൽ സജ്ജീകരിക്കുന്ന ബോട്ടിൽ ബൂത്ത് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ഉദ്ഘാടനം ചെയ്യും. ശുചീകരണ യജ്ഞത്തിൽ പങ്കാളികളാകുന്നവർക്ക് റോട്ടറി ഇൻറർനാഷണൽ തുണി സഞ്ചികൾ വിതരണം ചെയ്യും.

വൈകിട്ട് ആറിന് തിരുനക്കര ഗാന്ധി സ്‌ക്വയറിൽ ദീപാഞ്ജലി നടത്തും. ഗാന്ധി പീസ് മിഷൻ, സർവോദയ മണ്ഡലം, ഗാന്ധി സ്മാരകകേന്ദ്രം, ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ സമൂഹത്തിൻറെ വിവിധ മേഖലകളിൽനിന്നുള്ളവർ 150 ദീപങ്ങൾ തെളിയിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി.ആർ. സോന, ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു, വിവിധ ഗാന്ധിയൻ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.അയർക്കുന്നം പഞ്ചായത്തിലെ നീറിക്കാട് മീനച്ചിലാറിൻറെ തീരത്തുള്ള തണലോരം മധ്യാഹ്ന-സായാഹ്ന വിശ്രമ കേന്ദ്രം ഗാന്ധി ജയന്തി ദിനത്തിൽ മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനസംയോജന പദ്ധതിയുടെ നേതൃത്വത്തിൽ ജന പങ്കാളിത്തത്തോടെ ശുചീകരിക്കും.

രാവിലെ 11ന് ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് മോളി തോമസ് അധ്യക്ഷത വഹിക്കും. നദീ പുനർസംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ സംസാരിക്കും.
മീനച്ചിലാർ തീരത്ത് തണലോരം ഉൾപ്പെടുന്ന പത്തേക്കർ സ്ഥലത്ത് ഹരിതകേരളം മിഷൻറെ നേതൃത്വത്തിൽ പച്ചത്തുരുത്ത് ജൈവവൈവിധ്യ പാർക്ക് പദ്ധതി പ്രവർത്തനങ്ങൾ നടന്നുവരികയാണ്.