
സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കെ കാൽ വഴുതി ഏഴാം നിലയിൽ നിന്ന് താഴേയ്ക്ക്: കാർ പോർച്ചിന് മുകളിൽ 20 മിനിറ്റ് കുടുങ്ങിക്കിടന്ന യുവാവിനെ രക്ഷിച്ചത് അഗ്നി രക്ഷാ സേന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കെ കാൽ വഴുതി ഏഴാം നിലയിൽ നിന്നും താഴെ വീണ യുവാവ് കാർപോർച്ചിന് മുകളിൽ കിടന്നത് ഇരുപത് മിനിറ്റ്. കാർപോർച്ചിന്റെ ഷീറ്റ് വെട്ടിപ്പൊളിച്ച അഗ്നി രക്ഷാ സേനാ അധികൃതരാണ് യുവാവിനെ രക്ഷിച്ചത്.
പേട്ടയില്‍ ഫ്ലാറ്റിന്റെ ഏഴാം നിലയില്‍ നിന്നാണ് യുവാവ് കാല്‍വഴുതി വീണത്. നടുവിന് പരിക്കേറ്റ ഉദിയന്‍കുളങ്ങര സ്വദേശി പ്രവീണ്‍കുമാറിനെ (28) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 8.45ഓടെയായിരുന്നു സംഭവം. എയര്‍പോര്‍ട്ട് ജീവനക്കാരനായ പ്രവീണ്‍ സുഹൃത്തുക്കളുമൊത്ത് ഫ്ലാറ്റിലാണ് താമസിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി സംസാരിച്ചുകൊണ്ട് നില്‍ക്കുന്നതിനിടെ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നു. കാര്‍ ഷെഡിന് മുകളിലേക്കാണ് ഇയാള്‍ വീണത്. വീഴ്‌ചയുടെ ആഘാതത്തില്‍ ഷെഡിന്റെ ഷീറ്റ് താഴ്ന്ന് കാറിന് മുകളില്‍ തട്ടി നില്‍ക്കുകയായിരുന്നു.
പ്രവീണിന് അനങ്ങാന്‍ പറ്റാത്ത സ്ഥിതിയായതിനാല്‍ അഗ്നി രക്ഷാ സേനാ ജീവനക്കാര്‍ ഷീറ്റ് കട്ടര്‍ ഉപയോഗിച്ച് ഇളക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ 108 ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. സീനിയര്‍ ഫയര്‍ ഓഫീസര്‍ ജി.വി. രാജേഷ്, ഫയര്‍ ഓഫീസര്‍മാരായ എസ്.ആര്‍. രഞ്ജിത്ത്, എസ്.എസ്. രഞ്ജിത്ത്, ബിജുകുമാര്‍, മനോജ്കുമാര്‍, ബിജു, ജിബിന്‍ സാം എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.