
അമിതവണ്ണവും വിട്ടുമാറാത്ത തലവേദനയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി പുതിയ ആരോഗ്യ പഠനങ്ങള്‍.
സാധാരണയായി സമ്മർദ്ദം, ഉറക്കക്കുറവ്, നിർജ്ജലീകരണം എന്നിവയാണ് തലവേദനയ്ക്ക് കാരണമായി കണക്കാക്കാറുള്ളതെങ്കിലും, അമിതഭാരം മൈഗ്രേയ്ൻ ഉള്‍പ്പെടെയുള്ള കഠിനമായ തലവേദനകള്‍ക്ക് പ്രധാന കാരണമാകുന്നുവെന്ന് മെഡിക്കല്‍ ലോകം മുന്നറിയിപ്പ് നല്കുന്നു.
പ്രത്യേകിച്ച് 50 വയസ്സിന് താഴെയുള്ള സ്ത്രീകളിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. ഉയർന്ന ബോഡി മാസ് ഇൻഡക്സ് (BMI) ഉള്ളവരില്‍ തലവേദനയുടെ ആവൃത്തിയും തീവ്രതയും വർദ്ധിക്കുന്നതായി ഗവേഷകർ നിരീക്ഷിക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏകദേശം രണ്ട് ലക്ഷത്തിലധികം സ്ത്രീകളില്‍ നടത്തിയ ഡാറ്റാ വിശകലനമനുസരിച്ച്, ആരോഗ്യകരമായ ഭാരമുള്ളവരേക്കാള്‍ 80 ശതമാനം അധികം തലവേദന സാധ്യത പൊണ്ണത്തടിയുള്ളവരിലുണ്ട്. ശരീരത്തിലെ അമിതമായ കൊഴുപ്പ് കോശങ്ങള്‍ (Adipose tissue) വെറുമൊരു കൊഴുപ്പ് ശേഖരമല്ല, മറിച്ച് ഒരു ഗ്രന്ഥി പോലെ പ്രവർത്തിച്ച് ‘കാല്‍സിറ്റോണിൻ ജീൻ-ബന്ധിത പെപ്റ്റൈഡ്’ (CGRP) പോലുള്ള രാസവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നു എന്നതാണ് ഇതിന് പിന്നിലെ ശാസ്ത്രീയ വശം.
ഈ രാസവസ്തുക്കള്‍ നാഡീവ്യവസ്ഥയില്‍ വീക്കം (Inflammation) ഉണ്ടാക്കുകയും തലച്ചോറിനെ മൈഗ്രെയ്ൻ ആക്രമണങ്ങളോട് കൂടുതല്‍ സംവേദനക്ഷമമാക്കുകയും ചെയ്യുന്നു.ചില സന്ദർഭങ്ങളില്‍ ഇത്തരം തലവേദനകള്‍ കാഴ്ചയെപ്പോലും ബാധിക്കുന്ന തരത്തില്‍ ഗുരുതരമായേക്കാമെന്ന് ഗോവ മണിപ്പാല്‍ ആശുപത്രിയിലെ ന്യൂറോളജിസ്റ്റ് ഡോ. അമൃത് എസ്.ഡി ചൂണ്ടിക്കാട്ടുന്നു.
വിട്ടുമാറാത്ത തലവേദന അനുഭവിക്കുന്നവർ കേവലം വേദനസംഹാരികളെ ആശ്രയിക്കാതെ, ശരീരഭാരം നിയന്ത്രിക്കുന്നതിലൂടെ രോഗമുക്തി നേടാനാകുമോ എന്ന് പരിശോധിക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.



