ഫ്രീ വൈഫൈ എന്ന് കേൾക്കുമ്പോൾ ചാടിക്കേറി കണക്ട് ചെയ്യല്ലേ…പണി പാളും.

ഫ്രീ വൈഫൈ എന്ന് കേൾക്കുമ്പോൾ ചാടിക്കേറി കണക്ട് ചെയ്യല്ലേ…പണി പാളും.

Spread the love

സ്വന്തം ലേഖകൻ: ഫ്രീ വൈഫൈ കിട്ടുന്ന അ‌വസരങ്ങളിലെല്ലാം ഡാറ്റ ഓഫര്‍ ഉണ്ടെങ്കിലും നാം വൈഫൈ പരമാവധി ഉപയോഗിക്കാറുണ്ട്. മറ്റുചിലപ്പോള്‍ വേറെ വഴിയില്ലാതെയും നാം വിവിധ വൈഫൈ സേവനങ്ങള്‍ ഉപയോഗിക്കാറുണ്ട്.

പൊതുജനങ്ങള്‍ക്ക് ഫ്രീ വൈഫൈ ലഭ്യമാക്കുന്ന സ്പോട്ടുകള്‍ ഇന്ന് വര്‍ധിച്ചുവരുന്നുണ്ട്. അ‌ത് പലപ്പോഴും ഏറെ ഉപകാരപ്രദവുമാണ്.

നെറ്റ്വര്‍ക്ക് പ്രശ്നങ്ങള്‍ മൂലം ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത അ‌വസരങ്ങളിലും നിശ്ചിത ഡാറ്റ പരിധി പിന്നിട്ട അ‌വസരങ്ങളിലും ഉള്‍പ്പെടെ പബ്ലിക് വൈഫൈ സേവനങ്ങള്‍ നിരവധി പേര്‍ക്ക് രക്ഷയാകാറുണ്ട്. എന്നാല്‍ സൗജന്യമായി കിട്ടുന്ന വൈഫൈകളിലേക്ക് പെട്ടെന്ന് കണക്‌ട് ചെയ്യും മുൻപ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് സുരക്ഷയ്ക്ക് ഏറെ ഗുണം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റെയില്‍വേ സ്റ്റേഷനുകളില്‍ ഉള്‍പ്പെടെ ലഭ്യമാകുന്ന സൗജന്യ വൈഫൈ ഇന്റര്‍നെറ്റ് ഉപയോഗപ്പെടുത്തുന്നവര്‍ ഏറെയാണ്. എന്നാല്‍ എല്ലാവര്‍ക്കുമായി തുറന്നു നല്‍കിയിരിക്കുന്ന ഇത്തരം പൊതു വൈഫൈ സംവിധാനങ്ങളെ ആശ്രയിക്കും മുൻപ് നമ്മുടെ ഡാറ്റയും ഐഡന്റിറ്റിയും പരിരക്ഷിക്കുന്നതിന് നാം ചിലകാര്യങ്ങള്‍ ഉറപ്പായും ശ്രദ്ധിക്കണം. അ‌ത് എന്തൊക്കെയാണ് എന്ന് നോക്കാം.

ഷെയറിങ് ഓഫാക്കുക: ഫയലുകളും ഫോള്‍ഡറുകളും പങ്കിടുന്നത് ഓഫീസ് വൈഫൈയില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുമായിരിക്കാം. എന്നാല്‍ പബ്ലിക് വൈഫൈയില്‍ കണക്‌ട് ചെയ്യും മുൻപ് നിങ്ങളുടെ ഫയല്‍ ഷെയറിങ് ഓപ്ഷന്‍ ഓഫ് ആക്കാന്‍ ശ്രദ്ധിക്കണം. അ‌ല്ലെങ്കില്‍ പൊതു വൈഫൈയില്‍ കണക്‌ട് ചെയ്യുമ്പോൾ നിങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഫോള്‍ഡറുകള്‍ മറ്റുള്ളവര്‍ക്കും ലഭ്യമായേക്കും.

ഓണ്‍ലൈന്‍ ബാങ്കിംഗ് സൈറ്റുകളില്‍ സൈന്‍ ഇന്‍ ചെയ്യുന്നത് ഒഴിവാക്കുക: ഓണ്‍ലൈന്‍ ബാങ്കിംഗ്, സോഷ്യല്‍ മീഡിയ പോലുള്ള വ്യക്തിഗത വിവരങ്ങള്‍ അടങ്ങിയ അക്കൗണ്ടുകളില്‍ സൈന്‍ ഇന്‍ ചെയ്യുന്നത് ഒഴിവാക്കുക. എത്ര മികച്ച വെബ്സൈറ്റ് ആണെങ്കിലും ആ സൈറ്റിലെ നമ്മുടെ വ്യക്തിഗത വിവരങ്ങള്‍ പബ്ലിക്ക് വൈഫൈയില്‍ ഹാക്കര്‍മാര്‍ക്ക് ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞേക്കാം.

ഓട്ടോമാറ്റിക്ക് കണക്ഷന്‍ ഓഫാക്കുക: എളുപ്പത്തിനായി വൈഫൈ നെറ്റ്വര്‍ക്കുകളിലേക്ക് ഓട്ടോമാറ്റിക് ആയി കണക്‌ട് ആകുന്ന ഓപ്ഷന്‍ പലരും ഉപയോഗിക്കാറുണ്ട്. ഇത് ഏറെ എളുപ്പമുള്ള ഓപ്ഷനാണ് എങ്കിലും സുരക്ഷ കണക്കിലെടുക്കുമ്ബോള്‍ അ‌പകടകരമാണ്. ഓട്ടോമാറ്റിക് ആയി കണക്‌ട് ആകുമ്ബോള്‍ നാമറിയാതെ മറ്റ് നെറ്റ്വര്‍ക്കുകള്‍ക്ക് നമ്മുടെ സ്മാര്‍ട്ട്ഫോണിലേക്ക് ആക്സസ് ലഭിക്കുന്നു.

ഡാറ്റ ലാഭിക്കുന്നതിനായും മറ്റുമാണ് കൂടുതല്‍ പേരും വൈഫൈകളിലേക്ക് ഓട്ടോമാറ്റിക് ആക്സസ് അ‌നുവദിക്കുന്നത്. എന്നാലിത് നമ്മുടെ സ്മാര്‍ട്ട്ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ഡാറ്റകളിലേക്ക് ഹാക്കര്‍മാര്‍ക്കും മറ്റും പ്രവേശനം എളുപ്പമുള്ളതാക്കുന്നു. അതിനാല്‍ ഓപ്പണ്‍ നെറ്റ്വര്‍ക്കുകളിലേക്ക് ഓട്ടോമാറ്റിക്ക് ആക്‌സസ് അനുവദിക്കുന്ന ഒപ്ഷന്‍ ഓഫാക്കി വയ്ക്കുന്നത് ഏറെ നന്നായിരിക്കും.

കിട്ടുന്ന എല്ലാ ഫ്രീ വൈഫൈയും ‘മുതലാക്കാന്‍’ ശ്രമിക്കരുത്: സൗജന്യമായി ഡാറ്റ ലഭിക്കും എന്നുകരുതി ലഭ്യമാകുന്ന എല്ലാ വൈഫൈയിലും കണക്‌ട് ചെയ്ത് ഡാറ്റ ഉപയോഗിക്കാന്‍ ശ്രമിക്കരുത്. വിശ്വസനീയമായ നെറ്റ്‌വര്‍ക്കുകളില്‍ മാത്രം കണക്‌റ്റ് ചെയ്യുക. തിരക്കുള്ള പൊതു ഇടങ്ങളില്‍ നിരവധി ഓപ്പണ്‍ വൈഫൈകള്‍ ഉണ്ടാകും.

അ‌ത്തരം സ്ഥലങ്ങളിലെ സൗജന്യ വൈഫൈ എന്ന പ്രലോഭനത്തില്‍ വീഴരുത്. അ‌ത് ചിലപ്പോള്‍ നിങ്ങളുടെ ഡാറ്റ ഹാക്കര്‍മാര്‍ക്ക് തുറന്നു നല്‍കുന്നതിന് ഇടയാക്കും. പ്രലോഭിപ്പിക്കുന്നതും അ‌ംഗീകൃത സ്ഥാപനങ്ങളുടെ വൈഫൈ എന്നു തോന്നിപ്പിക്കുന്ന പേരുകളിലുള്ളതുമായ വൈഫൈകള്‍ ചിലപ്പോള്‍ ഹാക്കര്‍മാരുടെ നിയന്ത്രണത്തില്‍ ഉള്ളവയാകാം. അ‌തിനാല്‍ കണക്‌ട് ചെയ്യും മുമ്ബ് വിശ്വാസ്യത ഉറപ്പാക്കുക.

വിപിഎന്‍ ഉപയോഗിക്കുക: ഒരു പബ്ലിക്ക് വൈഫൈയില്‍ കണക്‌ട് ആയിരിക്കുമ്ബോള്‍ നമ്മുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിനായുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് വിപിഎന്‍ ഉപയോഗം. ഒരു സുരക്ഷിത എന്‍ക്രിപ്റ്റ് നെറ്റ്‌വര്‍ക്കിലൂടെ നിങ്ങളുടെ ഡാറ്റ വിപിഎന്‍ വഴി തിരിച്ചുവിടുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും വിപിഎന്‍ ആപ്പുകള്‍ ലഭ്യമാണ്.

ശക്തമായ പാസ്വേഡുകള്‍ ഉപയോഗിക്കുക: എളുപ്പത്തിന് വേണ്ടി നാം പെട്ടെന്ന് ഓര്‍ത്തിരിക്കുന്ന ഒരു പാസ്വേഡ് ഉണ്ടാക്കുകയും മറന്ന് പോകാതിരിക്കാന്‍ എല്ലാത്തിനും ഒരേ പാസ്വേഡ് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഇത് അ‌പകടകരമാണ്. പബ്ലിക്ക് വൈഫൈയില്‍ കണക്‌ട് ആയിരിക്കുമ്ബോള്‍ നിങ്ങളുടെ പാസ്വേഡ് ഹാക്കര്‍ക്ക് ലഭിച്ചാല്‍ മറ്റ് അ‌ക്കൗണ്ടുകളും അ‌പകടത്തിലാകും.

അ‌തിനാല്‍ എല്ലാത്തിനും ഒരേ പാസ്‌വേഡ് ഉപയോഗിക്കാതിരിക്കുക. അക്കങ്ങളോ പ്രത്യേക ചിഹ്നങ്ങളോ ഉള്‍പ്പെടാത്ത ആറ് അക്ഷരങ്ങളുള്ള ഒരു ചെറിയക്ഷരത്തിലുള്ള പാസ്‌വേഡ് തകര്‍ക്കാന്‍ വെറും 10 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് റിപ്പോര്‍ട്ട്. അ‌തിനാല്‍ പാസ്വേഡ് ഉണ്ടാക്കുമ്ബോള്‍ അ‌ക്കങ്ങളും അ‌ക്ഷരങ്ങളും ചിഹ്നങ്ങളും ക്യാപിറ്റല്‍- സ്മോള്‍ ലെറ്ററുകളും ഇടകലര്‍ത്തി നല്‍കാന്‍ ശ്രദ്ധിക്കുക.

സുരക്ഷാ അപ്‌ഡേറ്റുകള്‍ കൃത്യമായി നടത്തുക: നമ്മുടെ ഡിവൈസുകളുടെ സുരക്ഷയ്ക്ക് സുരക്ഷാ അ‌പ്ഡേറ്റുകള്‍ നിര്‍ണായകമാണ്. അ‌പ്ഡേറ്റുകള്‍ കൃത്യമായി നടത്തിയില്ലെങ്കില്‍ പുതിയതായി ഉണ്ടാകുന്ന സുരക്ഷാവീഴ്ചകളെ നേരിടാന്‍ നമ്മുടെ ഡിവൈസിന് കഴിഞ്ഞു എന്നുവരില്ല. വൈറസുകള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ ഭീഷണികള്‍ മറികടക്കാന്‍ സെക്യൂരിറ്റി അ‌പ്ഡേറ്റുകള്‍ ഏറെ സഹായിക്കും. നമ്മുടെ ഡിവൈസ് എപ്പോഴും സുരക്ഷാസജ്ജമായിരിക്കാന്‍ അ‌പ്ഡേറ്റുകളില്‍ വീഴ്ചവരുത്താതിരിക്കുക.

Tags :