കോട്ടയത്ത് വിതരണത്തിനായി പലവ്യഞ്ജന കിറ്റുകള്‍ തയ്യാര്‍; ജില്ലയില്‍ നാളെ മുതല്‍ സൗജന്യ കിറ്റുകള്‍ ലഭിക്കുക 1.64 ലക്ഷം പേര്‍ക്ക് ; കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ കിറ്റുകള്‍ വീട്ടിലെത്തിച്ച് നല്‍കും
സ്വന്തം ലേഖകന്‍
കോട്ടയം : കൊറോണ വൈറസ് വ്യാപനനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ഗണനാ വിഭാഗത്തിനായുള്ള (പിങ്ക് റേഷന്‍ കാര്‍ഡ്) സൗജന്യ റേഷന്‍ കിറ്റുകള്‍ വിതരണത്തിനായി തയ്യാര്‍. കോട്ടയം ജില്ലയില്‍ 1.64 ലക്ഷംസൗജന്യ പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്യും. തിങ്കളാഴ്ച മുതല്‍ കിറ്റുകളുടെ വിരണത്തിന് തുടക്കമാകും.
ആയിരംരൂപ വില വരുന്ന 17 ഇനം സാധനങ്ങളാണ് കിറ്റിലുള്ളത്. പഞ്ചസാര ( ഒരു കിലോ), തേയില ( 250 ഗ്രാം), ഉപ്പ് (ഒരു കിലോ ), ചെറുപയര്‍ (ഒരു കിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ ( അര ലിറ്റര്‍), ആട്ട (രണ്ടു കിലോ), റവ ( ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി ( 100 ഗ്രാം), പരിപ്പ് ( 250 ഗ്രാം), മഞ്ഞള്‍പ്പൊടി ( 100 ഗ്രാം) ,ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് ( രണ്ടെണ്ണം) ,സണ്‍ ഫ്‌ലവര്‍ ഓയില്‍ ( ഒരു ലിറ്റര്‍), ഉഴുന്ന് ( ഒരു കിലോ) എന്നിവ പ്രത്യേകം പാക്കറ്റുകളിലാക്കി തുണി സഞ്ചിയില്‍ നിറച്ചാണ് നല്‍കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാക്കറ്റുകളില്‍ സാധനങ്ങളുടെ അളവ് രേഖപ്പെടുത്തിയിട്ടുണ്ട്. സപ്ലൈകോയാണ് സാധനങ്ങള്‍ ലഭ്യമാക്കിയത്.
ജില്ലയിലെ 150 കേന്ദ്രങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ജീവനക്കാരും ചേര്‍ന്നാണ് കിറ്റ് ഒരുക്കിയിരിക്കുന്നത്.
ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലങ്ങളിലുള്ളവര്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ കിറ്റ് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ വി. ജയപ്രകാശ്അറിയിച്ചു.