
നാട് മുഴുവൻ നടന്ന് തട്ടിപ്പ്: എന്നിട്ടു പേര് കോളേജെന്നും; ലൈസൻസുമില്ല വിദ്യാഭ്യാസവുമില്ല; കോട്ടയം സ്റ്റാർ ജംഗ്ഷനിലെ എയ്ഡ് എഡ്യുക്കേഷനിൽ 2017 പഠിച്ചവർക്കു പോലും ഇതുവരെ സർട്ടിഫിക്കറ്റില്ല; നൂറിലേറെ വിദ്യാർത്ഥികൾ പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവിനെ സമീപിച്ചു
തേർഡ് ഐ ബ്യൂറോ
കോട്ടയം: സംസ്ഥാനം മുഴുവൻ നടന്ന് വിദ്യാഭ്യാസത്തിന്റെ മറവിൽ നടത്തുന്നത് വൻ തട്ടിപ്പ്. 2017 മുതൽ പഠിച്ചവർക്കാണ് വൻ തട്ടിപ്പിന് ഇരയാകേണ്ടി വന്നത്. വിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട് എയ്ഡ് എഡ്യുക്കേഷൻ ഡയറക്ടർമാരായ മലപ്പുറം കോട്ടൂർ മങ്ങാട്ടുപുലം പുവല്ലൂർ ഷഷീഫ് (32), വെസ്റ്റ് കോട്ടൂർ പിച്ചൻ കുന്നശേരി വീട്ടിൽ അബ്ദുൾ ആഷിഫ് (32) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് എയ്ഡ് എഡ്യുക്കേഷനിലെ തട്ടിപ്പു സംബന്ധിച്ചുള്ള കൂടുതൽ പരാതികൾ പുറത്തു വന്നിരിക്കുന്നത്.
സംഭവത്തിൽ കൂടുതൽ പരാതികളുള്ളവർ കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്നു പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ തട്ടിപ്പുമായി ബന്ധപ്പെട്ട് എയ്ഡ് എഡ്യുക്കേഷൻ ഡയറക്ടർമാരായ അബ്ദുൾ അഷിഫിനെയും, ഷഷീഫിനെയും കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ മധുര കാമരാജ് സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രമെന്ന പേരിലാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്റ്റാർ ജംഗ്ഷനിലെ കേന്ദ്രത്തിൽ 2017 ൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളിൽ പലർക്കും ഇതുവരെയും ഫലവും സർട്ടിഫിക്കറ്റും ലഭിച്ചിട്ടില്ല. തട്ടിപ്പ് സംഘത്തിലെ പ്രധാനികളെ പിടികൂടിയ വാർത്ത തേർഡ് ഐ ന്യൂസ് ലൈവിൽ കണ്ടതിനു പിന്നാലെയാണ് വിദ്യാർത്ഥികൾ പരാതിയുമായി തേർഡ് ഐ ന്യൂസ് ലൈവിനെ സമീപിച്ചത്. ഇതുവരെ നൂറിലേറെ വിദ്യാർത്ഥികളാണ് ചതിയിൽപെട്ട് കദന കഥകളുമായി തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓഫീസിലെത്തിയത്.
ഇതോടെ വൻ തട്ടിപ്പാണ് പ്രതികൾ വിദ്യാഭ്യാസത്തിന്റെ മറവിൽ നടത്തിയിരുന്നതെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. പലരിൽ നിന്നും ഫീസ് ഇനത്തിൽ 30000 മുതൽ 40000 രൂപ വരെയാണ് വാങ്ങിയെടുത്തിരിക്കുന്നത്. എന്നാൽ, പരീക്ഷ എഴുതിയ ശേഷം സർട്ടിഫിക്കറ്റിനായി കാത്തിരിക്കുമ്പോൾ മാത്രമാവും പലർക്കും തട്ടിപ്പിന് ഇരയായതായി വ്യക്തമാകുക.