
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഭാര്യയും അഭിഭാഷകയും ചേര്‍ന്ന് യുവ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വ്യാജ പോക്സോ കേസില്‍ കുടുക്കിയതായി പരാതി. എന്നാൽ കേസില്‍ ഉദ്യോഗസ്ഥനെ കോടതി വെറുതെ വിട്ടു. മാവേലിക്കരയില്‍ ആണ് സംഭവം.
‘പ്രതി’യാക്കപ്പെട്ട സര്‍ക്കാരുദ്യോഗസ്ഥന്റെയും ഭാര്യയുടെയും രണ്ടാം വിവാഹമായിരുന്നു.വിവാഹശേഷം തന്റെ സ്ഥലമായ തിരുവനന്തപുരത്ത് വന്ന് താമസിക്കണമെന്ന ആവശ്യം നിരസിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ അഭിപ്രായവ്യത്യാസമാരംഭിച്ചു.ഒടുവില്‍ ഇരുവരും മാവേലിക്കരയില്‍ താമസമാരംഭിച്ചു.ഒപ്പം ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ള മൂന്നര വയസ്സുള്ള മകനും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നു മാസം കഴിഞ്ഞപ്പോള്‍ ഭാര്യയ്ക്ക് തിരുവനന്തപുരത്ത് ജോലിയായി.അപ്പോഴേക്കും ഒന്നുകില്‍ കൂടെ വന്ന് താമസിക്കണം അല്ലെങ്കില്‍ വിവാഹമോചനവും നഷ്ട പരിഹാരവും വേണമെന്നായി.അതിനായി മാവേലിക്കരയിലെ ഒരു വനിതാഅഭിഭാഷക മുഖേന സമ്മര്‍ദ്ദം തുടങ്ങി.25 ലക്ഷം തന്നില്ലെങ്കില്‍ സ്ത്രീധനപീഡനത്തിന് കേസെടുപ്പിക്കും എന്നായി.
പ്രായമായ സ്വന്തം മാതാവിനെയും വികലാംഗനായ സ്വന്തം സഹോദരനെയും ഉപേക്ഷിച്ച് ഭാര്യയ്ക്കൊപ്പം പോയി താമസിച്ചുള്ള ഒത്തുതീര്‍പ്പിന് തയ്യാറാകാതിരുന്നപ്പോള്‍ തന്നെയും കുട്ടിയെയും ശാരീരികമായി ഉപദ്രവിച്ചു എന്നും മറ്റും പറഞ്ഞ് മാവേലിക്കര പൊലീസില്‍ പരാതി കൊടുത്തിട്ട് ഭീഷണിപ്പെടുത്തിച്ചു.
വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ ആ പരാതി പിന്‍വലിച്ച് പിറ്റേ ദിവസം അത് പോക്സോ കേസാക്കി മാറ്റി. പൊലീസ് ക്വാര്‍ട്ടേഴ്സില്‍ താമസിച്ചുകൊണ്ട് പൊലീസ് ഉദ്യോഗസ്ഥനായ പിതാവിന്റെ സഹായത്തോടെ ആയിരുന്നു പുതിയ കേസ്.
കള്ളക്കേസ് എടുത്തതിനെത്തുടര്‍ന്ന് പല പ്രാവശ്യം ആത്മഹത്യയ്ക്ക് ഒരുങ്ങിയ അയാള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.തുടര്‍ന്ന് 2 വര്‍ഷത്തോളം നടന്ന വിചാരണ.
സാക്ഷിമൊഴികളില്‍ വന്‍ വൈരുധ്യമുണ്ടെന്നും കുട്ടിയുടേതടക്കം വ്യാജമൊഴിയാണെന്നും അന്വേഷണോദ്യോഗസ്ഥന് സമ്മതിക്കേണ്ടിവന്നു.തികച്ചും അവിശ്വസനീയവും വ്യാജവുമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പ്രതിയാക്കപ്പെട്ട നിരപരാധിയായ യുവാവിനെ ഹരിപ്പാട് പോക്സോ സ്പെഷ്യല്‍ ജഡ്ജ് കെ.വിഷ്ണു വിട്ടയച്ചത്.
പോക്സോ കേസുകളില്‍ പാലിക്കപ്പെടേണ്ട ഹൈക്കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും ഈ കേസില്‍ ലംഘിച്ചുവെന്നും കോടതി വിധിയില്‍ പറഞ്ഞു.







