play-sharp-fill
ക്ലിക്കിയാൽ പണി പാളുo: കൂടുതൽ നിക്ഷേപം നടത്തി വൻ ലാഭം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ; ട്രേഡിങ് തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി പൊലീസ് ;തട്ടിപ്പുകേസുകളിൽ അന്വേഷണംഊർജിതമാക്കി

ക്ലിക്കിയാൽ പണി പാളുo: കൂടുതൽ നിക്ഷേപം നടത്തി വൻ ലാഭം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ് ; ട്രേഡിങ് തട്ടിപ്പിനെതിരേ മുന്നറിയിപ്പുമായി പൊലീസ് ;തട്ടിപ്പുകേസുകളിൽ അന്വേഷണംഊർജിതമാക്കി

സ്വന്തം ലേഖകൻ

കോഴിക്കോട്: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് വർധിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി സൈബർ പൊലിസ്. രജിസ്റ്റർ ചെയ്തതിൽ കൂടുതൽ തുക നഷ്ടപ്പെട്ട രണ്ടാമത്തെ പരാതി കോഴിക്കോട് സൈബർ പൊലിസാണ് അന്വേഷിക്കുന്നത്.

വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷനിലൂടെ കോഴിക്കോട് സ്വദേശിയായ സംരംഭകന്റെ 4.8 കോടിയാണ് തട്ടിയെടുത്തത്. ഈ കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കോഴിക്കോട് സിറ്റിയിൽ മാത്രം ആറു മാസത്തിനിടെ 15.34 കോടിയാണ് തട്ടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാട്‌സാപ്പ് വഴി ‘ഗ്രോ’ എന്ന ഷെയർ ട്രേഡിങ് അപ്ലിക്കേഷനാണെന്ന വ്യാജേന കൂടുതൽ നിക്ഷേപം നടത്തി വൻ ലാഭം നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. സമാന തട്ടിപ്പുകൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് സൈബർ പൊലിസ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സൗജന്യട്രേഡിങ് ടിപ്‌സ് ക്ലാസുകൾ, എഫ്.ഐ.ഐ മുഖേന ഐ.പി.ഒ അലോട്ട്‌മെന്റ്, ഉയർന്ന ലാഭം എന്നിവ വാഗ്ദാനം ചെയ്ത പരസ്യവഴിയിലൂടെയാണ് തട്ടിപ്പുകൾക്ക് തുടക്കമിടുന്നത്. പരസ്യങ്ങളിൽ ക്ലിക്ക് ചെയ്യുമ്പോൾ വാട്‌സാപ്പിലെയോ ടെലിഗ്രാമിലെയോ ഗ്രൂപ്പിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.

തട്ടിപ്പുകാർ ഇരകളുമായി ആശയവിനിമയം നടത്തി ഓഹരി വാങ്ങാനും വിൽക്കാനുമുള്ള സൗജന്യ ട്രേഡിങ് ടിപ്പുകൾ വാഗ്ദാനം ചെയ്ത് നിക്ഷേപം നടത്താൻ അവരെ പ്രേരിപ്പിക്കും. ചെറിയ തുക നിക്ഷേപിക്കുമ്പോൾ ഉയർന്ന റിട്ടേൺ നൽകി അവരുടെ അക്കൗണ്ടിൽ ഡെപ്പോസിറ്റ് ചെയ്യുന്നു. ദിവസങ്ങൾക്ക് ശേഷം, സ്റ്റോക്കുകൾ ട്രേഡ് ചെയ്യുന്നതിനും വലിയ ലാഭം നേടുന്നതിനുമായി തട്ടിപ്പുകാർ നൽകുന്ന ആപ്ലിക്കേഷനുകളോ വെബ് പ്ലാറ്റ്‌ഫോം എന്നിവ ഇൻസ്റ്റാൾ ചെയ്യുന്നതിനോ ആക്‌സസ് ചെയ്യുന്നതിനോ ആവശ്യപ്പെടുകയാണ് പതിവ്.

ഡിജിറ്റൽ വാലറ്റിൽ ഉയർന്ന നിരക്കിൽ അമിതലാഭം പ്രദർശിപ്പിക്കും. നിക്ഷേപകർ ഡിജിറ്റൽ വാലറ്റിൽ നിന്ന് തുക പിൻവലിക്കാൻ ശ്രമിക്കുമ്പോൾ, ഏകദേശം 50 ലക്ഷമോ കൂടുതലോ ലാഭത്തിൽ എത്തിയാൽ മാത്രമേ ഇത് സാധ്യമാകൂ എന്നു പറയുകയാണ് ചെയ്യുന്നത്.

സെബി പോലുള്ള റെഗുലേറ്ററി അതോറിറ്റികളിൽ കമ്പനിയോ ബ്രോക്കറോ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാതെ ട്രേഡിങ് നടത്തരുതെന്നാണ് പൊലിസ് മുന്നറിയിപ്പ്. അത്തരം റെഗുലേഷനുകൾ സ്ഥാപനം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. സാധാരണയിലും ഉയർന്ന റിട്ടേണുകൾ വാഗ്ദാനം ചെയ്യുന്ന ഓൺലൈൻ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളിൽ നിക്ഷേപിക്കരുത്. അമിത നേട്ടം നൽകുന്നതായി വാഗ്ദാനം നൽകുന്ന നിക്ഷേപങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും നിക്ഷേപത്തിന് മുമ്പ് തട്ടിപ്പുകൾക്കെതിരേ ജാഗ്രത പാലിക്കണമെന്നും പൊലിസ് അറിയിച്ചു.

ആറുമാസം: തട്ടിയത് 28 കോടി, കൊച്ചിയില്‍ 400 കേസുകൾ

ആറുമാസങ്ങള്‍ക്കിടെ  ജില്ലയില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ കവര്‍ന്നത് 28 കോടിയോളം രൂപ. കൊച്ചി നഗരപരിധിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്ത 400  കേസുകളില്‍ പലര്‍ക്കായി നഷ്ടമായത് 25 കോടി രൂപ. ഇവയില്‍ നഗരത്തിലെ നാലു പേരില്‍ നിന്നായി തട്ടിയെടുത്തത് 20 കോടിയോളം രൂപ.   കേസുകളുടെ എണ്ണം  കൂടിയതോടെ സിറ്റി പൊലിസ് കമ്മിഷണര്‍ എസ്. ശ്യാംസുന്ദറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണം നടന്ന് വരികയാണ്.

ടെക്കികളുടെ കേന്ദ്രമായ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ ഏഴ് കോടി  രൂപയുടെ തട്ടിപ്പ് സംബന്ധിച്ച പരാതികളാണ് ലഭിച്ചത്. നോര്‍ത്ത് സ്റ്റേഷനില്‍ അഞ്ച് കോടിയും സെന്‍ട്രല്‍ സ്റ്റേഷനില്‍ മൂന്നരക്കോടിയും  മരട് പൊലിസില്‍   ആറു കോടി രൂപയുടെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്.  ഇത് ഒന്നര മാസത്തെ മാത്രം കേസുകളാണ്.

എറണാകുളം റൂറല്‍ ജില്ലയില്‍ സമീപ കാലത്തായി കവര്‍ന്നത് മൂന്നു കോടിയിലേറെ രൂപ. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെയും, നിക്ഷേപത്തിലൂടെയും ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാമെന്ന് പറഞ്ഞ് രണ്ട് കോടിയോളം രൂപയും, വ്യാജ അന്വേഷണ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. മുംബൈ കൊളാബ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസു പ്രകാരം സുപ്രിംകോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് ആലുവ സ്വദേശിയായ മുതിര്‍ന്ന പൗരനില്‍ നിന്ന് സംഘം ഒരു കോടി പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്.

തൃശൂര്‍ സിറ്റിയില്‍ 16 കോടി; റൂറലില്‍ 17 കോടി തട്ടി

സിറ്റി പൊലിസ് പരിധിയില്‍ ആറുമാസംകൊണ്ട് രജിസ്റ്റര്‍ ചെയ്തത് 190 സൈബര്‍ തട്ടിപ്പുകേസുകള്‍. രണ്ടുകോടിയിലധികം രൂപ നഷ്ടപെട്ട കേസ് ഉള്‍പ്പെടെ 16 കോടിയോളം രൂപയാണ് സൈബര്‍ തട്ടിപ്പു കേസുകളില്‍ തൃശൂര്‍ സിറ്റി പൊലിസ് പരിധിയില്‍ നഷ്ടമായത്. തട്ടിപ്പില്‍ കുടുങ്ങുന്നതിലേറെയും പ്രഫഷനലുകളും സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവരുമാണ്.

റൂറല്‍ പൊലിസ് പരിധിയില്‍ കഴിഞ്ഞ ആറുമാസത്തിനിടെ സൈബര്‍ കുറ്റവാളികള്‍ അടിച്ചെടുത്തത് 17 കോടി രൂപയാണ്. 2 കോടി രൂപ പൊലിസ് സമയയോചിതമായി ഇടപെട്ടതോടെ തിരികെ കിട്ടി. 1019 സൈബര്‍ തട്ടിപ്പുകേസുകളാണ് രജിസ്റ്റർ ചെയ്തത്. വിദേശത്തു ജോലിയെടുക്കുന്ന പ്രഫഷനലുകളെയാണ് എളുപ്പം പറ്റിച്ചത്. പ്രത്യേക ആപ്പുകള്‍ വഴിയാണ് തട്ടിപ്പുകള്‍ നിര്‍ബാധം നടന്നതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇടുക്കിയിൽ ആറുമാസത്തിനിടെ 5.54 കോടിയുടെ തട്ടിപ്പ്

ഇടുക്കി ജില്ലയിൽ ആറുമാസത്തിനിടെ 5.54 കോടിയുടെ ഓൺലൈൻ തട്ടിപ്പ്. ഈ വർഷം ഇതുവരെ രജിസ്റ്റർ ചെയ്ത 55 കേസുകൾ പ്രകാരം 5,54,64,779 രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് നടന്നത്. കഴിഞ്ഞ വർഷം ആകെ രജിസ്റ്റർ ചെയ്ത 52 കേസുകളിലായി 7,18,00,000 രൂപ രൂപയുടെ തട്ടിപ്പ് നടന്നു. മിക്ക കേസിലും വ്യക്തികൾക്ക് പണം നഷ്ടമായി. വാട്‌സ്ആപ്പിലും ഇ മെയിലിലും മറ്റും ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ അപകടകരമായ ആപ്പുകളാണ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുക. അതിലൂടെ ഉപയോക്താവിനു ലഭിക്കുന്ന ഒ.ടി.പി അടക്കമുള്ള വിവരങ്ങൾ ചോർത്തപ്പെടും.

ഇത്തരത്തിലാണ് മിക്ക തട്ടിപ്പുകളും നടന്നിരിക്കുന്നത്. തോട്ടം മേഖലയിൽ ഓൺലൈൻ തട്ടിപ്പ് വ്യാപകമാകുന്നുണ്ട്. വിദ്യാഭ്യാസവും പ്രായോഗിക പരിജ്ഞാനവും കുറഞ്ഞ പലരെയും തട്ടിക്കുക എളുപ്പമാണ്. കുറഞ്ഞ വരുമാനമുള്ള വ്യക്തികളെ ചൂഷണംചെയ്യുന്ന ലോൺ ആപ്പുകളാണ് തോട്ടം മേഖലയിൽ വ്യാപകമാകുന്നത്.

ഓൺലൈൻ കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘങ്ങൾ, നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട് നിരവധി തട്ടിപ്പുകൾ നടത്തിവരുന്നുണ്ട്. സ്പാം ഇ മെയിൽ,  ഓൺലൈൻ പരസ്യങ്ങൾ, സാമൂഹിക മാധ്യമങ്ങൾ എന്നിവ വഴിയാണ് തട്ടിപ്പുകൾ. ഇവരുടെ എല്ലാ പദ്ധതികളും വിശ്വസനീയമായതും തീർത്തും ആദായകരവുമാണെന്നും മറ്റും കാണിച്ചാണ് ഇത്തരം വാഗ്ദാനങ്ങൾ നൽകുന്നത്.

പക്ഷേ ഇതെല്ലാം വിശ്വസിച്ച് നിക്ഷേപിക്കുന്നവരെ സ്ഥിരമായി വഞ്ചനയിൽപെടുത്തുകയും അവരുടെ കൈയിലുള്ള പണം തട്ടിയെടുക്കുകയും ചെയ്യുന്നു. മയക്കുമരുന്ന് അടങ്ങിയ കൊറിയർ പിടിച്ചെന്നും പ്രതി ചേർക്കപ്പെടാതിരിക്കണമെങ്കിൽ തുക നൽകണമെന്ന രീതിയിൽ വ്യാപക തട്ടിപ്പ് നടക്കുന്നതായും ഇത്തരത്തിൽ തൊടുപുഴയിൽ ഒരു സ്ത്രീക്ക് വലിയ തുക നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലിസെന്നും ജില്ലാ പൊലിസ് മേധാവി ടി.കെ വിഷ്ണു പ്രദീപ് പറഞ്ഞു.