
ഭർത്താവിന് ദോഷമാണെന്നു വിശ്വസിപ്പിച്ച് പാലായിലെ വീട്ടമ്മയുടെ ഏഴു പവനും 3000 രൂപയും കവർന്നു: കേസിലെ പ്രതിയായ കൊട്ടാരക്കര സ്വദേശിനി ഒരു വർഷത്തിനു ശേഷം പിടിയിൽ; പ്രതിയെ കുടുക്കിയത് സിസിടിവി ക്യാമറയും തിരിച്ചറിയൽ കാർഡും
തേർഡ് ഐ ബ്യൂറോ
പാലാ: ഭർത്താവിനു ദോഷമാണെന്നും, പരിഹാര ക്രിയ ചെയ്യണമെന്നു വിശ്വസിപ്പിച്ച് വീടിനുള്ളിൽ കടന്ന് വീട്ടമ്മയുടെ ഏഴു പവൻ സ്വർണവും 3000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയായ സ്ത്രീ ഒരു വർഷത്തിനു ശേഷം പിടിയിൽ. കൊല്ലം കൊട്ടാരക്കര ശൂരനാട് കുണ്ടമംഭാഗത്ത് അരുകണ്ടം വിള വീട്ടിൽ താമസിക്കുന്ന ആലപ്പുഴ ചേർത്തല മായിത്തറ സന്ധ്യാ ഭവനത്തിൽ രാധാമണി രാജേന്ദ്രനെയാണ് (65) പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ വർഷം ഡിസംബർ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ വള്ളിച്ചിറ ഊരുകുടിയിൽ ഭാഗത്ത് ചാലടിയിൽ വീട്ടിൽ പ്രിയ മഹേഷിന്റെ വീട്ടിൽ എത്തിയ രണ്ടു സ്ത്രീകൾ പ്രിയയെ കബളിപ്പിച്ച് വീടിനുള്ളിൽ കയറി സ്വർണവും പണവും കവർന്നു സ്ഥലം വിടുകയായിരുന്നു. കൈനോക്കി ഫലം പറയുമെന്നു വിശ്വസിപ്പിച്ചാണ് സ്ത്രീകൾ വീട്ടിൽ എത്തിയത്. ആദ്യത്തെ ദിവസം വീട്ടിലെത്തിയ ഇവർ പ്രിയയുമായി അടുപ്പം സ്ഥാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട്, രണ്ടാം ദിവസം എത്തിയാണ് പ്രിയയോടെ ഭർത്താവിന് ദോഷമുണ്ടെന്നും പരിഹാര ക്രിയകൾ നടത്തണമെന്നും നിർദേശിച്ചത്. ഇതിനായി രണ്ടാം ദിവസം വീട്ടിലെത്തിയ പ്രതികൾ പ്രിയയോടെ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ ഇവർ അടുക്കളയിലേയ്ക്കു പോയ തക്കത്തിനു വീടിനുള്ളിൽ കയറിയ പ്രതികൾ അലമാരയിൽ നിന്നും ഏഴു പവൻ സ്വർണവും 3000 രൂപയും കവരുകയായിരുന്നു.
സ്വർണവും പണവും നഷ്ടമായതായി കാട്ടി പ്രിയയും ഭർത്താവും പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്നു പൊലീസ് സംഘം അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ സമീപത്തെ വീടുകളിൽ ഇവർ കയറിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇതിൽ ഒരു വീട്ടിൽ നിന്നു ലഭിച്ച സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളാണ് നിർണ്ണായകമായത്. തുടർന്നു, പൊലീസ് പ്രദേശത്ത് നടത്തിയ തിരച്ചിലിൽ ഇവരുടെ ദൃശ്യങ്ങളുമായി കിടങ്ങൂർ ഭാഗത്ത് താമസിക്കുന്ന ഒരു വീട്ടമ്മയുടെ ദൃശ്യങ്ങളുമായി സാമ്യം ഉള്ളതായി കണ്ടെത്തി.
ഇവിടെ എത്തിയ പരിശോധനയിൽ പ്രതിയായ രാധാമണിയുടെ തിരിച്ചറിയൽ കാർഡ് പൊലീസിനു ലഭിച്ചു. എന്നാൽ, ഇതിനിടെ ഇവർ ഇവിടെ നിന്നും വീട് ഉപേക്ഷിച്ചു പോയിരുന്നു. ഇതിനിടെയാണ് രാധാമണി കൊല്ലം കൊട്ടാരക്കര ഭാഗത്തുള്ളതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവിനു രഹസ്യ വിവരം ലഭിച്ചത്.
തുടർന്നു ഡിവൈ.എസ്.പി ബൈജുകുമാർ, എസ്.ഐമാരായ സിദ്ദിഖ് അബ് ദുൾഖാദർ, , കെ.എച്ച് ഹാഷിം, ഷാജി കുര്യാക്കോസ്, തോമസ് സേവ്യർ, എ.എസ്.ഐ എം.ജി ബിജു, വനിതാ സിവിൽ പൊലീസ് ഓഫിസർ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കൊട്ടാരക്കരയിലെ മകളുടെ വീട്ടിൽ നിന്നും പ്രതിയെ പിടികൂടി. കിടങ്ങൂരിലെ ജുവലറിയിൽ ഇവർ വിറ്റ സ്വർണവും പൊലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടാം പ്രതിയെ തിരിച്ചറിഞ്ഞതായും ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.