
അമ്പതിനായിരം രൂപ നല്‍കിയാല്‍ 10 പവന്റെ സ്വർണാഭരണം നല്‍കാം ; വീട്ടമ്മമാരെ വീഴ്ത്താൻ പ്രയോഗിച്ചത് വീട്ടിലിരുന്ന ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന വ്യാജ പരസ്യത്തിലൂടെ ; പണം കൈക്കലാക്കിയശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങുന്നതാണ് രീതി ; മൊബൈല്‍ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതി പിടിയിൽ
കൊച്ചി: അമ്പതിനായിരം രൂപ നല്‍കിയാല്‍ 10 പവന്റെ സ്വർണാഭരണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റിലായ പ്രതി വീട്ടമ്മമാരെ വീഴ്ത്താൻ പ്രയോഗിച്ചത് വീട്ടിലിരുന്ന ലക്ഷങ്ങള്‍ സമ്പാദിക്കാമെന്ന വ്യാജ പരസ്യം.
വാട്‌സ്‌ആപ്പിലും ഫേസ്ബുക്കിലും ഇവ പ്രചരിപ്പിക്കുകയും പരസ്യംകണ്ട് സമീപിക്കുന്നവരുടെ നമ്ബറുകളിലേക്ക് സ്വർണാഭരണത്തിന്റെ ചിത്രങ്ങളും ഓഫറും കൈമാറിയുമാണ് തട്ടിപ്പിന് കെണിയൊരുക്കിയത്.
പള്ളുരുത്തി ആര്യാട് വീട്ടില്‍ വർഗീസ് സൈമണാണ് (50) തോപ്പുംപടി പൊലീസിന്റെ പിടിയിലായത്. കളമശേരിയിലെ ഒരു ഹോട്ടലില്‍ ഊരുംപേരും മാറ്റി ജോലി ചെയ്യുന്നതിനിടെയാണ് പിടിവീണത്. ഹോട്ടല്‍ ഉടമയെയടക്കം സ്വർണാഭരണ തട്ടിപ്പില്‍ വീഴ്ത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. പണം കൈക്കലാക്കിയശേഷം തമിഴ്‌നാട്ടിലേക്ക് മുങ്ങുന്നതാണ് ഇയാളുടെ രീതി. 2023ലെ കേസില്‍ ഇയാളെ അന്വേഷിച്ച് പൊള്ളാച്ചിയിലും മറ്റും എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്ടില്‍ വ്യാജ ആധാർകാർഡ് സ്വന്തമാക്കി മറ്റൊരു പേരിലാണ് താമസിച്ചിരുന്നത്. അടുത്തിടെയാണ് ഇയാള്‍ കേരളത്തിലേക്ക് തിരിച്ചെത്തിയത്. മൊബൈല്‍ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാള്‍ കളമശേരി ഭാഗത്തുണ്ടെന്ന് കണ്ടെത്തിയത്.അടുത്ത തട്ടിപ്പിന് തയ്യാറാകുന്നതിനിടെയാണ് അറസ്റ്റ്. ഇയാള്‍ നിരവധിപ്പേരെ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കണ്ണൂരിലും ഒരു മോഷണക്കേസുമുണ്ട്.