കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം : വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ നിർണായക നീക്കവുമായി ബിഷപ്പ് ഫ്രാങ്കോ മുളക്കൽ രംഗത്ത്. വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചു. വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ആവശ്യം. ഫ്രാങ്കോയുടെ ഹർജിയിൽ ഫെബ്രുവരി നാലിന് കോടതി വാദം കേൾക്കും.

കഴിഞ്ഞ ഏപ്രിൽ ഒൻപതിനാണ് കേസിലെ കുറ്റപത്രം സമർപ്പിച്ചത്. ആയിരം പേജുള്ള കുറ്റപത്രത്തിൽ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 നഴ്‌സുമാരും ഉൾപ്പടെ 84 സാക്ഷികളുണ്ട്. ബലാത്സംഗം, അന്യായമായി തടവിൽ വയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കൽ ഉൾപ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ മൊഴി മാറ്റാൻ സമ്മർദ്ദം ഉണ്ടെന്ന് മുഖ്യസാക്ഷി സിസ്റ്റർ ലിസി വടക്കേൽ നേരത്തെ ആരോപിച്ചിരുന്നു. ഫോണിലൂടെയും നേരിട്ടും മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നു എന്നായിരുന്നു സിസ്റ്ററിന്റെ ആരോപണം. അതുകൊണ്ട് വിചാരണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്നായിരുന്നു സിസ്റ്റർ ലിസി ആവശ്യപ്പെട്ടിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014-2016 കാലയളവിൽ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ചാണ് കന്യാസ്ത്രീ പരാതി നൽകിയത്. 13 തവണ തന്നെ പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസിൽ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ സമരം ആരംഭിച്ച് പതിനാലാം ദിവസമാണ് ബിഷപ്പ് അറസ്റ്റിലാകുന്നത്‌