
സ്വന്തം ലേഖകൻ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കൽ. യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോയെന്ന് മാത്യു അറയ്ക്കൽ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. മാധ്യമങ്ങൾ കാര്യമറിയാതെ വിധിക്കരുതെന്നും ബിഷപ്പ് മാത്യു അറയ്ക്കൽ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ പാലാ സബ് ജയിലിൽ മാർ മാത്യു അറയ്ക്കൽ, സഹായ മെത്രാൻ മാർ ജോസ് പുളിക്കൽ, മലങ്കര കത്തോലിക്ക സഹായമെത്രാൻ സാമുവൽ മാർ ഐറേനിയൂസ് എന്നിവരെത്തിയിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ കാണുന്നതിനായി ബിഷപ്പുമാർ ഞായറാഴ്ച എത്തിയിരുന്നെങ്കിലും അവധി ദിവസമായിരുന്നതിനാൽ അനുമതി ലഭിച്ചിരുന്നില്ല. ജയിൽ അധികൃതർ തിങ്കളാഴ്ച വരാൻ നിർദേശിച്ചതനുസരിച്ചാണ് ബിഷപ്പുമാർ എത്തിയത്.
അതേസമയം ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ കേസിൽ മാധ്യമങ്ങൾ വേട്ടയാടിയെന്ന് സിബിസിഐ കുറ്റപ്പെടുത്തി. കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം തെറ്റാണ്. വിഷയം സങ്കീർണവും ഗൗരവതരവുമായതിനാൽ പരിശോധിച്ച് വരുന്നു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനാലാണ് പ്രതികരിക്കാത്തതെന്നും ജുഡീഷ്യറിയിൽ വിശ്വാസമുണ്ടെന്നും സിബിസിഐ കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group