video
play-sharp-fill

പീഢനവും ഭീഷണിയും ഒടുവിൽ വധശ്രമവും; ബിഷപ്പ് ഫ്രാങ്കോയുടെ ക്രൂര കൃത്യങ്ങൾ തുടരുന്നു

പീഢനവും ഭീഷണിയും ഒടുവിൽ വധശ്രമവും; ബിഷപ്പ് ഫ്രാങ്കോയുടെ ക്രൂര കൃത്യങ്ങൾ തുടരുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബിഷപ്പ് ഫ്രാങ്കോയുടെ പീഢനവും ഭീഷണിയും കൂടാതെ തങ്ങളെ വധിക്കാനും ശ്രമം നടത്തുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതി നൽകി. ബിഷപ്പിനൊപ്പം ഉള്ള വൈദികന്റെ സഹോദരനാണ് കുറവിലങ്ങാട് ആശ്രമത്തിലെ ജീവനക്കാരനെ സ്വാധീനിച്ച് കൊലപാതകത്തിന് നീക്കം നടത്തിയത്. ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഒപ്പമുള്ള ഫാദർ ലോറൻസ് ചിറ്റുപറമ്പിലിന്റെ സഹോദരൻ തോമസ് ചിറ്റുപറമ്പിലാണ് വധശ്രമത്തിന് നീക്കം നടത്തിയതെന്ന് കന്യാസ്ത്രി നൽകിയ പരാതിയിൽ പറയുന്നു. കുറവിലങ്ങാട് ആശ്രമത്തിലെ ജോലിക്കാരനായ ആസാം സ്വദേശി പിന്റു വഴിയാണ് നീക്കം നടത്തിയത്. യാത്രചെയ്യുന്ന വാഹനത്തിന്റെ ബ്രേക്ക് കേടാക്കാനായിരുന്നു നിർദ്ദേശം നൽകിയത്. കന്യാസ്ത്രീകൾ പുറത്ത് പോകുന്ന സമയം തന്നെ അറിയിക്കണമെന്ന് തോമസ് ചിറ്റുപറമ്പിൽ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു. ആശ്രമത്തിന് പുറത്തെത്തി പിന്റുവിനെ കാണാൻ ശ്രമിച്ചെന്നും കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. പിന്റു ഇക്കാര്യം കന്യാസ്ത്രീയെ അറിയിച്ചതിനെ തുടർന്നാണ് കന്യാസ്ത്രീ പൊലീസിനെ സമീപിച്ചത്. നേരത്തെ കന്യാസ്ത്രീയുടെ കാലടിയിലുള്ള സഹോദരിയെ കണ്ട് ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാൽ ഒരാളെയും വെറുതെ വിടില്ലെന്ന് തോമസ് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. കന്യാസ്ത്രീയുടെ പരാതിയിന്മേൽ പൊലീസ് അന്വേഷണം ആരംഭിച്ചു.