സഭയും ബിഷപ്പിനെ കൈവിട്ടു; ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ അറസ്റ്റ് ഉണ്ടാകുമെന്ന് ഉറപ്പാക്കി ഫ്രാങ്കോയെ ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു
സ്വന്തം ലേഖകൻ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്തുളള ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. മുംബൈ അതിരൂപത ബിഷപ്പ് ആഗ്‌നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല. കാത്തോലിക്ക സഭ പരമാദ്ധ്യക്ഷൻ പോപ് ഫ്രാൻസിസിന്റെ ഉത്തരവ് പത്രക്കുറിപ്പിലൂടെയാണ് അറിയിച്ചത്. ഈ നടപടിയുടെ അർത്ഥം ബിഷപ്പിന്റെ രാജി മാർപാപ്പ അംഗീകരിച്ചുവെന്നാണെന്ന് സത്യംദീപം എഡിറ്റർ ഫാ പോൾ തേലക്കാട് പറഞ്ഞു. അതേസമയം ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി. മുൻകൂർ ജാമ്യാപേക്ഷ അറസ്റ്റിന് തടസ്സമല്ലെന്നും ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. ചോദ്യം ചെയ്യൽ മൂന്നാം ദിവസത്തിലേക്ക് കടക്കാതെ ഇന്നു തന്നെ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നും സൂചനയുണ്ട്. മൊഴികളിലെ വൈരുദ്ധ്യമാണ് ബിഷപ്പിന് തിരിച്ചടിയായത്. കന്യാസ്ത്രീയുടെ രഹസ്യമൊഴി തെളിവായി സ്വീകരിച്ചാവും അറസ്റ്റെന്നാണ് സൂചന. ഇന്നലെ തൃപ്പൂണിത്തുറയിലെ പൊലീസ് ക്ലബിൽ നടന്ന ചോദ്യം ചെയ്യലിനിടെ ബിഷപ്പ് നൽകിയ പല മൊഴികളിലും വൈരുധ്യമുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. ടവർ ലൊക്കേഷൻ അടക്കമുള്ള തെളിവുകൾ നിരത്തി ബിഷപ്പ് കുറുവിലങ്ങാട്ടെ മഠത്തിൽ എത്തിയിരുന്നില്ലേ എന്ന ചോദ്യത്തിന് ഇല്ലായെന്ന മറുപടിയാണ് ബിഷപ്പ് നൽകിയതെന്ന് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നു. ചോദ്യം ചെയ്യലിനായി ഇന്നു രാവിലെ പതിനൊന്ന് മണിയ്ക്ക് ഫ്രാങ്കോ മുളയ്ക്കൽ പൊലീസ് ക്ലബിലെത്തി. ഇന്നലെ ബിഷപ്പ് നൽകിയ മൊഴികളിൽ വ്യക്തത തേടിയുള്ള കൂടുതൽ ചോദ്യങ്ങൾ ഇന്ന് ഉണ്ടാവു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷം ബിഷപ്പിനെ വിട്ടയച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യം ചെയ്യൽ. തയ്യാറാക്കിയ നൂറ്റമ്ബതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉപയോഗിച്ചാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. അറസ്റ്റിനെക്കുറിച്ച് ഇന്ന് വൈകിട്ടോടെ തീരുമാനമുണ്ടായേക്കും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ഫ്രാങ്കോ തൃപ്പൂണിത്തുറയിലുള്ള ക്രൈംബ്രാഞ്ച് എസ്പി ഓഫിസിൽ എത്തിയത്. രൂപത പിആർഒ ഫാ.പീറ്റർ കാവുംപുറവും മറ്റ് രണ്ടുപേരും വണ്ടിയിലുണ്ടായിരുന്നു. അന്വേഷണം പൂർത്തിയായിട്ടില്ലെന്നും വ്യാഴാഴ്ച വീണ്ടുമെത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കോട്ടയം എസ്പി ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാങ്കോ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികാരോപണക്കേസിൽ ഇന്ത്യയിൽ ഒരു ബിഷപ്പ് ഇങ്ങനെ ചോദ്യംചെയ്യപ്പെടുന്നത് ആദ്യമായാണ്.