video
play-sharp-fill
മീനിലെ ഫോർമലിന് പകരം പുതിയ രാസവസ്തു

മീനിലെ ഫോർമലിന് പകരം പുതിയ രാസവസ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മീനിലെ ഫോർമലിൻ കണ്ടെത്തുന്നതിനുള്ള പരിശോധന കർശനമാക്കിയതോടെ എളുപ്പത്തിൽ കണ്ടെത്താനാകാത്തവിധം പുതിയ രാസവസ്തു ചേർക്കുന്നു. മീൻ കേടാകാതിരിക്കാൻ സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് ലായനി തളിക്കുന്നതായാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് എളുപ്പത്തിൽ കണ്ടെത്താൻ നിലവിൽ മാർഗങ്ങളില്ല. ഇത് ശരീരത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് സർക്കാർ അനലിറ്റിക്കൽ ലാബിൽ പരിശോധന തുടങ്ങി. എറണാകുളത്തെ ചില രാസവസ്തു വിൽപ്പനശാലകളിൽനിന്ന് ബോട്ടുകാർ കൂടിയ അളവിൽ നിരന്തരം വാങ്ങിപ്പോകുന്നുണ്ട്. ഇതാണ് സംശയ കാരണം. അണുനാശിനിയായി ഉപയോഗിക്കുന്ന സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ് മീനിൽ ഉപയോഗിച്ചാൽ കേടാകാതിരിക്കുമോ എന്നതിലും വ്യക്തതയില്ല. ഇക്കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. വായു, വെള്ളം, മണ്ണ് എന്നിവയിലുൾപ്പെടെ രോഗാണുനാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവാണ് സിൽവർ ഹൈഡ്രജൻ പെറോക്‌സൈഡ്. നിറമോ മണമോ ഇതിനില്ല. നേർപ്പിക്കാതെ ഉപയോഗിച്ചാൽ പൊള്ളലുണ്ടാക്കും. വെള്ളവുമായി ചേർത്ത് നേരിയ അളവിൽ മീനിൽ തളിക്കുന്നതായി സംശയിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന മീനിൽ ഫോർമലിൻ, അമോണിയ എന്നിവ ചേർക്കുന്നത് കൊച്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി തയ്യാറാക്കിയ പേപ്പർ ടെസ്റ്റിലൂടെ എളുപ്പത്തിൽ കണ്ടെത്താനാകും. ഇതോടെ കേരളത്തിലേക്ക് അയക്കുന്ന മീനിൽ ഇത്തരം രാസവസ്തുക്കൾ ചേർക്കുന്നത് കുറഞ്ഞിരുന്നു.