വ്യാജരേഖ ചമച്ച് തോട്ടം സ്വന്തം പേരിലാക്കിയ ഫിലിപ്പ് ജേക്കബ് തട്ടിപ്പിന്റെ ഉസ്താദ് ; വ്യാജ ആധാരം പണയപ്പെടുത്തി കോടികണക്കിന് രൂപ ബാങ്കുകളേയും പറ്റിച്ചു
സ്വന്തം ലേഖകൻ
റാന്നി: വ്യാജ രേഖ ചമച്ച് റബ്ബർതോട്ടം സ്വന്തം പേരിലാക്കി തടി മുറിക്കാൻ പാസിനായി വനം റേഞ്ച് ഓഫീസിലെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ജനതാ റോഡ് ചെത്തിപ്പുഴ ഫിലിപ്പ് ജേക്കബി(43)നെയാണ് അറസ്റ്റ് ചെയ്തത്. ഗോവ സ്വദേശിനിയുടെ ഉടമസ്ഥതയിലുള്ള പെരുനാട്ടിലെ വിശാൽ എസ്റ്റേറ്റ് സ്വന്തം പേരിലാക്കി വ്യാജ രേഖ ചമക്കുകയായിരുന്നു. കരമൊടുക്കിയ രസീതും ആധാരവുമൊക്കെ വ്യാജമായി സൃഷ്ടിച്ചിരുന്നു. പെരുനാട് വില്ലേജ് ഓഫീസറുടെ മുദ്രയും വ്യാജമായി നിർമ്മിച്ചു.
ഫിലിപ്പ് ജേക്കബ് ന്യൂജി ഡയറക്ടർ, വിശാൽ എസ്റ്റേറ്റ്, പെരുനാട് എന്ന മേൽവിലാസമാണ് രേഖയിൽ ചേർത്തിരുന്നത്.120 തേക്ക് തടികൾ കൊണ്ടുപോകുന്നതിനു പാസ് ആവശ്യപ്പെട്ടാണ് ഇയാളും കോട്ടയം സ്വദേശിയായ ജേക്കബും(50)റേഞ്ച് ഓഫീസിൽ എത്തിയത്. രേഖയിൽ സംശയം തോന്നിയ റേഞ്ച് ഓഫിസർ ആർ.ആദീഷ് പോലീസിന് കൈമാറുകയായിരുന്നു. റാന്നി സി.ഐ ന്യൂമാനും പെരുനാട് എസ്.ഐ ബിജുവും റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആദിഷും ചേർന്ന് ദിവസങ്ങളായി നടത്തിയ തന്ത്രപരമായ നീക്കങ്ങളെ തുടർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഐപിസി 420,468,471,34 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ രീതിയിൽ വ്യാജ ആധാരം നിർമ്മിച്ച് വസ്തുക്കൾ തട്ടിയെടുത്തതും ബാങ്കിൽ വ്യാജരേഖ ചമച്ച് കോടികൾ തട്ടിയ കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group