play-sharp-fill
കോട്ടയം നഗരത്തിലെ ഫുട്പാത്തുകൾ വാടകയ്ക്ക്: ദിവസ വാടക അഞ്ഞൂറു രൂപ; ഉടമസ്ഥൻ നഗരസഭയും പൊതുമരാമത്ത് വകുപ്പും; നേട്ടം കൊയ്യുന്നത് അക്രമികളും രാഷ്ട്രീയക്കാരും; ഒടുവിൽ ഫുട്പാത്ത് വാടകയെച്ചൊല്ലി കൊലപാതകവും

കോട്ടയം നഗരത്തിലെ ഫുട്പാത്തുകൾ വാടകയ്ക്ക്: ദിവസ വാടക അഞ്ഞൂറു രൂപ; ഉടമസ്ഥൻ നഗരസഭയും പൊതുമരാമത്ത് വകുപ്പും; നേട്ടം കൊയ്യുന്നത് അക്രമികളും രാഷ്ട്രീയക്കാരും; ഒടുവിൽ ഫുട്പാത്ത് വാടകയെച്ചൊല്ലി കൊലപാതകവും

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിലെ റോഡരികിലും ഫുട്പാത്തുകളിലും ഇരിക്കുന്ന പെട്ടിക്കടകൾക്കു പിന്നിൽ വൻ മാഫിയ. ദിവസം അഞ്ഞൂറ് രൂപ മുതൽ ആയിരം രൂപയ്ക്ക് വരെ പെട്ടിക്കടകളും വഴിയോരക്കച്ചവട കേന്ദ്രങ്ങളും വാടകയ്ക്ക് നൽകുന്ന സംഘങ്ങളാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്. നഗരസഭയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും ഉടമസ്ഥതയിലുള്ള സ്ഥലം വാടകയ്ക്ക് നൽകി ലക്ഷങ്ങളാണ് ഈ മാഫിയ സംഘങ്ങൾ സ്വന്തമാക്കുന്നത്. ഏറ്റവും ഒടുവിൽ ഇത്തരത്തിൽ നഗരസഭയുടെ സ്ഥലത്ത് പ്രവർത്തിക്കുന്ന പെട്ടിക്കടയുടെ വാടകയെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. കോട്ടയം നഗരമധ്യത്തിൽ രാജധാനി ഹോട്ടലിനു സമീപത്തെ നഗരസഭയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്ന പെട്ടിക്കട നാട്ടകം മറിയപ്പള്ളി പു്ഷ്പഭവനിൽ അനിയൻപിള്ളയുടെ മകൻ അനിൽകുമാർ (ബേക്കറി അനി -44) നീലിമംഗലം ചിറയിൽ ഹൗസിൽ സുലൈമാന്റെ മകൻ റിയാസി (26) ന് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു. ഫുട്പാത്തിൽ പ്രവർത്തിച്ചിരുന്ന കടയ്ക്ക് അഞ്ഞൂറ് രൂപയായിരുന്നു ദിവസവാടക. ഈ വാടകയെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിലും ഒടുവിൽ കൊലപാതകത്തിലും കലാശിച്ചത്.
കോട്ടയം നഗരത്തിലെ ഫുട്പാത്ത് കച്ചവടക്കാരിൽ പലരും ഇത്തരം മാഫിയ സംഘത്തിന്റെ പിടിയിലാണ്. ചെറിയ പെട്ടിക്കടയ്ക്ക് പോലും അഞ്ഞൂറ് രൂപയാണ് വാടക. പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഇരിക്കുന്നതിനു ആയിരവും രണ്ടായിരവും വാടക ഈടാക്കും നഗരത്തിലെ പെട്ടിക്കട മാഫിയ.
കോട്ടയം നഗരസഭയുടെ മുൻ അദ്ധ്യക്ഷൻമാരും, നഗരസഭ അംഗങ്ങളും അടക്കമുള്ളവർ ഈ മാഫിയ സംഘത്തിന്റെ പിന്നിലുണ്ട്. ഇവരുടെ ബിനാമികളാണ് ഈ പെട്ടിക്കടകളിൽ നിന്നും പിരിവ് നടത്തുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്നതിനാൽ ഈ നേതാക്കൻമാരുടെ പേരുകൾ പുറത്തു വിടാനുള്ള തെളിവുകൾ ലഭിക്കാറുമില്ല. അതുകൊണ്ടു തന്നെ കൃത്യമായ തെളിവ് ലഭിക്കാത്തതിനാലാണ് തേർഡ് ഐ ന്യൂസ് ലൈവ് ഈ നേതാക്കൻമാരുടെ പേര് പുറത്ത് വിടാതിരിക്കുന്നത്.
നാഗമ്പടം ബ്‌സ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന പെട്ടിക്കടകളിൽ നിന്നും സി.ഐടിയുവാണ് നേരിട്ട് പിരിവ് നടത്തുന്നത്. ഇവിടെ പ്രവർത്തിക്കുന്ന കടയുടമകൾ അയ്യായിരം രൂപ വരെ യാണ് സി.ഐടിയുവിന്റെ നാഗമ്പടത്തെ യൂണിയനുകൾക്ക് നൽകേണ്ടത്. ചെറിയൊരു ലോട്ടറി തട്ടിനു പോലും ഇവിടെ അയ്യായിരം രൂപ വാടകയായി നൽകണം. അതുകൊണ്ടു തന്നെയാണ് നഗരസഭ അധികൃതർ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കാൻ പല തവണ നഗരസഭ അധികൃതർ ശ്രമിച്ചെങ്കിലും സിഐടിയു അടക്കമുള്ള യൂണിയനുകൾ ഇടപെട്ട് ഇതിനെ ചെറുത്ത് തോൽപ്പിക്കുകയായിരുന്നു. യൂണിയൻ നേതാക്കളുടെയും സാമൂഹ്യ വിരുദ്ധ സംഘത്തിന്റെയും പ്രധാന വരുമാനമാണ് ഇത്തരത്തിൽ ഫുട്പാത്തുകാരെ പിഴിഞ്ഞെടുക്കുന്ന വരുമാനം. അതുകൊണ്ടു തന്നെയാണ് നഗരസഭ അധികൃതർ എത്ര തവണ ഒഴിപ്പിക്കാൻ ശ്രമിച്ചാലും ഇവർ നഗരത്തിൽ നിന്നും ഒഴിയാത്തതും.