
ലോകകപ്പ് വിജയാഘോഷത്തിനിടെ സംസ്ഥാനത്ത് സംഘർഷം ; കണ്ണൂരിൽ മൂന്നുപേർക്ക് വെട്ടേറ്റു ; പലയിടത്തും പോലീസുകാർക്ക് ക്രൂരമർദ്ദനം ; നിരവധി പേർ കസ്റ്റഡിയിൽ
കണ്ണൂർ: ലോകകപ്പ് വിജയാഘോഷത്തിനിടെ സംസ്ഥാനത്ത് പലയിടത്തും സംഘർഷം . കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു. തിരുവനന്തപുരത്തും കൊച്ചിയിലും തലശ്ശേരിയിലും പൊലീസ് ഉദ്യോഗസ്ഥർക്കും മർദ്ദനമേറ്റു.
കണ്ണൂർ പള്ളിയാൻമൂല സ്വദേശികളായ അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. വെട്ടേറ്റവരിൽ അനുരാഗിൻ്റെ നില ഗുരുതരമാണ്. സംഭവത്തിൽ അക്രമികളായ ആറ് പേരെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു .
തലശ്ശേരിയിലുണ്ടായ സംഘർഷത്തിൽ എസ്ഐക്ക് പരിക്കേറ്റു. തലശ്ശേരി എസ്ഐ മനോജിനാണ് മർദ്ദനമേറ്റത്. ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തിയതിനും അമിത വേഗതയിൽ വാഹനം ഓടിച്ചതിനും രണ്ട് പേർക്കെതിരെ കേസെടുത്തു. ഇവർ പൊലീസ് കസ്റ്റഡിയിലാണ്.
തിരുവനന്തപുരം പൊഴിയൂരിൽ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥന് സാരമായ പരിക്കേറ്റു. പൊഴിയൂർ ജംഗ്ഷനിൽ കളി കാണാൻ സ്ക്രീൻ സ്ഥാപിച്ച സ്ഥലത്തായിരുന്നു സംഘർഷം. രാത്രി പതിനൊന്നര മണിയോടെ രണ്ട് യുവാക്കൾ ഇവിടെ മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കാൻ ആരംഭിച്ചു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ പൊഴിയൂർ സ്വദേശിയായ ജസ്റ്റിൻ എന്നയാളെ പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
