video
play-sharp-fill

പ്രളയ ധനസഹായ തട്ടിപ്പ്  കേസ്; ബോധപൂര്‍വം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കും

പ്രളയ ധനസഹായ തട്ടിപ്പ് കേസ്; ബോധപൂര്‍വം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കും

Spread the love

കോഴിക്കോട്: പ്രളയ ധനസഹായ തട്ടിപ്പ് കേസിൽ ബോധപൂര്‍വം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ ഡോ നരസിംഹുഗരി ടി എല്‍ റെഡ്ഡി.

സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് റവന്യു വകുപ്പ് സെക്രട്ടറിക്ക് അയക്കും. ഫണ്ട് വെട്ടിപ്പ് നടത്തിയ റവന്യു വകുപ്പ് ജൂനിയര്‍ സൂപ്രണ്ടിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഇതിനോടകം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തുടര്‍ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തില്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും കളക്ടര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് താലൂക്കില്‍ 2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതില്‍ വന്‍തട്ടിപ്പ് നടന്നതായി സ്ഥിരീകരിക്കുന്നതാണ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്. സംഭവിച്ചത് ഗുരുതര അനാസ്ഥയാണെന്നും നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാന്‍ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

2018-ല്‍ അടിയന്തര ധനസഹായമായ 10000 രൂപ പ്രളയബാധിതര്‍ക്ക് വിതരണം ചെയ്തതില്‍ ഗുരുതര അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നത്. ഒരു അക്കൗണ്ടിലേക്ക് ഒന്‍പത് തവണ വരെ തുക കൈമാറിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടും മൂന്നും നാലും തവണ വരെ അടിയന്തിര ധനസഹായ തുക ഒരേ അകൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്.

53 ലക്ഷം രൂപയാണ് സര്‍ക്കാരിന് ഇങ്ങിനെ നഷ്ടപ്പെട്ടത്. ഈ തുക തിരിച്ചുപിടിക്കണമെന്നാണ് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നത്.

കോഴിക്കോട് താലൂക്കില്‍ പ്രളയം ബാധിച്ച 20,000-ത്തിലധികം പേര്‍ക്കായി അടിയന്തിര ധനസഹായ തുകയായി 22.35 കോടി രൂപയാണ് ആകെ വിതരണം ചെയ്തത്. പ്രളയ ധനസഹായം അനധികൃതമായി ബന്ധുവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയ കളക്ടറേറ്റിലെ ഉദ്യോഗസ്ഥനായിരുന്ന ഉമാകാന്തന്‍ 97600 രൂപ വെട്ടിച്ചതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇയാള്‍ ഇപ്പോഴും സസ്പെന്‍ഷനില്‍ തുടരുകയാണ്.

അടിയന്തര സഹായമായി പ്രളയ ബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ 1.17 കോടി രൂപയോളം നീക്കിവെച്ചത് ഇപ്പോഴും വിതരണം ചെയ്യാതെ സസ്പെന്‍സ് അക്കൗണ്ടില്‍ കിടക്കുകയാണ്.