
കരിപ്പൂര്‍ വിമാനദുരന്തം: പിഴവ് പറ്റിയത് പൈലറ്റിന്: കോട്ടയത്തെ മാധ്യമപ്രവര്‍ത്തകന്റെ വീഡിയോ വൈറലാകുന്നു
സ്വന്തം ലേഖകൻ
കോട്ടയം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനദുരന്തം പൈലറ്റിനു സംഭവിച്ച വലിയ പിഴവായിരുന്നുവെന്നു പ്രാഥമിക സൂചന. ഇതു സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകന്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. ടേബിള്‍ ടോപ്പ് റണ്‍വേയില്‍ വിമാനം ശരിയായ രീതിയിലല്ല റണ്‍വേയില്‍ തൊട്ടതെന്നും ഇതാണ് ദുരന്തത്തിന് വഴിവെച്ചതെന്നുമാണ് വീഡിയോയില്‍ പറയുന്നത്. വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ തകരാറിലായെന്നും ഫ്യുവല്‍ ഇഞ്ചക്ട് ചെയ്ത് വിമാനത്തെ തീപിടുത്തത്തില്‍ നിന്നും സുരക്ഷിതമാക്കിയെന്നും തകരും മുന്നേ വിമാനത്തിന്റെ എന്‍ജിന്‍ ഓഫ് ചെയ്ത മുഖ്യ പൈലറ്റ് ദീപക് സാത്തേയുടെ നടപടി ധീരമായിരുന്നുവെന്നുമാണ് സമൂഹമാധ്യമങ്ങളില്‍ വാഴ്ത്തിപാടുന്നത്. എന്നാല്‍ ഈ വാദങ്ങളൊക്കെയും തെറ്റാണെന്നു സ്ഥാപിക്കുന്ന രീതിയിലുള്ള പ്രബലമായ വാദങ്ങളാണ് വീഡിയോയിലുള്ളത്.
ലാന്‍ഡിങ് ഗിയര്‍ തകരാറിലായാല്‍ പൈലറ്റിന് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിക്കും. ഇങ്ങനെ സംഭവിച്ചാല്‍ ക്രാഷ് ലാന്‍ഡിങ്ങിനാണ് പൈലറ്റ് ശ്രമിക്കുക. ഇക്കാര്യം എയര്‍ ട്രാഫിക്ക് കണ്‍ട്രോളിനെ അറിയിക്കും. വിമാനം ഇടിച്ചിറങ്ങുമ്പോഴുണ്ടാകുന്ന എല്ലാ ആപത്തിനെയും നേരിടാന്‍ ഇവര്‍ ശക്തമായ സംവിധാനങ്ങളൊരുക്കുകയും ചെയ്യും. എന്നാല്‍ ഇവിടെ അതൊന്നും സംഭവിച്ചില്ല. പകരം വിമാനം സ്വാഭാവികമായ ലാന്‍ഡിങ്ങിനാണ് ശ്രമിച്ചത്. വിമാനത്തിന്റെ ഫ്യുവല്‍ ഇന്‍ജക്ഷന്‍ അതു കൊണ്ടു തന്നെ നടത്തിയിട്ടുമില്ല. എന്‍ജിന്‍ ഓഫ് ചെയ്തുവെന്ന വാദവും തെറ്റാണെന്നു വീഡിയോയില്‍ പറയുന്നു. വിമാനത്തിന്റെ എന്‍ജിന്‍ പിന്നോട്ടു കറക്കിയാണ് ബ്രേക്കിങ് സിസ്റ്റം പ്രവര്‍ത്തിപ്പിക്കുന്നത്. എന്‍ജിന്‍ ഓഫ് ചെയ്താല്‍ ഇതിനു തീരെ സാധ്യതയില്ല. തന്നെയുമല്ല മണിക്കൂറില്‍ 180 കിമീ വേഗത്തില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനത്തിന് ടച്ച് ഡൗണ്‍ ചെയ്താലുടന്‍ ഇതു സാധ്യവുമല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനമായും സംഭവിച്ചത്, കാറ്റിന്റെ ഗതി തിരിച്ചറിയാതെ വിമാനത്തെ വിപരീതദിശയിലുള്ള റണ്‍വേയില്‍ ഇറക്കിയതാണ്. കാറ്റും മഴയും ഉള്ളപ്പോള്‍ ആ ദിശയിലേക്ക് ഇറങ്ങാതിരിക്കാനായി ഓരോ എയര്‍പോര്‍ട്ടിലും റണ്‍വേ ആ വിധത്തിലാണ് ക്രമീകരിക്കുന്നത്. എന്നാല്‍ ഇവിടെ അത്തരത്തില്‍ ആദ്യ ലാന്‍ഡിങ്ങിന് ശ്രമിച്ചപ്പോള്‍ കഴിയാതെ വന്നു വീണ്ടും ടേക്ക് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിപരീത രീതിയിലാണ് വീണ്ടും പൈലറ്റ് വിമാനത്തെ ലാന്‍ഡിങ്ങിന് തയ്യാറാക്കിയത്. ഈ സമയം വിമാനത്തിന്റെ വേഗതയും കാറ്റിന്റെ തള്ളലും കാരണം പ്രതീക്ഷിച്ചതിലും 500 മീറ്റര്‍ മുന്നിലേക്കാണ് വിമാനം ടച്ച് ഡൗണ്‍ചെയ്തത്. ഇവിടെയാകട്ടെ, കാര്യമായ മഴവെള്ളത്തിന്റെ നനവുമുണ്ടായിരുന്നു. ഇവിടെ നിന്നാണ് വിമാനം മുന്നോട്ട് കുതിച്ചത്. കാര്യമായ ബ്രേക്കിങ്ങിനു ശ്രമിച്ചപ്പോഴേയ്ക്കും വിമാനം റണ്‍വേ വിട്ട് മുന്നോട്ടു കുതിച്ചതായി വീഡിയോയില്‍ പറയുന്നു. പൈലറ്റിന്റെ ആത്മവിശ്വാസമാണ് ആപത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക സൂചനയും പുറത്തുവരുന്നുണ്ട്.
പൈലറ്റിന്റെ മനോവീര്യമാണ് നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിച്ചതെന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന സന്ദേശങ്ങളെയാണ് വീഡിയോ പൊളിച്ചടുക്കുന്നത്. കോട്ടയം സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ അജീഷ്ചന്ദ്രന്‍ ചെയ്ത വീഡിയോയ്ക്ക് നൂറു കണക്കിന് ലൈക്കും കമന്റുമാണ് ലഭിക്കുന്നത്. വീഡിയോ താഴെ കൊടുത്തിരിക്കുന്നു.