
ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് വലിയ ആശ്വാസകരമായ വാർത്തയുമായി ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎ.
ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ യാതൊരു അധിക ചാർജും നല്‍കാതെ ടിക്കറ്റ് റദ്ദാക്കാനോ മാറ്റം വരുത്താനോ ഇനി മുതല്‍ യാത്രക്കാർക്ക് സാധിക്കും. 2026 ഫെബ്രുവരി 24-നാണ് ഇത് സംബന്ധിച്ച പരിഷ്കരിച്ച നിയമങ്ങള്‍ പുറത്തിറക്കിയത്.
എന്നാല്‍ വിമാനം പുറപ്പെടുന്നതിന് നിശ്ചിത ദിവസങ്ങള്‍ക്ക് മുൻപേ (ആഭ്യന്തര സർവീസിന് ഏഴ് ദിവസവും അന്താരാഷ്ട്ര സർവീസിന് 15 ദിവസവും) ടിക്കറ്റ് ബുക്ക് ചെയ്തിരിക്കണം എന്ന വ്യവസ്ഥയുണ്ട്. കൂടാതെ ടിക്കറ്റില്‍ പേര് ടൈപ്പ് ചെയ്തപ്പോള്‍ വന്ന തെറ്റുകള്‍ തിരുത്താൻ ഇനി പണം നല്‍കേണ്ടതില്ല. ബുക്കിംഗ് നടത്തി 24 മണിക്കൂറിനുള്ളില്‍ തെറ്റ് ചൂണ്ടിക്കാണിച്ചാല്‍ വിമാനക്കമ്പനികള്‍ സൗജന്യമായി പേര് തിരുത്തി നല്‍കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എയർലൈനിന്‍റെ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം. ട്രാവല്‍ ഏജന്‍റുകള്‍ വഴിയോ മറ്റ് പോർട്ടലുകള്‍ വഴിയോ ആണ് ടിക്കറ്റ് എടുത്തതെങ്കില്‍ പോലും പണം തിരികെ നല്‍കേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനിക്കാണ്. 14 പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ പണം തിരികെ നല്‍കിയിരിക്കണം.
യാത്രക്കാരനോ കൂടെയുള്ള കുടുംബാംഗമോ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള നിയമങ്ങളിലും ഡിജിസിഎ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2025 ഡിസംബറില്‍ ഇൻഡിഗോ വിമാനങ്ങള്‍ തടസപ്പെട്ടപ്പോള്‍ റീഫണ്ട് ലഭിക്കാൻ യാത്രക്കാർ നേരിട്ട കാലതാമസവും പരാതികളും കണക്കിലെടുത്താണ് സിവില്‍ ഏവിയേഷൻ മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.



