
ബെംഗളൂരു: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താളത്തിൽനിന്ന് ഞായറാഴ്ച വൈകിട്ട് മൂന്നുമണിയോടെ കർണാടകയിലെ ഹുബ്ബള്ളിയിലേക്ക് പുറപ്പെട്ട ഫ്‌ലൈ 91 എയർലൈൻസിന്റെ വിമാനത്തിന് സാങ്കേതിക തകരാർ. നിലത്തിറങ്ങാൻ കഴിയാതെ വിമാനം ആകാശത്ത് കറങ്ങിയത് നാലുമണിക്കൂർ.
ഹുബ്ബള്ളിയിൽ വൈകിട്ട് നാലരയ്ക്കാണ് വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ ഹുബ്ബള്ളിയോട് അടുക്കവേ, വിമാനത്തിന് പെട്ടെന്ന് സാങ്കേതിക തകരാറുണ്ടായി. ഇതോടെ വിമാനം ലാൻഡ് ചെയ്യാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറാൻ പൈലറ്റുമാർ നിർബന്ധിതരായി. തുടർന്ന് നാലുമണിക്കൂറോളമാണ് വിമാനം ആകാശത്ത് ചുറ്റിപ്പറന്നത്.
ആശങ്കനിറഞ്ഞ നിമിഷങ്ങളുടെ അവസാനം, ആവർത്തിച്ചുള്ള ശ്രമങ്ങൾക്കൊടുവിൽ വിമാനം വൈകിട്ട് ഏഴരയോടെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട്, സുരക്ഷിതമായി ഇറക്കുകയായിരുന്നു. ശിവമോഗ, ദേവനഗരെ, മുന്ദ്‌ഗോഡ് തുടങ്ങിയ പ്രദേശങ്ങൾക്ക് മുകളിലൂടെയായിരുന്നു നാലുമണിക്കൂർ വിമാനം പറന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, യാത്രികരുടെ ബന്ധുക്കൾ ഫ്‌ലൈ 91-നെതിരേ വിമർശനവുമായി രംഗത്തെത്തി. വിമാനക്കമ്പനി ശരിയായി ആശയവിനിമയം നടത്തിയില്ലെന്നും ശ്രദ്ധക്കുറവുണ്ടായെന്നും കൃത്യമായ വിവരങ്ങൾ കൈമാറിയില്ലെന്നും അവർ ആരോപിച്ചു.



