ഒരു തുള്ളി കണ്ണുനീർ വേണ്ട: മരടിലെ ഫ്‌ളാറ്റിന്റെ ഉടമകളിൽ ഏറെയും ശത കോടീശ്വരൻമാർ; പേര് പുറത്തു പറയാനാവാത്ത ഉന്നതൻമാർ കോടതിയിൽ പോലും തങ്ങളുടെ വാദം പറഞ്ഞില്ല; സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി വമ്പൻമാർക്ക് വേണ്ടി നിൽക്കുമ്പോൾ പറ്റിക്കപ്പെടുന്നത് കോടതിയും ജനങ്ങളും

ഒരു തുള്ളി കണ്ണുനീർ വേണ്ട: മരടിലെ ഫ്‌ളാറ്റിന്റെ ഉടമകളിൽ ഏറെയും ശത കോടീശ്വരൻമാർ; പേര് പുറത്തു പറയാനാവാത്ത ഉന്നതൻമാർ കോടതിയിൽ പോലും തങ്ങളുടെ വാദം പറഞ്ഞില്ല; സിപിഎമ്മും കോൺഗ്രസും ബിജെപിയും ഒറ്റക്കെട്ടായി വമ്പൻമാർക്ക് വേണ്ടി നിൽക്കുമ്പോൾ പറ്റിക്കപ്പെടുന്നത് കോടതിയും ജനങ്ങളും

തേർഡ് ഐ ബ്യൂറോ
കൊച്ചി: ഒന്നും രണ്ടും കോടി വിലയുള്ള ഫ്‌ളാറ്റുകൾ. കെട്ടിപ്പൊക്കിയത് അഹങ്കാരത്തിന്റെയും തലക്കനത്തിന്റെയും മുകളിൽ. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച ഒരു കൂട്ടം ശതകോടീശ്വരൻമാർ പെണ്ണുപിടിക്കാനും, മദ്യപിക്കാനും സ്വന്തം വിശ്രമവേളകൾ ആനന്ദകരമാക്കാനും വേണ്ടി മാത്രം വാങ്ങിയിട്ട കോടികളുടെ ഫ്‌ളാറ്റിന്റെ പേരിലാണ് ഇപ്പോൾ സർക്കാരും രാഷ്ട്രീയക്കാരും വെല്ലുവിളി മുഴക്കുന്നതും പിൻതുണ നൽകുന്നതും. സാധാരണ ജനത്തിന്റെ കണ്ണുനീരും, പിൻതുണയും ശതകോടീശ്വരൻമാർ വാങ്ങിക്കൂട്ടിയ ഈ ഫ്‌ളാറ്റുകൾക്കുണ്ടോ എന്ന് ചിന്തിക്കേണ്ടത് തന്നെയാണ്.
എറണാകുളം ജില്ലയിലെ മരട് നഗരസഭയ്ക്ക് കീഴിൽ വരുന്ന ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിൻ ഹൗസിങ് കായലോരം അപ്പാർട്ട്‌മെന്റ് ആൽഫ വെഞ്ചേഴ്‌സ് എന്നീ നാല്  ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് യാതൊരുവിധ മാനദണ്ഡങ്ങളും ഇല്ലാതെ പണത്തിന്റെ മാത്രം ഹുങ്കിൽ കായലിനു നടുവിൽ ആഡംബര സൗദം കെട്ടിപ്പൊക്കിയത്. 2006 ലാണ് ഇവർ ആദ്യമായി മരട് നഗരഭയിൽ ഫ്‌ളാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയത്. നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ക്രമക്കേട് വിജിലൻസ് വിഭാഗം കണ്ടെത്തുന്നു. നിർമ്മാണം തുടങ്ങും മുൻപ് തന്നെ കോടികൾ മുടക്കി ഫ്‌ളാറ്റ് ബുക്ക് ചെയ്ത വമ്പൻമാരുടെ ഇടപെടലിനെ തുടർന്ന് എല്ലാ എതിർപ്പുകളെയും പണമിട്ട് മുക്കി അനധികൃത നിർമ്മാണം തകൃതിയായി നടന്നു. കോസ്റ്റൽ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കി കെട്ടിടം ആകാശം മുട്ടെ ഉയരത്തിൽ ഉയർന്നു. കോസ്റ്റൽ മാനേജ്‌മെന്റ് അതോറിറ്റി ഫ്‌ളാറ്റുകൾ പൊളിക്കണമെന്നാവശ്യപ്പെട്ട് ആദ്യ ഘട്ടത്തിൽ നോട്ടീസ് നൽകി. എന്നാൽ, ഫ്‌ളാറ്റ് ഉടമകൾ ഹൈക്കോടതിയെ  സമീപിച്ച് കോടികൾ വാരിയെറിഞ്ഞ് റിട്ട് പെറ്റീഷൻ നൽകി അനുകൂല വിധി സമ്പാദിക്കുന്നു. സിംഗിൾ ബെഞ്ചിന്റെ വിധിയ്‌ക്കെതിരെ കോസ്റ്റൽ സോൺ മാനേജ്‌മെന്റ് അതോറിറ്റി ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി. ഡിവിഷൻ ബെ്ഞ്ചും കൈ ഒഴിഞ്ഞതോടെ സുപ്രീം കോടതിയിൽ കേസ് എത്തുന്നു. ഈ കേസിലാണ് ഇപ്പോൾ ഫ്‌ളാറ്റ് പൊളിച്ച് നീക്കാൻ സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്.
എന്നാൽ, ഈ കേസിന്റെ ഒരുഘട്ടത്തിൽ പോലും സുപ്രീം കോടതിയിൽ കക്ഷിചേരാൻ ഫ്‌ളാറ്റ് ഉടമകൾ തയ്യാറായിരുന്നില്ലെന്നതാണ് ഏറെ രസകരം. ഇത് മറ്റൊന്നും കൊണ്ടല്ല. ഈ അഞ്ചു ഫ്‌ളാറ്റ് സമുച്ചയങ്ങളിലും കോടികൾ മുടക്കി മുറികൾ വാങ്ങിയിട്ടിരിക്കുന്നവർ പല മേഖലകളിലെയും വമ്പന്മാരാണ് എന്നത് തന്നെയാണ്. തങ്ങളുടെ വിശ്രമവേളകൾ ആനന്ദകരമാക്കാനാണ് ഇവർ ഇവിടെ എത്തിയത് തന്നെ. നൂറുകണക്കിന് വരുന്ന മുറികളിൽ ചുരുക്കം ചിലത് ഒഴികെ ബാക്കിയെല്ലാം ഒഴിഞ്ഞു തന്നെ കിടക്കുകയാണ്. വ്ല്ലപ്പോഴും മാത്രം വിരുന്നെത്തുന്നവരാണ് ഈ ഫ്‌ളാറ്റിൽ ഉള്ളവരെല്ലാം.
രാത്രിയിൽ മാത്രം പെൺകുട്ടികളെയും, യുവതികളെയുമായി ഫ്‌ളാറ്റിൽ എത്തുന്നവർ മുതൽ ലഹരിയും മദ്യവും ഉപയോഗിക്കാൻ മാത്രം ഫ്‌ളാറ്റിൽ എത്തുന്നവർ വരെയുണ്ട്.ഇത്തരക്കാർക്കു വേണ്ടിയാണ് ഇപ്പോൾ സുപ്രീം കോടതി വിധി പോലും കാറ്റിൽ പറത്തി എല്ലാം അനുകൂലമാക്കാൻ വേണ്ടി സർക്കാർ ഇടപെടുന്നത്. രാഷ്ട്രീയ പാർട്ടികൾ ചൂട്ടുപിടിക്കുന്നത്.