പ്രണാമം… അവസാനമായി അവള്‍ ഇന്നും കൂടി ആ സ്കൂള്‍ അങ്കണത്തിലെത്തും; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സഹപാഠികളും അധ്യാപകരും; ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ സംസ്‌കാരം ഇന്ന്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ആലുവയില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പത്ത് മണിക്ക് കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. അതിനു മുന്നോടിയായി മൃതദേഹം കുട്ടി പഠിച്ചിരുന്ന തായ്ക്കാട്ടുകര സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെ ആദരാഞ്ജലി അര്‍പ്പിക്കും. അതിനിടെ, കുട്ടിയെ കൊലപ്പെടുത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30ന് ആണെന്ന് പ്രതി അസഫാക് മൊഴി നല്‍കി. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ചുവയസ്സുകാരിയെ പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. പെണ്‍കുട്ടി അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുണ്ട്.

കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്.കുട്ടിയുടെ ദേഹം ആസകലം മുറിവുണ്ടന്നും പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ പൊലീസിന് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടിലുണ്ട്. വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പിന്നീട് നല്‍കും.

വെള്ളിയാഴ്ച വൈകിട്ട് 3 മണിയോടെയാണ് ജ്യൂസ് വാങ്ങിക്കൊടുത്ത് അസഫാക് ആലം കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. സിസിടിവി ദൃശ്യത്തിന്റെ പരിശോധനയിൽ അസഫാക് കുട്ടിയെ കൊണ്ടു പോകുന്നത് തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ രാത്രി ഒമ്പതര മണിയോടെ തൊട്ടക്കട്ട് കരയിൽ നിന്ന് പിടികൂടിയിരുന്നു.

എന്നാല്‍ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്ന ഇയാളില്‍ നിന്നും പൊലീസിന് വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. രാത്രി റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ചും തൊഴിലാളി ക്യാമ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തിയെങ്കിലും പൊലീസിന് കുട്ടിയെ കണ്ടെത്താനായില്ല.

ഒന്നര വർഷം മുൻപാണ് അസ്ഫക് ആലം കേരളത്തിൽ എത്തിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ നിർമാണ ജോലികൾ ചെയ്തിട്ടുണ്ട്. കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതി അസ്ഫാഖ് ആലം തനിച്ചാണ് കൊലപാതകം നടത്തിയത് എന്ന് ആലുവ റൂറൽ എസ്പി വിവേക് കുമാർ പറഞ്ഞു.

പ്രതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിലുണ്ട്. അയാൾക്ക് കുറ്റത്തിൽ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. മദ്യ ലഹരിയിലായിരുന്ന പ്രതിയിൽ നിന്നും ഒരു സൂചനയും കിട്ടിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.