
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടുകൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ പടിഞ്ഞാറൻ -തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിനാലാണ് മഴ ശക്തമാകുന്നത്.
തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും വെള്ളിയാഴ്ച മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച 11 ജില്ലകളിലും ഞായർ, തിങ്കൾ ദിവസങ്ങളിൽ 10 ജില്ലകളിലും യെല്ലോ അലർട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാത്രി 11.30 വരെ വിഴിഞ്ഞം മുതൽ കാസർകോട് വരെ കേരളതീരത്ത് 3.5 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. ശക്തമായ കാറ്റും മോശം കാലാവസ്ഥയും നിലനിൽക്കുന്നതിനാൽ കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ തിങ്കളാഴ്ചവരെ മത്സ്യബന്ധനത്തിന് പോകരുത്.