ജില്ലയിലെ സ്‌കൂൾ ബസുകൾ ഫിറ്റാണോ..? പരിശോധന നടത്തിയതിൽ 101 എണ്ണം മാത്രം ഫിറ്റ്; ആയിരത്തിലേറെ സ്‌കൂളുകളിലുള്ള ജില്ലയിൽ പരിശോധനയ്‌ക്കെത്തിയത് 116 എണ്ണം മാത്രം

ജില്ലയിലെ സ്‌കൂൾ ബസുകൾ ഫിറ്റാണോ..? പരിശോധന നടത്തിയതിൽ 101 എണ്ണം മാത്രം ഫിറ്റ്; ആയിരത്തിലേറെ സ്‌കൂളുകളിലുള്ള ജില്ലയിൽ പരിശോധനയ്‌ക്കെത്തിയത് 116 എണ്ണം മാത്രം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ആയിരത്തിലേറെ സ്‌കൂളുകളുള്ള ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന്റെ വാഹന പരിശോധനയ്ക്കായി ആകെ എത്തിയത് 116 സ്‌കൂൾ വാഹനങ്ങൾ മാത്രം. കോട്ടയം ആർ.ടി.ഒ. ഓഫീസിന് കീഴിലുള്ള സ്‌കൂളുകളിലെ വാഹനങ്ങളുടെ പരിശോധനയിൽ 101 വാഹനങ്ങൾ സർവീസ് നടത്താൻ യോഗ്യത നേടി. ഈ വാഹനങ്ങളിൽ സേഫ് ഇ.ഐ.ബി.(സേഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ബസ്) സ്റ്റിക്കറും പതിപ്പിച്ചു. 116 വാഹനങ്ങളാണ് ബുധനാഴ്ച രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കോടിമതയിൽ നടന്ന പരിശോധനയിൽ എത്തിയത്. ഇതിൽ 15 വാഹനങ്ങളിൽ പോരായ്മ കണ്ടെത്തി. സ്പീഡ് ഗവർണർ, ടയറുകൾ, ബ്രേക്ക്, ഹാൻഡ് ബ്രേക്ക് തുടങ്ങിയവയിലാണ് പോരായ്മകൾ കണ്ടെത്തിയത്. ഇത് പരിഹരിച്ച് 30-ന് നടക്കുന്ന പരിശോധനയിൽ വാഹനങ്ങൾ എത്തിക്കാം. പുതിയ വാഹങ്ങളും ഈ പരിശോധനയിൽ എത്തിക്കാം. കൂടാതെ 26-ന് സ്‌കൂൾ ബസിലെ ഡ്രൈവർമാർക്ക് പാമ്പാടി ടെക്‌നിക്കൽ ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽവെച്ച് ബോധവത്കരണ ക്ലാസ് നടത്തും. ഇതിൽ പങ്കെടുക്കുന്ന ഡ്രൈവർമാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പിന്നീട് നടത്തുന്ന പരിശോധനകളിൽ ഈ സർട്ടിഫിക്കറ്റുകൾ കാണിച്ചാൽ മതിയാകും.