മാസങ്ങൾ പഴക്കമുള്ള മീൻ അമോണിയ ഇട്ട് വിതരണത്തിന് എത്തിച്ചു: ലോക്ക് ഡൗണിനിടെ ചീഞ്ഞ മീൻ വിൽക്കാനുള്ള ശ്രമം പൊളിച്ച് പൊലീസ്: മുന്നൂറ് കിലോയിലേറെ വരുന്ന ചീഞ്ഞമീനുമായി എത്തിയ മിനി വാൻ പിടികൂടി; ബേക്കർ ജംഗ്ഷനിൽ നിന്നും മീൻ വണ്ടി പിടികൂടിയത് പൊലീസും നഗരസഭയും ചേർന്ന്
എ.കെ ശ്രീകുമാർ
കോട്ടയം: ലോക്ക് ഡൗൺ കാലത്ത് നഗരമധ്യത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധയിൽ കുടുങ്ങിയത് ഇരുനൂറ് കിലോയിലേറെ വരുന്ന ചീഞ്ഞ മീൻ. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലെ വിവിധ ജില്ലകളിൽ വിതരണം ചെയ്യാൻ എത്തിയ മീനാണ് പിടികൂടിയത്. അമോണിയം അടക്കമുള്ള കൊടും വിഷം തളിച്ചാണ് മീൻ കേടുകൂടാതെ സൂക്ഷിക്കാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് തൂത്തുക്കുടി സ്വദേശി സിത്തിക്ക്, സഹായി കണ്ണൻ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണെന്നു പൊലീസ് അറിയിച്ചു.
വാനും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിൽ എടുത്ത് നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി. പാലായിലെ ജീസസ് ഫിഷറീസിന് ഈ മീൻ കൈമാറിയതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എം.സി റോഡിൽ ബേക്കർ ജംഗ്ഷനിലായിരുന്നു സംഭവം. തൂത്തുക്കുടിയിൽ നിന്നും മീനുമായാണ് ലോറി നഗരത്തിൽ എത്തിയത്. പാലായിൽ വിതരണം ചെയ്ത ശേഷം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യാനാണ് മീനുമായി ലോറി എത്തിയത്. ബേക്കർ ജംഗ്ഷനിലെ പൊലീസ് പിക്കറ്റിംങ് സ്ഥലത്ത് എത്തിയപ്പോൾ സംശയം തോന്നി ഇവിടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഐ രവീന്ദ്രൻ, എസ്.ഐ ശശീന്ദ്രൻ, ഡ്രൈവർ സിവിൽ പൊലീസ് ഓഫിസർ സമീർ എന്നിവർ ചേർന്ന് ലോറി തടഞ്ഞു.
സാധാരണ ചരക്കു ലോറികൾ പൊലീസ് പരിശോധിക്കാറില്ല. എന്നാൽ, മീൻ വണ്ടിയായതിനാൽ സംശയം തോന്നി പൊലീസ് സംഘം പരിശോധിക്കുകയായിരുന്നു. ഇതോടെയാണ് കിലോക്കണക്കിന് മീൻ വണ്ടിയുടെ പുറകിലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്നു, പിന്നിലെ വാതിൽ തുറന്നു പരിശോധിച്ചപ്പോഴാണ് മീൻ ചീഞ്ഞതാണ് എന്നു കണ്ടെത്തിയത്. തുടർന്നു ഇവർ വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിനെ വിവരം അറിയിച്ചു. ഇൻസ്‌പെക്ടർ വിവരം അറിയിച്ചത് അനുസരിച്ച് നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് സൺ സ്ഥലത്ത് എത്തി.
ഇവർ നടത്തിയ പരിശോധയിലാണ് മീനിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നു കണ്ടെത്തിയത്. മീനിൽ ഐസിടുകയോ ഇത് ഫ്രീസറിൽ സൂക്ഷിക്കുകയോ ചെയ്തിട്ടില്ലെന്നു കണ്ടെത്തി. മീൻ കേടുകൂടാതിരിക്കാൻ കൊടും വിഷമായ രാസവസ്തുക്കളാണ് മീനിൽ ചേർത്തിരുന്നത്. വാഹനം പിടിച്ചെടുത്ത പൊലീസ് സംഘം വാഹനം നഗരസഭ ആരോഗ്യ വിഭാഗത്തിന് കൈമാറി. സംഭവത്തിൽ പൊലീസും നഗരസഭയും കേസെടുത്തു.
കൊറോണക്കാലത്ത് വൻ തോതിൽ കോട്ടയം നഗരത്തിലും പുറത്തും ജില്ലയിലെ വിവിധ പ്രദേശങ്ങളിലും ചീഞ്ഞ മീനുകൾ എത്തിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് നഗരമധ്യത്തിൽ നിന്നും ചീഞ്ഞ മീൻ അധികൃതർ പിടികൂടിയിരിക്കുന്നത്. നാട്ടുകാരുടെ ആരോഗ്യത്തിൽ യാതൊരു ശ്രദ്ധയുമില്ലാതെയാണ് വൻ തോതിൽ ചീഞ്ഞ മീൻ നഗരത്തിലേയ്ക്ക് എത്തിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടിയെടുക്കാൻ നഗരസഭ ആരോഗ്യ വിഭാഗവും പൊലീസും ഭക്ഷ്യ സുരക്ഷാ വിഭാഗവും തയ്യാറാകണമെന്നാണ് ആവശ്യം.