പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

Spread the love


കോട്ടയം
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിലും മീനച്ചിലാറിലും നിക്ഷേപിച്ചു. അഡാക്കിന്റെ വർക്കലയിലെ ഹാച്ചറിയിൽ നിന്നെത്തിച്ച കൊഞ്ചുകുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിന്റെ ചെമ്പ് മൂലേക്കടവ് ഭാഗത്തും മീനച്ചിലാറിന്റെ കോട്ടയം താഴത്തങ്ങാടി ഭാഗത്തും അഞ്ച് ലക്ഷം വീതമാണ് നിക്ഷേപിച്ചത്.
ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഇതിലൂടെ മത്സൃത്തൊഴിലാളികളുടെ തൊഴിലും വരുമാനവും മെച്ചപ്പെടുത്തുന്നതിനും വേണ്ടി നടപ്പാക്കുന്നതാണ് പദ്ധതി.
ഒരു രൂപയാണ് ഒരു കൊഞ്ചുകുഞ്ഞിൻ്റെ വില.
എട്ട് മാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്ന കൊഞ്ചിന് 70 മുതൽ 80 ഗ്രാം വരെ ശരാശരി തൂക്കമുണ്ടാകും.
ചെമ്പിൽ സി കെ ആശ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. കെ കെ രഞ്ജിത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എസ് പുഷ്പ മണി ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരായ പി കണ്ണൻ, കൃഷ്ണ എന്നിവർ സംസാരിച്ചു.
താഴത്തങ്ങാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ നിർമ്മല ജിമ്മി ഉദ്ഘാടനം നിർവ്വഹിച്ചു. കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷയായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാരായ എൻ എൻ വിനോദ്, കെ ശങ്കരൻ, ബിന്ദു സന്തോഷ് കുമാർ, കൗൺസിലർ ജിഷാ ജോഷി, ഫിഷറീസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി ശ്രീകുമാർ, എക്സ്റ്റൻഷൻ ഓഫീസർ പി കണ്ണൻ എന്നിവർ സംസാരിച്ചു.