
തിരുവനന്തപുരം: പേരൂർക്കട ഊന്നാംപാറയിൽ വൻ തീപിടിത്തം. മാൻഷൻ പാം ഹിൽസ് ഫ്ലാറ്റ് സമുച്ചയത്തിന് സമീപം സ്ഥിതി ചെയ്യുന്ന അരുൺ എസ്.എസ് കുമാറിന്‍റെ ‘ശ്രീദക്ഷ’ എന്ന ഇരുനില വീടാണ് അഗ്നിക്കിരയായത്.
ഒരു വർഷം മാത്രം പഴക്കമുള്ള വീടാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാത്രി നടന്ന അപകടത്തിൽ വീടിന്‍റെ ഗ്രൗണ്ട് ഫ്ലോറിലെ അടുക്കള, വർക്ക് ഏരിയ, ഡൈനിംഗ് ഏരിയ എന്നിവ പൂർണമായും കത്തിനശിച്ചു.
തീപിടിത്തത്തെ തുടർന്നുണ്ടായ കനത്ത ചൂടിൽ മുകൾ നിലയിലുണ്ടായിരുന്ന ഇലക്ട്രിക് ഉപകരണങ്ങൾക്കും മറ്റ് ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീടിനകത്ത് ഉപയോഗിച്ചിരുന്ന ജിപ്സം ബോർഡും തടി കൊണ്ടുള്ള പാനലിംഗും തീ അതിവേഗം പടരാൻ കാരണമായെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞയുടൻ തിരുവനന്തപുരം അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നടത്തിയ കഠിന പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണ വിധേയമാക്കിയത്.
വാഹനത്തിൽ നിന്നും സമീപത്തെ ഫ്ലാറ്റിൽ നിന്നും ഹോസുകൾ ഘടിപ്പിച്ചാണ് തീയണച്ചതെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അഗ്നിരക്ഷാ സേനയുടെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഏകദേശം 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



