
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീ പിടിച്ചു. ഒറ്റപ്പാലം നഗരത്തിലെ തിരക്കുള്ള നഗരമധ്യത്തില്‍ ആയിരുന്നു സംഭവം. എന്നാൽ തീ പടർന്ന ഉടനെ തന്നെ നാട്ടുകാർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വളരെ പെട്ടെന്ന് ആണ് വൈറലായി മാറിയത്.
ശനിയാഴ്ച വൈകിട്ട് 6:45 ഓടെ ആയിരുന്നു സംഭവം. ഒരു സ്വകാര്യ ബസ് നഗരത്തിലെ പ്രധാന റോഡിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അസാധാരണമായ രീതിയില്‍ ബസിന്റെ താഴെ ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഇതോടെ വാഹനം നിർത്തി. പെട്ടെന്നു തന്നെ സമീപത്തുള്ള നാട്ടുകാർ ഓടിവന്ന് ബസിന്റെ ഡോർ ചവിട്ടി പൊളിച്ച് യാത്രക്കാരെ പുറത്താക്കി. സ്ത്രീകളും കുട്ടികളും മുതിർന്നവരും സുരക്ഷിതമായി വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ആണ് യഥാർത്ഥ വിസ്മയം ഉണ്ടായത്.
ബസിനടിയില്‍ പടർന്ന തീ അണയ്ക്കാൻ, നാട്ടുകാർ ഉടനെ സമീപ സ്ഥാപനങ്ങളിലെ ഫയർ എക്സ്റ്റിംഗ്യൂഷറുകള്‍ ശേഖരിച്ചു. പത്തോളം പേർ ശരിയായ രീതിയില്‍ ചേർന്ന്, തീ നിയന്ത്രിച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ തീ പൂർണമായും അണച്ചത് ആളുകളെ ഞെട്ടിച്ചു. ഈ സംഭവത്തില്‍ കാണിച്ച കരുത്തും ഏകോപനവും നാട്ടുകാരുടെ സുരക്ഷാ ബോധത്തിന്റെ തെളിവാണ്. എന്തെങ്കിലും ഒരു അപകടം ഉണ്ടാകുമ്പോള്‍ ഒറ്റക്കെട്ടായി മാറുന്ന മലയാളികളുടെ മുഖമാണ് ഇന്നലെ അവിടെ കണ്ടത്. മഹാപ്രളയ സമയത്തും ഉരുള്‍പൊട്ടല്‍ സമയത്തും എല്ലാം നമ്മള് കണ്ട മലയാളികളുടെ മുഖം, ആ ഒത്തൊരുമ. എന്തായാലും സമയോചിതമായ അവരുടെ ഇടപെടല്‍ കാരണം വളരെ വലിയ ഒരു അപകടമാണ് മാറിപ്പോയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


