കുളനട പഞ്ചായത്തിൽ മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു; ഒഴിവായത് വൻദുരന്തം; സംഭവത്തിൽ അട്ടിമറി ആരോപിച്ച് ബി ജെ പി ജില്ലാ പ്രസിഡൻ്റ്
സ്വന്തം ലേഖകൻ പത്തനംതിട്ട: കുളനട മത്സ്യച്ചന്തയ്ക്ക് സമീപം വേർതിരിക്കാനായി സൂക്ഷിച്ചിരുന്ന ടൺ കണക്കിനു മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം. വേർതിരിച്ച മാലിന്യം ശേഖരിച്ചിരുന്ന സമീപത്തെ കെട്ടിടത്തിലും തീപിടിച്ചു. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും ശ്രമഫലമായി ഒരു മണിക്കൂറോളം സമയമെടുത്താണ് അപകടാവസ്ഥ ഒഴിവാക്കിയത്.
തുടക്കത്തിൽ പ്രദേശമാകെ പുക പടർന്നത് ആശങ്ക വർധിപ്പിച്ചു. തൊട്ടുചേർന്ന് വീടുകളും വ്യാപാരസ്ഥാപനങ്ങളും ആശുപത്രിയും പ്രവർത്തിച്ചിരുന്നത് പരിഭ്രാന്തിക്ക് കാരണമായി.
വലിയ ഉയരത്തിൽ കൂട്ടിയിട്ടിരുന്ന മാലിന്യം വ്യാപകമായി കത്തിയതോടെ ചന്തയുടെ ഇരുമ്പ് മേൽക്കൂരയിൽ വലിയ വിള്ളൽ രൂപപ്പെട്ടു. മത്സ്യഫെഡ് നേരത്തെ കോൾഡ് സ്റ്റോറേജിനായി നിർമിച്ച കെട്ടിടത്തിലേക്കാണ് പിന്നീട് തീ പടർന്നത്. ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന തരംതിരിച്ച മാലിന്യവും പൂർണമായി കത്തി. കെട്ടിടത്തിനും ബലക്ഷയമുണ്ടായിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടൂർ, പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് പൂർണമായും തീ അണച്ചത്. തീപിടിത്തം ആസൂത്രിതമാണെന്നു സംശയിക്കുന്നെന്നും പൊലീസിൽ പരാതി നൽകുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രൻ പറഞ്ഞു. മാലിന്യം സമയബന്ധിതമായി തരംതിരിച്ചു ആലപ്പുഴയിലെ ക്ലീൻ കേരള യൂണിറ്റിലേക്ക് എത്തിക്കാറുണ്ടെന്നു പഞ്ചായത്തിലെ ആരോഗ്യവിഭാഗവും പറയുന്നു.
ബിജെപി ഭരിക്കുന്ന പന്തളം നഗരസഭ, കുളനട പഞ്ചായത്ത് പരിധിയിൽ അടുത്തടുത്ത ദിവസങ്ങളിലുണ്ടായ തീപിടിത്തം അട്ടിമറിയാണെന്നു സംശയിക്കുന്നതായി സ്ഥലം സന്ദർശിച്ച ബിജെപി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു. മാലിന്യസംസ്കരണത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയാണ് തീപിടിത്തത്തിനു കാരണമെന്നു സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി സായിറാം പുഷ്പൻ ആരോപിച്ചു.