
സിനിമാ തീയറ്ററിനുള്ളിൽ സീറ്റ് മാറിയിരുന്നത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യുവാവ് ജീവനക്കാരെ കുത്തി പരിക്കേല്പിച്ചു; പ്രതി പിടിയിൽ; കൊല്ലം കരുനാഗപ്പള്ളിയിലെ സ്വകാര്യ മാളിലാണ് സംഭവം
സ്വന്തം ലേഖകൻ
കൊല്ലം: സിനിമാ തീയേറ്ററിനുള്ളിൽ മൂന്ന് പേരെ കുത്തിപ്പരിക്കേല്പിച്ച യുവാവ് അറസ്റ്റിൽ. കുലശേഖരപുരം പുന്നക്കുളം കുറവൻതറ കിഴക്കതിൽ വീട്ടിൽ ഷെറീഫിന്റെ മകൻ മുഹമ്മദ് ആഷിഖ് (26) ആണ് പിടിയിലായത്. കൊല്ലത്തെ സ്വകാര്യ മാളിലുള്ള സിനിമാ തിയറ്ററിലാണ് പ്രതി ആക്രമണം നടത്തിയത്.
കൊല്ലം കരുനാഗപ്പള്ളിയിലെ സ്വകാര്യ മാളിലാണ് സംഭവം. സിനിമ കാണാൻ എത്തിയ ഇയാൾ, മറ്റൊരാൾ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കാൻ ശ്രമിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്. സീറ്റു മാറാൻ ആവശ്യപ്പെട്ട തിയറ്റർ ജീവനക്കാരെ ഇയാൾ കത്തിയുമായി ആക്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറ്റ് മാറിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട തിയറ്ററിലെ ഡ്യൂട്ടി ഓഫീസർ സജിത് മാറിയിരിക്കാൻ ഇയാളോട് ആവശ്യപ്പെട്ടു. അതു കൂട്ടാക്കാതെ ആഷിഖ് സജിത്തിനെ ആക്രമിക്കുകയായിരുന്നു. കയ്യിൽ കരുതിയിരുന്ന കത്തിയുമായി സജിത്തിനു നേരെ ചാടിവീണ ഇയാളെ, തിയറ്റർ ജീവനക്കാരായ അനീഷ്, അഭിജിത്, അഖിൽ എന്നി യുവാക്കൾ തടയാൻ ശ്രമിച്ചു. ഇതോടെ മൂവരെയും ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ആഷിഖിനെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. അനീഷിന്റെ പരാതിയിൽ ആഷിഖിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് പറയുന്നു.