
പാലാ അല്‍ഫോണ്‍സാ കോളേജിലെ ആദ്യ സ്പോര്‍ട്സ് ഹോസ്റ്റല്‍ ബാച്ചിലെ മിടുക്കി; പതിനെട്ടര വയസില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥ; അറുപതിലും പതിനാറിന്റെ ചുറുചുറുക്കുള്ള കോട്ടയത്തിന്റെ ഓട്ടക്കാരി; സജി ജോസഫ് സൂപ്പറാണ്, പവര്‍ഫുള്ളാണ്..!
സ്വന്തം ലേഖകന്‍
മുടി രണ്ടായി മെടഞ്ഞ് പച്ചപ്പാവാടയും വെള്ള ബ്ലൗസുമിട്ട ഒരു കൗമാരക്കാരി. സമപ്രായക്കാരായ മറ്റ് കുട്ടികള്‍ക്കൊപ്പം നടക്കുമ്പോഴും ആ പതിമൂന്നുകാരിയെ ആരും പ്രത്യേകം ശ്രദ്ധിക്കും. കാരണം, മറ്റ് കുട്ടികള്‍ക്കില്ലാത്ത വല്ലാത്തൊരു വേഗവും ഊര്‍ജ്ജവും ആ പെണ്‍കുട്ടിക്കുണ്ടായിരുന്നു. കായികാധ്വാനം ആവശ്യമുള്ള കളികളില്‍ അവള്‍ മറ്റ് കുട്ടികളെ വളരെ പിന്നിലാക്കി. ഡ്രില്ല് പീരിയഡില്‍
കിളികളി ഉള്‍പ്പെടെയുള്ള കളികളില്‍ ആ പെണ്‍കുട്ടിയുടെ അസാമാന്യ ചുവട് വയ്പ്പുകള്‍ കായികാധ്യാപകനായ ഇ.സി ജോണ്‍ സാര്‍ സസൂഷ്മം വീക്ഷിക്കുന്നണ്ടായിരുന്നു. ഭാവിയില്‍ പൊന്‍കുന്നം സ്‌കൂളിന്റെയും കോട്ടയം പട്ടണത്തിന്റെയും യശസ്സ് ഉയര്‍ത്താന്‍ പോന്ന ഒരു കായികതാരമായി ആ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മാറുമെന്ന കാര്യത്തില്‍ ഇ.സി ജോണ്‍ സാറിന് സന്ദേഹമുണ്ടായിരുന്നില്ല. അന്നത്തെ ആ പതിമൂന്ന്കാരിയാണ് കഴിഞ്ഞയാഴ്ച പാലായില്‍ നടന്ന നാല്പ്പത്തിയൊന്നാമത് മാസ്‌റ്റേഴ്‌സ് മീറ്റില്‍ ഉള്‍പ്പെടെ സ്വര്‍ണ്ണമെഡല്‍ നേടി അഭിമാനതാരമായത്. അതെ, സജി ജോസഫ് എന്ന അറുപത് കഴിഞ്ഞ റിട്ട. ഉദ്യോഗസ്ഥ കായിക ലോകത്ത് ഇന്നും വേഗത്തിന്റെ പര്യായമാണ്.
”പാലാ അല്‍ഫോന്‍സാ പത്ത് പേരുള്ള കോളേജിലെ ആദ്യ സ്പോര്‍ട്സ് ഹോസ്റ്റല്‍ ബാച്ചാണ് ഞ്ങളുടേത്. പ്രീഡിഗ്രീ പഠനം സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ താമസിച്ചുകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. രണ്ടാം വര്‍ഷം ഇന്റര്‍ യൂണിവേഴ്‌സിറ്റി മത്സരങ്ങള്‍ക്ക് പോയപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല. അന്ന് സ്‌പോര്‍ട്‌സുകാര്‍ക്ക് തേര്‍ഡ് പിഡിസി ആയി പഠിക്കാന്‍ അവസരമുണ്ട്. അങ്ങനെ ജൂണില്‍ തൃശ്ശൂര്‍ വിമലാ കോളേജില്‍ ചേര്‍ന്നെങ്കിലും നവംബറില്‍ ജോലിയില്‍ കയറാനായി പൂനെയിലേക്ക് പോയി. ജനുവരി അഞ്ചിന് ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്‌മെന്റില്‍ ജോയിന്‍ ചെയ്തു. അങ്ങനെ പതിനെട്ടര വയസില്‍ ഇന്‍കം ടാക്‌സ് വകുപ്പില്‍ ഉദ്യാഗസ്ഥയായി, അതും സ്‌പോര്‍ട്‌സ് ക്വാട്ടയില്‍..” സജി ജോസഫിന്റെ ഓര്‍മ്മകള്‍ ട്രാക്കിലെന്നോണം പാഞ്ഞുകൊണ്ടേയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലിക്ക് കയറിയ ശേഷം സെന്‍ട്രല്‍ റവന്യൂ സ്‌പോര്‍ട്‌സ്, സിവില്‍ സര്‍വീസ്, 1997മലേഷ്യയില്‍ വച്ച് മാസ്‌റേഴ്‌സ് ഓപ്പണ്‍മീറ്റില്‍ മൂന്ന് സ്വര്‍ണം, 2012 ല്‍ ചൈന തായ്‌പേയില്‍ നടന്ന മീറ്റില്‍ മൂന്ന് സ്വര്‍ണ്ണവും വെള്ളിയും, കഴിഞ്ഞ ഡിസംബറില്‍ 35 പ്ലസ് മത്സരത്തില്‍ 400 മീറ്ററില്‍ ഫസ്റ്റ്, കഴിഞ്ഞയാഴ്ച പാലായില്‍ നടന്ന നാല്പ്പത്തിയൊന്നാമത് മാസ്‌റ്റേഴ്‌സ് മീറ്റില്‍ ഉള്‍പ്പെടെ സ്വര്‍ണ്ണമെഡല്‍… ജൂണില്‍ ജോലിയില്‍ നിന്ന് വിരമിച്ചുവെങ്കിലും സജിയുടെ ജീവിതം സ്‌പോര്‍ട്‌സ് മീറ്റുകള്‍ പോലെ അതിവേഗ ഊര്‍ജ്ജത്തില്‍ മുന്നോട്ട് പായുകയാണ്.
ഇന്നും കൃത്യമായി തുടരുന്ന പ്രാക്റ്റീസാണ് സജിയുടെ ജീവിതത്തിലെ നേട്ടങ്ങള്‍ക്ക് വളമാകുന്നത്. സ്ഥിരമായി പരിശീലനത്തിന് വരുന്ന കോട്ടയം നെഹ്‌റു സ്‌റ്റേഡിയത്തിന്റെ ശോചനീയവസ്ഥ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും കോട്ടയത്തെ ഈ മുതിര്‍ന്ന കായികതാരം പറയുന്നു. കുടുംബവും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ സജി ജോസഫിന്റെ വിജയ യാത്രക്ക് പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. വിജയപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ജീവനക്കാരനായ മകന്‍ സാജനും കെ.ഇ സ്‌കൂള്‍ പ്രൈമറി അധ്യാപികയായ മരുമകള്‍ ആഗ്നസും ഇവരുടെ രണ്ടര വയസുകാരന്‍ മകന്‍ കാര്‍ലിനും ട്രാക്കിലും ജീവിതത്തിലും സജിക്ക് കൂട്ടായി കൂടെയുണ്ട്. അമ്മച്ചി പ്രാക്റ്റീസിന് ട്രാക്കിലിറങ്ങുമ്പോള്‍ കാര്‍ലിനും ഒപ്പമോടും.. സജിയുടെ പിന്‍ഗാമിയെന്നോണം..!