വീട്ടിൽ സൂക്ഷിച്ചിരുന്ന 500 രൂപ കാണാനില്ല; മകൻ മോഷ്ടിച്ചുവെന്ന് സംശയം ; പത്ത് വയസുകാരനെ പിതാവ് അടിച്ചുകൊന്നു
സ്വന്തം ലേഖകൻ
ഗാസിയാബാദ്: പണം മോഷ്ടിച്ചെന്ന് സംശയിച്ച് പത്തുവയസുകാരനെ പിതാവ് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. വീട്ടില്‍ സൂക്ഷിച്ച അഞ്ഞൂറ് രൂപ കാണാതായതിന് പിന്നാലെ ലോഹംകൊണ്ട് നിര്‍മിച്ച പൈപ്പുപയോഗിച്ച് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പിതാവ് നൗഷാദിനേയും രണ്ടാനമ്മയായ റസിയയേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പത്തുവയസുകാരനായ ആദ് ആണ് പിതാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. അച്ഛനോടൊപ്പവും രണ്ടാനമ്മയോടൊപ്പവുമാണ് കുട്ടി താമസിച്ചിരുന്നത്. തെറ്റുകള്‍ ചൂണ്ടിക്കാട്ടി ദമ്പതികള്‍ കുട്ടിയെ പതിവായി മര്‍ദിക്കാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച രാവിലെ വീട്ടില്‍ സൂക്ഷിച്ച അഞ്ഞൂറ് രൂപ കാണാതായതോടെ പണം കുട്ടി മോഷ്ടിച്ചെന്ന് സംശയിച്ച് പിതാവ് നൗഷാദ് പൈപ്പുപയോഗിച്ച് മകനെ മര്‍ദിച്ചു. ശരീരത്തില്‍ നിരവധി തവണ അടിയേറ്റ് തലയിലടക്കം കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ദമ്പതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാസിയാബാദ് അസിസ്റ്റന്റ് കമ്മിഷണര്‍ ഗ്യാന്‍ പ്രകാശ് റായ് പറഞ്ഞു.