video
play-sharp-fill
ഫാമിലി പ്ലാസ്റ്റിക്ക്‌സിലെ തീ പിടിത്തം: നഷ്ടം പത്തു കോടി കവിയും; മൺവിളയിൽ പ്രവർത്തിച്ചിരുന്നത് കേരളത്തിലെ മികച്ച പ്ലാസ്റ്റിക്ക് നിർമ്മാണ യൂണിറ്റുകളിൽ ഒന്ന്

ഫാമിലി പ്ലാസ്റ്റിക്ക്‌സിലെ തീ പിടിത്തം: നഷ്ടം പത്തു കോടി കവിയും; മൺവിളയിൽ പ്രവർത്തിച്ചിരുന്നത് കേരളത്തിലെ മികച്ച പ്ലാസ്റ്റിക്ക് നിർമ്മാണ യൂണിറ്റുകളിൽ ഒന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്വകാര്യ പ്ലാസ്റ്റിക്ക് നിർമ്മാതാക്കളായ ഫാമിലി പ്ലാസ്റ്റിക്ക്‌സിന്റെ കമ്പനിയിലുണ്ടായ തീ പിടുത്തത്തിൽ നഷ്ടം മൂന്നു കോടി കടക്കുമെന്ന് ഉറപ്പായി. തീ പിടുത്തത്തെ തുടർന്ന് ഫാക്ടറി കത്തി നശിച്ചത് വെള്ളിയാഴ്ച പുലർച്ചെയോടെയാണ് നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത്. അൻപത് യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘം എത്തി മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ അണച്ചത്. സംഭവത്തിനു രണ്ടു ദിവസം മുൻപും ചെറിയ തോതിൽ ഇവിടെ തീ പടർന്നിരുന്നതായി സമീപ വാസികൾ പറയുന്നു. വിഷപ്പുക ശ്വസിച്ച് അസ്വസ്ഥത അനുഭവപ്പെട്ട രണ്ടു പേരെ രാത്രിയിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ല.
തിരുവനന്തപുരം മൺവിളയിലെ വ്യവസായ കേന്ദ്രത്തിലാണ് ഫാമിലി പ്ലാസ്റ്റിക്ക്‌സിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഇവിടെ ഇന്നലെ രാത്രി ഒൻപതരയോടെയാണ് തീയും പുകയും കണ്ടെത്തിയത്.വ്യവസായ മേഖലയായതിനാൽ തന്നെ ഇവിടെ തൊട്ടു തൊട്ട് നിരവധി സ്ഥാപനങ്ങളാണ് ഉള്ളത്. ഫാമിലി പ്ലാസ്റ്റിക്ക്‌സിന്റെ മൂന്നു നില കെട്ടിടത്തിൽ തീ പടർന്നതോടെ സമീപ പ്രദേശത്തെ കെട്ടിടങ്ങളിലേയ്ക്കും തീ ആളിപ്പടർന്ന് എത്തി. തുടർന്ന് എത്തിയ അഗ്നിരക്ഷാ സേനാ അധികൃതർ സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലെ തീ ആദ്യം അണച്ചു. തുടർന്ന് പ്രദേശത്തിന്റെ നൂറു മീറ്റർ പരിധിയിലുള്ള എല്ലാ കെട്ടിടങ്ങളും ഒഴിപ്പിച്ചു. പ്രദേശത്തിന്റെ ഒരു കിലോമീറ്റർ പരിധിയിലുള്ള ആളകളോടെല്ലാം ഇവിടെ നിന്നു മാറി നിൽക്കാനും നിർദേശം നൽകി. തുടർന്നാണ് ഇവർ രക്ഷാപ്രവർത്തനം ആരംഭിച്ചത്.
പ്ലാസ്റ്റിക്ക് കമ്പനി ആയിരുന്നതിനാൽ തന്നെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും, പ്ലാസ്റ്റിക്കും ആളിക്കത്തിയതോടെ ആകാശത്തേയ്ക്ക് തീയും പുകയും പടർന്നു. പ്രദേശകമാകെ കറുപ്പും വിഷവും നിറഞ്ഞ പുക തിങ്ങിയിരുന്നു. ഇതോടെ പലർക്കും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. താഴത്തെ നിലയിലെ നിർമ്മാണ യൂണിറ്റും, ഗോഡൗണും പൂർണമായും കത്തി നശിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളും പ്ലാസ്റ്റിക്കും അടക്കമുള്ളവയും ആളിക്കത്തിപ്പോയി.
സംഭവം അറിഞ്ഞ് രാത്രി തന്നെ മന്ത്രി കടകമ്പള്ളി സുരേന്ദ്രൻ, അഗ്നിശമന സേനാ മേധാവി എഡിജിപി ഹേമചന്ദ്രൻ, ജില്ലാ കളക്ടർ എന്നിവർ അടക്കമുള്ളവർ ഇവിടെ എത്തിയിരുന്നു. തീയും പുകയും മൂലം എന്തെങ്കിലും അസ്വസ്ഥത ഉണ്ടാകുന്നവരെ പരിശോധിക്കുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.