play-sharp-fill
ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന സുന്ദരികൾ ശ്രദ്ധിക്കുക: ഫെയ്സ് ബുക്കിൽ നിന്നും യുവതികളുടെ ചിത്രമെടുത്ത് മോർഫ് ചെയ്ത് നഗ്നചിത്രമാക്കി ഭീഷണി; ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം രൂപ വരെ; റാംജിറാവു മോഡലിൽ തട്ടിപ്പുകാരനെ പൊലീസ് പൊക്കി: പ്രതി ഭീഷണിപ്പെടുത്തിയത് ആറ് യുവതിമാരെ

ഫെയ്സ് ബുക്ക് ഉപയോഗിക്കുന്ന സുന്ദരികൾ ശ്രദ്ധിക്കുക: ഫെയ്സ് ബുക്കിൽ നിന്നും യുവതികളുടെ ചിത്രമെടുത്ത് മോർഫ് ചെയ്ത് നഗ്നചിത്രമാക്കി ഭീഷണി; ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം രൂപ വരെ; റാംജിറാവു മോഡലിൽ തട്ടിപ്പുകാരനെ പൊലീസ് പൊക്കി: പ്രതി ഭീഷണിപ്പെടുത്തിയത് ആറ് യുവതിമാരെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഫെയ്സ് ബുക്കിൽ നിന്ന് യുവതികളുടെ ചിത്രങ്ങൾ തട്ടിയെടുത്ത് മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ഡിടിപി സ്ഥാപന ഉടമയെ റാംജിറാവു മോഡലിൽ പൊലീസ് പൊക്കി. തട്ടിപ്പിന് ഇരയായ വീട്ടമ്മ പണം നൽകാൻ ബാഗുമായി പൊലീസ് നിർദേശ പ്രകാരം എത്തുകയായിരുന്നു. പ്രതി നിർദേശിച്ച പ്രകാരം കടയ്ക്ക് മുന്നിൽ വീട്ടമ്മ വച്ച ബാഗ് എടുക്കാനെത്തിയപ്പോൾ ഇയാളെ പിടികൂടുകയായിരുന്നു. വധശ്രമം അടക്കം നിരവധി കേസുകളിൽ പ്രതിയായ
നീണ്ടൂർ പ്രാവട്ടം മഠത്തിപ്പറമ്പിൽ എം.വി അനീഷി (29) നെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തത്. ഇന്റർനെറ്റ് നമ്പർ ഉപയോഗിച്ച് വാട്സപ്പ് അക്കൗണ്ട് ഉണ്ടാക്കി ഇത് ഉപയോഗിച്ചാണ് ഇയാൾ യുവതികളെയും വീട്ടമ്മമാരെയും ഭീഷണിപ്പെടുത്തിയിരുന്നത്.
കോട്ടയം സ്വദേശിയായ വീട്ടമ്മ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡിവൈ.എസ് പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ആരംഭിച്ചത്. വീട്ടമ്മയ്ക്ക് സന്ദേശം എത്തിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തിൽ നമ്പർ ശേഖരിച്ചെതോടെയാണ് ഇത് ഇന്റർനെറ്റ് നമ്പരാണെന്ന് കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം ഈ നമ്പർ ഉപയോഗിക്കുന്ന ഫോൺ കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ, ഇന്റർനെറ്റ് നമ്പരായതിനാൽ ഈ ശ്രമവും പരാജയപ്പെട്ടു. തുടർന്നാണ് പ്രതിയെ കണ്ടെത്താൻ പരാതിക്കാരിയുടെ സഹായം തേടാൻ പൊലീസ് തീരുമാനിച്ചത്.
ഇവരുടെ ഫെയ്സ് ബുക്കിൽ നിന്നും ചിത്രങ്ങൾ എടുത്ത ശേഷം ഇത് മോർഫ് ചെയ്ത ശേഷം നഗ്നചിത്രമാക്കി ഇവർക്ക് അയച്ച് നൽകുകയായിരുന്നു. തുടർന്നാണ് പ്രതി അഞ്ചു ലക്ഷം രൂപ പണം ആവശ്യപ്പെട്ടത്.
പ്രതി ആവശ്യപ്പെട്ട പണം നൽകാൻ താൻ തയ്യാറാണെന്ന് വീട്ടമ്മ ഇയാളെ അറിയിച്ചു. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ശേഷം വൈക്കം റോഡിലേയ്ക്ക് നടക്കാൻ പ്രതി നിർദേശിച്ചു. പണമടങ്ങിയ ബാഗുമായി വീട്ടമ്മ പ്രതി നിർദേശിച്ച സ്ഥലത്തേയ്ക്ക് നടക്കുകയായിരുന്നു. ഓരോ പോയിന്റിലും എത്തുമ്പോൾ വാട്സപ്പ് വഴി തന്നെയാണ് പ്രതി ഇവർക്ക് നിർദേശം നൽകിയിരുന്നത്. ഇതിനെല്ലാം മറുപടി നൽകിയ പൊലീസ് വീട്ടമ്മയെ രഹസ്യമായി പിൻതുടരുകയും ചെയ്തിരുന്നു. എന്നാൽ, ഇതറിയാതെ പ്രതി വീട്ടമ്മയ്ക്ക് നിർദേശങ്ങൾ നൽകുകയായിരുന്നു. പ്രതി നിർദേശിച്ച പ്രകാരം വൈക്കം റോഡിൽ കടയുടെ മുന്നിൽ വീട്ടമ്മ പണം അടങ്ങിയ ബാഗ് വച്ചു. തുടർന്ന് ഇവർ മാറിയതിന് പിന്നാലെ സ്ഥലത്തെത്തിയ സിഐ എ.ജെ തോമസ്, സീനിയർ സിവിൽ പോലിസ് ഓഫീസർ കെ.ആർ അരുൺ കുമാർ, എ.എസ്.ഐ കെ.ആർ പ്രസാദ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ നിരവധി യുവതികളുടെയും വീട്ടമ്മമാരുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ഇയാൾ ആറ് വീട്ടമ്മമാരെ ഇയാൾ ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
നേരത്തെ വധശ്രമക്കേസിൽ പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഏറ്റുമാനൂരിലെ ഡി.ടി.പി സ്ഥാപനം നടത്തുകയാണ് പ്രതി. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.