കോവിഡ് 19 കൈവിട്ട് പോകുമ്പോഴും ആരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് സീറോ മലബാർ സഭ രംഗത്ത്; അമ്പലം തുറക്കാൻ ആവശ്യപ്പെട്ട സംഘപരിവാർ സംഘടനയുടെ വഴിയെ സഭയും; 50 പേരെ എങ്കിലും പങ്കെടുപ്പിച്ച് ആരാധന അനുവദിക്കണമെന്ന് ആവശ്യം
തേർഡ് ഐ ബ്യൂറോ
കൊച്ചി: മതം കണ്ണിൽ പടർന്നാൽ പിന്നെ ചുറ്റിലുമുള്ളതൊന്നും കാണില്ല സാറേ..! കൊറോണ ബാധയെ തുടർന്നു രണ്ടു മാസമായി നാവിന് അവധി നൽകിരുന്ന മതമേലദ്ധ്യക്ഷൻമാരും, സഭാ ഇടയന്മാരും ഹൈന്ദവ സംഘടനകളും തലയും വാലും പൊക്കി രംഗത്ത് ഇറങ്ങി. ആരാധനാലയങ്ങൽ തുറക്കണമെന്നും ആരാധന അനുവദിക്കണമെന്നുമുള്ള ആവശ്യവുമായാണ് വൈദികരും ഹൈന്ദവ മതമേലദ്ധ്യക്ഷന്മാരും ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.
മേയ് 14 ന് പുറത്തിറക്കിയ നിവേദനത്തിലാണ് ഇളവുകൾ അനുവദിക്കണമെന്നു മാർഗനിർദേശ മണ്ഡൽ എന്ന ഹൈന്ദവ സംഘടന ആവശ്യപ്പെട്ടത്. ഇവരുടെ ആവശ്യം ഇങ്ങനെ
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യമാകെ ലോക് ഡൗണിന്റെ ഇളവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്കും സർക്കാർ ഇളവുകൾ നൽകണമെന്ന് മാർഗദർശകമണ്ഡൽ ആവശ്യപ്പെട്ടു. ക്ഷേത്ര വിശ്വാസികളെ ദീർഘനാൾ അകറ്റി നിർത്തുന്നത് ശരിയല്ല. ക്ഷേത്ര വരുമാനം ഭക്തരെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.
ക്ഷേത്രങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന ഒരുപാട് പേർ സമൂഹത്തിലുണ്ട്. അവരൊക്കെയും ഇപ്പോൾത്തന്നെ സാമ്പത്തികമായി തകർന്ന നിലയിലാണ്. ഈയൊരു സാഹചര്യം മനസിലാക്കി അനുവദനീയമായ അകലം പാലിച്ച് ക്ഷേത്ര ദർശനം നടത്തുവാൻ ഭക്തരെ അനുവദിക്കണമെന്ന് മാർഗദർശകമണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്‌സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചാര്യ സഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും ആവശ്യപ്പെട്ടു.
ദേവസ്വം ബോർഡുകൾ സാമ്പത്തിക പരാധീനതയിലാണെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ മലബാർ, തിരുവിതാംകൂർ ദേവസ്വങ്ങളുടെ പലയിടങ്ങളിലുമുള്ള ഭൂമിയുടെ നല്ലൊരു പങ്ക് അന്യാധീനപ്പെട്ട നിലയിലാണ്.മലബാർ ദേവസ്വത്തിന്റെ അമ്പതിനായിരം ഏക്കർ ഭൂമിയാണ് അന്യാധീനപ്പെട്ടിരിക്കുന്നത്.
അതുപോലെ തിരുവിതാംകൂറിന്റേയും, വ്യക്തികൾ പോലും സ്വന്തമാക്കി അനുഭവിക്കുന്ന ദേവസ്വം ഭൂമികളുണ്ട്. അന്യാധീനപ്പെട്ട ഇങ്ങനെയുള്ള ഭൂമികൾ തിരിച്ചു പിടിക്കുന്നതിൽ യാതൊരു ജാഗ്രതയും മാറി മാറി വരുന്ന സർക്കാരുകളും ദേവസ്വം ഭരണസമിതികളും കാട്ടുന്നില്ല. ഇത് ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയാണ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ സീറോ മലബാർ സഭയും രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാനത്ത് ‘നേരിയ തോതിൽ’ കൊവിഡ് രോഗബാധ വർദ്ധിക്കുന്നുണ്ട് എന്ന കാരണത്താൽ ലോക്ക്ഡൗൺ ഇളവുകളില്ലാതെ തുടരേണ്ടതില്ലെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് സീറോ മലബാർ സഭ ശനിയാഴ്ചയാണ് വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകിയിട്ടുണ്ടെന്നും സഭാ വ്യക്താവ് പറയുന്നു.
ജോർജ് കർദ്ദിനാൾ ആലഞ്ചേരിയാണ് ഇക്കാര്യം സംബന്ധിച്ച് മെയ് പതിനഞ്ചാം തീയതി മുഖ്യമന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത്. ദേവലയങ്ങളിൽ കൂടുതൽ ഇളവുകളോടെ ആരാധന അനുവദിക്കണമെന്നാണ് തങ്ങളുടെ അഭിപ്രായമെന്ന് സീറോ മലബാർ സഭ കത്തിൽ വ്യക്തമാക്കുന്ന.
എല്ലാ മതങ്ങൾക്കും ഈ ഇളവുകൾ നൽകാവുന്നതാണെന്നും സഭ കത്തിൽ നിലപാടെടുത്തിട്ടുണ്ട്. ലോക്ക്ഡൗൺ ഇപ്പോഴത്തെ നിലയിൽ തുടരാൻ ജനങ്ങളുടെ മാനസിക സംഘർഷം വർധിക്കും. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം 50 പേരിൽ കവിയാത്ത പങ്കാളിത്തമുള്ള ആരാധനാശുശ്രൂഷകൾ അനുവദിച്ചു കിട്ടേണ്ടത് ഇപ്പോഴത്തെ ഒരു വലിയ ആവശ്യമാണ്.
സാമൂഹിക അകലം പാലിച്ചും മറ്റ് മാനദണ്ഡങ്ങൾ പുലർത്തിയും ആരാധന നടത്താനാണ് തങ്ങളുദ്ദേശിക്കുന്നത്. ഈശ്വര വിശ്വാസികൾക്ക് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് ആരാധന ആവശ്യമാണെന്നും സഭ ചൂണ്ടിക്കാട്ടി.