ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഇടുക്കി സ്വദേശിയിൽ നിന്ന് പണം വാങ്ങി കോട്ടയം സ്വദേശി മുങ്ങിയതായി പരാതി
കട്ടപ്പന: യൂറോപ്പിലെ മാൾട്ടയിൽ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി സ്വദേശിയിൽനിന്ന് പണം തട്ടിയതായി പരാതി. വാഗമൺ കോട്ടമല സ്വദേശി കെ.ആർ. സജിത് മോനിൽനിന്ന് കോട്ടയം സ്വദേശി പ്രിൻസ് സക്കറിയാസ് പണം തട്ടിയെടുത്ത് മുങ്ങിയെന്നാണ് പരാതി.മറ്റ് 40 യുവാക്കളിൽനിന്ന് സമാനരീതിയിൽ പണം തട്ടിയിട്ടുണ്ട്.
മാൾട്ടയിലെ കമ്പനിയിൽ പാക്കിങ് വിഭാഗത്തിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. 1,20,000 രൂപ വരെ ശമ്പളം ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. യുവാക്കളിൽനിന്ന് 60,000 മുതൽ രണ്ടുലക്ഷം വരെ കൈപ്പറ്റിയിട്ടുണ്ട്.സജിത് മോനിൽനിന്ന് രണ്ടുതവണയായി 1,20,000 രൂപ തട്ടി. 2021 സെപ്റ്റംബറിൽ പണം നൽകിയെങ്കിലും ഏഴുമാസം കഴിഞ്ഞിട്ടും ജോലിയെപ്പറ്റി വിവരങ്ങൾ ഇല്ലാതായതോടെ പണം തിരിച്ചു ചോദിച്ചു.
എന്നാൽ, ചെക്കാണ് നൽകിയത്.ചെക്കുമായി ബാങ്കിൽ ചെന്നപ്പോൾ പ്രിൻസിന്റെ ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്തിട്ട് ആറുമാസം കഴിഞ്ഞതായി ജീവനക്കാർ പറഞ്ഞു.ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്. പ്രിൻസിന്റെ ഫോൺ സ്വിച്ച്ഓഫ് ആയതോടെ സജിത് പൊലീസിൽ പരാതി നൽകി.ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സ്റ്റേഷനുകളിൽ തട്ടിപ്പിനിരയായവർ പരാതി നൽകി. എന്നാൽ, പ്രിൻസ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group