play-sharp-fill
വ്യാജ ഫേസ്ബുക്ക് പ്രൊഫൈലൂണ്ടാക്കി യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ ; സിനിമ മേഖലയിലുള്ളവരും കുടുങ്ങിയതായി സൂചന

വ്യാജ ഫേസ്ബുക്ക് പ്രൊഫൈലൂണ്ടാക്കി യുവാക്കളെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ ; സിനിമ മേഖലയിലുള്ളവരും കുടുങ്ങിയതായി സൂചന

സ്വന്തം ലേഖിക

മല്ലപ്പള്ളി: വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി യുവാക്കളെ പറ്റിച്ച് പണം തട്ടിയെടുത്ത കേസിൽ യുവതി പൊലീസ് പിടിയിൽ. കുന്നന്താനം കവല ഗ്രൂപ്പിലെ അംഗങ്ങളായ ചെറുപ്പക്കാരെ വ്യാജഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പറ്റിച്ച് പണം തട്ടിയെടുത്ത കേസിലാണ് സീമ സജി(35)യെ പൊലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളെ മാത്രമല്ല സിനിമ മേഖലയിലുള്ള പലരും ഈ തട്ടിപ്പിന് ഇരയായതായി സൂചനകൾ ലഭിക്കുന്നുണ്ട്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സീമ വ്യവസ്ഥകൾ പ്രകാരം ഇന്ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനായ കീഴ്വായ്പൂർ ഇൻസ്പെക്ടർ സിടി സഞ്ജയ് മുമ്പാകെ ഹാജരാവുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഹാജരായി അറസ്റ്റ് വരിക്കണമെന്നും അറസ്റ്റ് ചെയ്താലുടൻ സ്റ്റേഷൻ ജാമ്യം അനുവദിക്കണം എന്നുമായിരുന്നു ഉപാധികൾ.

അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതിയില്ലാതെ സ്റ്റേഷൻ പരിധി വിട്ടു പോകാൻ പാടില്ല, നിശ്ചിത ദിവസങ്ങളിൽ സ്റ്റേഷനിൽ എത്തി ഒപ്പിടണം എന്നീ വ്യവസ്ഥകളും സഹിതമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. നേരത്തേ രൂക്ഷവിമർശനമുയർത്തി പത്തനംതിട്ട ജില്ലാ കോടതി സീമ സജിയുടെ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചിരുന്നു. ഇതേ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്. സിനിമ മേഖലയിലുള്ള ചില പ്രമുഖരും സീമയ്ക്ക് മുൻകൂർ ജാമ്യം നേടിയെടുക്കാൻ രംഗത്തുവന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലത്തും തിരുവനന്തപുരത്തുമായി സീമ ഒളിവിൽ കഴിയുന്ന വിവരം തട്ടിപ്പിന് ഇരയായവർ തന്നെ പൊലീസിന് നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സീമയെ കണ്ടെത്തിയത്. എന്നിട്ടും പോലീസ് അവരെ അറസ്റ്റ് ചെയ്യാൻ ശുഷ്‌കാന്തി കാട്ടിയില്ല. ഒടുവിൽ മുൻകൂർ ജാമ്യം കിട്ടുന്നതു വരെ കാത്തിരിക്കുകയും ചെയ്തു. ഇതിന് വേണ്ടിയെല്ലാം കരുക്കൾ നീക്കിയത് ഡിജിപിയുടെ ഓഫീസായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതോടെ സീമ പുലിയായി. തനിക്കെതിരേ വാർത്തകൾ പ്രസിദ്ധീകരിച്ചവർക്കെതിരേ നേരിട്ട് ഇവർ രംഗത്ത് ഇറങ്ങുകയാണുണ്ടായത്. ഭീഷണി മുഴക്കുകയും ചെയ്തു. എന്നാൽ, ഇവർക്ക് വേണ്ടി സിനിമ നിർമ്മാതാവ്, സൂപ്പർ സ്റ്റാർ എന്നിവർ ഇടപെട്ടതിന്റെ ഓഡിയോ ക്ലിപ്പും നിർണായകമായ മറ്റു തെളിവുകളും മാധ്യമങ്ങളുടെ കൈവശം ഉണ്ടെന്ന് മനസിലാക്കി നിശബ്ദത പാലിക്കുകയായിരുന്നു.

സ്മിത മേനോൻ എന്ന വ്യാജഫേസ്ബുക്ക് പ്രൊഫൈൽ നിർമ്മിച്ച്, കുന്നന്താനം കവല ഗ്രൂപ്പിലെ ഒരു പറ്റം യുവാക്കളോട് ചികിൽസാ സഹായമെന്ന പേരിലാണ് സീമ പണം തട്ടിയെടുത്തത്. പണം പോയവരിൽ ചിലർ മാത്രമാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. ഇതിൽ തന്നെ 50,000 പോയവർ അയ്യായിരത്തിനുള്ള പരാതിയാണ് നൽകിയത്. ജാമ്യമില്ലാ വകുപ്പും ഐടി ആക്ടും ചേർത്ത് കേസ് എടുത്തതിന് പിന്നാലെ മുഖ്യപ്രതി സീമ സജി ഒളിവിൽപ്പോയി.