
വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; പനമ്പിള്ളിനഗറിലുള്ള കൺസൾട്ടൻസി ഏജൻസിക്കെതിരെ പരാതിയുമായി 102 പേർ രംഗത്ത്
സ്വന്തം ലേഖകൻ
കൊച്ചി: വിദേശ രാജ്യങ്ങളിൽ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയതായി പരാതി. കുവൈത്ത്, ഷാർജ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നഴ്‌സായി ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. പനമ്പിള്ളി നഗറിലുള്ള ജോർജ് ഇന്റർനാഷനൽ കൺസൽറ്റന്റ് ഏജൻസിക്കെതിരെ 2017 മുതൽ പണം നൽകിയ 102 പേരാണു പരാതിയുമായി രംഗത്തെത്തിയത്.
അതിനിടെ പണം തിരികെ നൽകാം എന്നു വിശ്വസിപ്പിച്ചു തട്ടിപ്പിനിരയായവരെ ഏജൻസി വിളിച്ചു വരുത്തി. എന്നാൽ പണം അവർക്ക് ലഭിച്ചില്ല. പണം കിട്ടാതെ വന്നതിനെ തുടർന്ന് ഉദ്യോഗാർഥികൾ ഏജൻസിക്ക് മുന്നിൽ ധർണ നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകിയവരുണ്ട്. മൂന്ന് വർഷമായിട്ടും ജോലി ലഭിക്കാത്തവർ പണം തിരികെ ആവശ്യപ്പെട്ടു. അതും കിട്ടാതെ വന്നപ്പോൾ തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പണം ആവശ്യപ്പെട്ട കുറച്ചു പേർക്ക് ഏജൻസി ചെക്കുകൾ നൽകിയിരുന്നു. എന്നാൽ അക്കൗണ്ടിൽ പണമില്ലാത്തതിനാൽ ചെക്കുകൾ മടങ്ങി. ഉദ്യോഗാർഥികളിൽ പലരുടെയും സർട്ടിഫിക്കറ്റുകളും പാസ്‌പോർട്ടും ഏജൻസിയുടെ കൈവശമാണ്. പണം കൂടുതൽ നൽകിയവരിൽ ചിലരെ വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് അയച്ചിരുന്നു. എന്നാൽ ഇവർക്കാർക്കും ജോലി ലഭിച്ചില്ല.
റിക്രൂട്ട്‌മെന്റ് തട്ടിപ്പ് നടത്തിയ പ്രതികൾ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. സ്ഥാപനത്തിന്റെ ലൈസൻസികളായ കണ്ണൂർ ഇരിട്ടി സ്വദേശി ലിസി ജോർജ്, ഭർത്താവ് ജോർജ് ജോസ് എന്നിവർ തൊടുപുഴ സ്വദേശി ഉദയൻ, കോട്ടയം സ്വദേശികളായ ജയ്‌സൺ, വിൻസന്റ് മാത്യു, ഇടുക്കി സ്വദേശി വിനീത വർഗീസ് എന്നിവർക്കു സ്ഥാപനം നടത്തുന്നതിനു കരാർ കൊടുത്തിരിക്കുകയാണ്. കരാറെടുത്തവർ ഉദ്യോഗാർഥികളിൽ നിന്നു പണം വാങ്ങി തട്ടിപ്പു നടത്തിയ ശേഷം മുങ്ങുകയായിരുന്നു.