
പൊന്നാനി: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേസില്‍ അറസ്റ്റിലായ പ്രതികളെ രക്ഷിക്കാന്‍ പോലീസിനു നല്‍കാനെന്ന പേരില്‍ വീട്ടുകാരില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു. രണ്ട് പേർ പിടിയിൽ.
തൃപ്രങ്ങോട് മാരാംകുളമ്പില്‍ വീട്ടില്‍ നവാസ് (38), കാരത്തൂര്‍ ചിറക്കപറമ്പില്‍ കമറുദ്ദീന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. പോലീസുകാര്‍ക്ക് പണം കൊടുത്തില്ലെങ്കില്‍ ജാമ്യം കിട്ടില്ലെന്നും ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കുമെന്നും പണം നല്‍കിയാല്‍ കേസില്‍നിന്നു രക്ഷപ്പെടുത്താമെന്നും പറഞ്ഞാണ് ഇവർ ബന്ധുക്കളെ സമീപിച്ചത്.
പോലീസുകാരുമായി തങ്ങള്‍ക്ക് നല്ല ബന്ധമാണെന്നും എസ്പി, ഡിവൈഎസ്പി തുടങ്ങിയവര്‍ക്കൊക്കെ പണം നല്‍കണമെന്നും ബന്ധുക്കളെ വിശ്വസിപ്പിച്ചു. വിശ്വസിപ്പിക്കാനായി ഡിവൈഎസ്പിയുടേതാണെന്നു പറഞ്ഞ് ശബ്ദരേഖയും കേൾപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടുകാര്‍ സ്വര്‍ണം പണയംവെച്ചും മറ്റും സംഘടിപ്പിച്ച 20 ലക്ഷം രൂപ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. അഞ്ചുലക്ഷം രൂപ പണമായും നല്‍കി. കേസില്‍ ആദ്യം അറസ്റ്റിലായ നരിപ്പറമ്പ് സ്വദേശി ഇര്‍ഷാദ്, പുറത്തൂര്‍ സ്വദേശി രാഹുല്‍ എന്നിവരുടെ ബന്ധുക്കളില്‍നിന്നാണ് പണം തട്ടിയത്.
എന്നാൽ ആദ്യം അറസ്റ്റിലായവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങുകയും കുറച്ചുദിവസങ്ങള്‍ക്കുശേഷം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘത്തിലെ പ്രധാനി ഉള്‍പ്പെടെ എല്ലാവരും അറസ്റ്റിലാകുകയും ചെയ്തതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി വീട്ടുകാര്‍ക്കു മനസ്സിലായത്. തുടര്‍ന്നാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്.
ഇന്‍സ്പെക്ടര്‍ അഷ്റഫിന്റെ നേതൃത്വത്തില്‍ എസ്ഐ ബിബിന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കൃപേഷ്, സുമേഷ്, ശ്രീരാജ് എന്നിവര്‍ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.



