play-sharp-fill
അന്ന് ആ ഡിവിഡി തെരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍, എന്റെ ജീവിതം മാറ്റി മറിച്ച ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാനിത്ര ദൂരം എത്തുമായിരുന്നില്ല : ഇര്‍ഫാന്‍ ഖാനെ അനുസ്മരിച്ച് ഫഹദ് ഫാസില്‍

അന്ന് ആ ഡിവിഡി തെരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍, എന്റെ ജീവിതം മാറ്റി മറിച്ച ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാനിത്ര ദൂരം എത്തുമായിരുന്നില്ല : ഇര്‍ഫാന്‍ ഖാനെ അനുസ്മരിച്ച് ഫഹദ് ഫാസില്‍

സ്വന്തം ലേഖകന്‍

കൊച്ചി : കൊറോണക്കാലത്ത് എല്ലാവരെയും ഏറെ ഞെട്ടിച്ച ഒന്നായിരുന്നു ഇര്‍ഫാന്‍ ഖാന്റെ മരണവാര്‍ത്ത. അഭിനയസിദ്ധികൊണ്ട് സിനിമാ പ്രേമികളെ വിസ്മയിപ്പിച്ചൊരു താരമായിരുന്നു ഇര്‍ഫാന്‍ ഖാന്‍. അദ്ദേഹം ലോകത്തോട് വിട പറഞ്ഞുവെന്ന് പലര്‍ക്കും ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല എന്നതാണ് സത്യം.

ഇര്‍ഫാനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് സോഷ്യല്‍ മീഡിയകളിലലടക്കം ഇന്നലെ മുതല്‍ നിറയുന്നത്. ഇപ്പോഴിതാ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേതാവിനെ കുറിച്ചുള്ള അനുസ്മരിച്ച് ഫഹദ് ഫാസിലും രംഗത്ത് എത്തിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അമേരിക്കയില്‍ പഠിച്ചു കൊണ്ടിരുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയില്‍ നിന്നും ഇന്ന് കാണുന്ന നിലയിലലെത്തുന്നതിന് കാരണമായത് ഇര്‍ഫാന്‍ ഖാന്‍ എന്ന നടനായിരുന്നുവെന്നാണ് ഫഹദ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫഹദിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

‘കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ്, സത്യത്തില്‍ വര്‍ഷം ഏതാണെന്ന് എനിക്ക് ഓര്‍ത്തെടുക്കാനാവുന്നില്ല. അമേരിക്കയിലെ എന്റെ വിദ്യാര്‍ത്ഥി ജീവിതത്തിനിടയിലാണ്. കാമ്പസിനകത്ത് തന്നെ ജീവിക്കുന്നതുകൊണ്ട് ഇന്ത്യന്‍ സിനിമകള്‍ അധികമൊന്നും കാണാന്‍ സാധിച്ചിരുന്നില്ല. അതിനാല്‍ ഞാനും സുഹൃത്ത് നികുഞ്ജും പതിവായി കാമ്പസിനടുത്തുള്ള ഒരു പാക്കിസ്ഥാനി ഗ്രോസറി കടയില്‍ പോകുമായിരുന്നു, അവിടുന്ന് ഇന്ത്യന്‍ സിനിമകളുടെ ഡിവിഡികള്‍ വാടകയ്ക്ക് എടുക്കും.

അത്തരത്തിലുള്ള ഞങ്ങളുടെ ഒരു സന്ദര്‍ശനത്തിനിടെ ആ കടയുടമ, ഖാലിദ് ഭായി ഞങ്ങള്‍ക്കൊരു ചിത്രം നിര്‍ദ്ദേശിച്ചു തന്നു,’ യു ഹോയാ തോ ക്യാ ഹോതാ’. നസറുദ്ദീന്‍ ഷായാണ് ആ ചിത്രം സംവിധാനം ചെയ്തതെന്ന കാര്യമാണ് ഞാനാദ്യം ശ്രദ്ധിച്ചത്. ആ ഡിവിഡി എടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ആ രാത്രി, സിനിമ തുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ സലിം രാജാബലി എന്ന കഥാപാത്രം സ്‌ക്രീനിലേക്ക് വന്നു, ഞാന്‍ തിരിഞ്ഞ് നികുഞ്ജിനോട് ചോദിച്ചു, ആരാണ് ഇയാള്‍ വളരെ തീക്ഷ്ണമായ, സ്‌റ്റൈലിഷായ, അഴകുള്ള നിരവധി അഭിനേതാക്കളുണ്ട്. പക്ഷേ അത്രയും ‘ഒര്‍ജിനല്‍’ ആയ ഒരു നടനെ ഞാനാദ്യമായി സ്‌ക്രീനില്‍ കാണുകയായിരുന്നു. അയാളുടെ പേര് ഇര്‍ഫാന്‍ ഖാന്‍.

ഞാനദ്ദേഹത്തെ ശ്രദ്ധിക്കാന്‍ വൈകിപ്പോയിരുന്നിരിക്കാം, പക്ഷേ ലോകം വളരെ പെട്ടെന്ന് തന്നെ അദ്ദേഹത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞിരുന്നു. ജുംബ ലഹിരിയുടെ പുസ്തകം ‘ദ നെയിംസേക്ക്’ സിനിമയായി മാറിയപ്പോള്‍ ഇന്ത്യന്‍ സമൂഹം ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കിയത് മിസ്റ്റര്‍ ഖാന്‍ അശോകയുടെ വേഷം ചെയ്യുന്നത് കാണാനായിരുന്നു. ജനപ്രിയമായൊരു പാട്ടുപോലൊയിരുന്നു ഇര്‍ഫാന്‍ ഖാന്റെ വളര്‍ച്ച. എല്ലാവരും മനോഹരമായ ആ പാട്ട് പാടി നടന്നു, അനുഭവിച്ചറിഞ്ഞു.

ഞാനദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കണ്ടുകൊണ്ടേയിരുന്നു. ഓരോ തവണയും ആ അഭിനയത്തില്‍ മുഴുകി ഞാന്‍ ചിത്രത്തിന്റെ കഥ മറന്നുപോയ്‌കൊണ്ടിരുന്നു. സത്യത്തില്‍ അദ്ദേഹം അഭിനയിക്കുമ്പോള്‍ എനിക്ക് മുന്നില്‍ കഥയ്ക്ക് പ്രസക്തിയുണ്ടായിരുന്നില്ല.

അഭിനയം വളരെ എളുപ്പമാണെന്ന് അദ്ദേഹം തോന്നിപ്പിച്ചു, എന്നാല്‍ ഞാന്‍ വിഡ്ഢിയാവുകയായിരുന്നു. ഇര്‍ഫാന്‍ ഖാനെ ‘കണ്ടെത്തുന്നതിനിടയില്‍’, എന്റെ
എഞ്ചിനീയറിംഗ്‌ പഠനം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു, സിനിമയില്‍ അഭിനയിക്കണം.

കഴിഞ്ഞ പത്തുവര്‍ഷമായി ഞാന്‍ അഭിനയിക്കുകയാണ് അല്ലെങ്കില്‍ അഭിനയിക്കാന്‍ ശ്രമിക്കുകയാണ്. ഞാനൊരിക്കലും ഇര്‍ഫാന്‍ ഖാനെ പരിചയപ്പെട്ടില്ല, ഒരിക്കല്‍ പോലും നേരിട്ട് കണ്ടതുമില്ല. പക്ഷേ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ച അഭിനേതാക്കളോടും സംവിധായകരോടുമൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യമെനിക്കു ലഭിച്ചു. വിശാല്‍ ഭരദ്വാജിനെ ഞാനാദ്യമായി കണ്ടപ്പോള്‍ ചോദിച്ചത് ‘മക്ബൂലി’നെ കുറിച്ചാണ്.

എന്റെ പ്രിയ സുഹൃത്ത് ദുല്‍ഖര്‍ സ്വന്തം നാട്ടില്‍ ഇര്‍ഫാന്‍ ഖാനോടൊപ്പം ഷൂട്ടിംഗിനായി എത്തിയപ്പോഴും എനിക്കദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല, അന്നൊരു തിരക്കേറിയ ഷെഡ്യൂളിലായിരുന്നു ഞാന്‍. എന്തിനാണ് കാണാന്‍ തിടുക്കം കൂട്ടുന്നത് എന്നതിന്
എനിക്കൊരു കാരണമില്ലായിരുന്നു അതുവരെ. പക്ഷേ ഇന്ന് അദ്ദേഹത്തിന് ഷേക്ക്ഹാന്‍ഡ് നല്‍കി പരിചയപ്പെടാന്‍ കഴിയാതെ പോയതില്‍ ഞാന്‍ ഖേദിക്കുന്നു. ഞാന്‍ തീര്‍ച്ചയായും ബോംബെയില്‍ ചെന്ന് അദ്ദേഹത്തെ കാണണമായിരുന്നു.

രാജ്യത്തിന് പകരം വെയ്ക്കാനാവാത്ത ഒരു അഭിനേതാവിനെ നഷ്ടമായിരിക്കുന്നു. എനിക്ക് അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും നഷ്ടം സങ്കല്‍പ്പിച്ചെടുക്കാനേ സാധിക്കൂ. ആ നഷ്ടമുണ്ടാക്കിയ ശൂന്യതയെ അനുഭവിച്ചറിയുന്ന എഴുത്തുകാരെയും സംവിധായകരെയും ഓര്‍ത്ത് ദുഖമുണ്ട്. അദ്ദേഹത്തില്‍ നിന്നും ഇനിയും സിനിമകള്‍ വരാനുണ്ടായിരുന്നു.

എന്റെ ഭാര്യ മുറിയിലേക്ക് വന്ന് ആ വാര്‍ത്ത പറഞ്ഞപ്പോള്‍, ഞാന്‍ കിടക്കുകയായിരുന്നു. ഞാന്‍ ഷോക്കായി പോയിരുന്നിരിക്കണം, കാരണം ഞാനെന്താണോ ചെയ്തുകൊണ്ടിരുന്നത് അതു തുടര്‍ന്നുകൊണ്ടിരുന്നു. ഒരു ദിവസം മുഴുവന്‍ കടന്നുപോയിട്ടും എനിക്ക് അദ്ദേഹത്തെ കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ ആവുന്നില്ല. ഞാനദ്ദേഹത്തിന് കടപ്പെട്ടവനാണെന്ന് എനിക്കു തോന്നുന്നു.

എന്റെ കരിയര്‍ അദ്ദേഹത്തിന് കടപ്പെട്ടിരിക്കുന്നു. അന്നാ ഡിവിഡി തിരഞ്ഞെടുത്തില്ലായിരുന്നെങ്കില്‍, എന്റെ ജീവിതം മാറ്റിമറിച്ച ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാനിത്രദൂരം എത്തുമായിരുന്നില്ല.