ഓടിട്ട രണ്ട്മുറി വീട്ടിലെ കോടീശ്വരൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ! ഫേസ്ബുക്ക് വഴി യുവതികൾക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയെടുത്തത് ലക്ഷക്കണക്കിനു രൂപയും ആഭരണങ്ങളും; യുവാവിനെ തന്ത്രപൂർവ്വം പോലീസ് പിടികൂടി
സ്വന്തം ലേഖകൻ
തൃശൂർ: ഫേസ്ബുക്ക് വഴി യുവതിയുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി തന്ത്രപൂർവം ലക്ഷങ്ങളും ആഭരണങ്ങളും കവർന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. അങ്കമാലി വട്ടപ്പറമ്പ് സ്വദേശി മൂട്ട പ്രതീഷിനെയാണ് ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തത്. ആലുവയിലെ ഒളിസ്ഥലത്തുനിന്നാണ് ഇയാൾ പിടിയിലായത്. ആമ്പല്ലൂർ സ്വദേശിനിയും സൗദി അറേബ്യ ആരോഗ്യവകുപ്പിനു കീഴിലെ നഴ്‌സുമായ യുവതിയുടെ വിവാഹ പരസ്യം കണ്ട് യുവതിയുടെ ഫോൺ നമ്പറിൽ സിഡ്‌നിയിൽ ജോലി ചെയ്യുന്ന യുവാവെന്ന വ്യാജേന വിളിക്കുകയായിരുന്നു. താൻ ഓസ്‌ട്രേലിയൻ പൗരത്വമുള്ളയാളാണെന്നു യുവതിയെ വിശ്വസിപ്പിച്ചു. പിതാവ് അമേരിക്കയിൽ നാസയിൽ പരിവേഷകനാണെന്നും സഹോദരിമാർ രണ്ടുപേർ കനേഡിയൻ പൗരത്വമുള്ളവരാണെന്നും മാതാവ് മാത്രമാണു കേരളത്തിൽ ഉള്ളതെന്നും യുവതിയെ ധരിപ്പിച്ചു. ഇതു വിശ്വസിച്ച യുവതി ഫേയ്‌സ് ബുക്ക് വിവരങ്ങളും വാട്‌സ് ആപ്പ് നമ്പറും നൽകി. ഇതുവഴി വിദേശത്തുള്ള മറ്റൊരു യുവാവിന്റെ ഫോട്ടോ നൽകി തന്റെയാണെന്നു പ്രതീഷ് തെറ്റിധരിപ്പിച്ചു.
പിതാവെന്നും സഹോദരിമാരെന്നും പറഞ്ഞ് ഓൺലൈനിൽനിന്നു ഡൗൺലോഡ് ചെയ്ത് മധ്യവയസ്‌കൻെയും യുവതികളുടെയും ഫോട്ടോകൾ നൽകി. തുടർന്ന് യുവതി ഇയാളുടെ നമ്പർ പിതാവിനു നൽകി. പിതാവ് പ്രതീഷിനെ വിളിച്ചപ്പോൾ തൻമയത്വത്തോടെ സംസാരിച്ച് പിതാവിനെയും കൈയിലെടുത്തു. പെൺകുട്ടിയെ ദിവസേന വിളിച്ച് സൗഹൃദം ദൃഢമാക്കിയ പ്രതീഷ് തനിക്ക് ഇന്തോനേഷ്യയിൽ ബിസിനസ് ആവശ്യത്തിനാണെന്നു പറഞ്ഞ് രണ്ടുലക്ഷം രൂപ വായ്പയായി ആവശ്യപ്പെട്ടു. യുവതിയോട് വീട്ടിൽ അറിയിക്കരുതെന്നും തനിക്ക് നാണക്കേടാകുമെന്നും പ്രത്യേകം പഞ്ഞു. പിന്നീട് ആറുലക്ഷം രൂപകൂടി ഓരോ ആവശ്യങ്ങൾ പറഞ്ഞ് യുവാവ് കൈക്കലാക്കി. മാസങ്ങൾ കഴിഞ്ഞിട്ടും വിളിക്കാതെയായതോടെ പ്രതീഷ് നൽകിയിരുന്ന വിലാസത്തിൽ അങ്കമാലിയിൽ എത്തിയ പെൺകുട്ടിയുടെ വീട്ടുകാർക്ക് ഈ വിലാസത്തിൽ ആരെയും കാണാൻ കഴിഞ്ഞില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഫോണിൽ വിളിച്ച പെൺകുട്ടിയുടെ വീട്ടുകാരോട് അങ്കമാലിയിൽ ഞങ്ങൾ പുതിയ വീട്ടുകാരാണെന്നും എല്ലാവരും വിദേശത്ത് ആയതിനാൽ ആരും അറിയാൻ വഴിയില്ലെന്ന് പറഞ്ഞെങ്കിലും പെൺകുട്ടിയുടെ വീട്ടുകാർക്കു സംശയം തോന്നി. ഫോട്ടോകൾ പരിശോധിച്ചപ്പോൾ തട്ടിപ്പാണെന്നു മനസിലായി. തുടർന്ന് പുതുക്കാട് പോലീസിൽ പരാതി നൽകുകയായിരുന്നു. ഓടിട്ട രണ്ട് മുറി വീട്ടിലെ കോടീശ്വരൻ പത്താംക്ലാസ് വിദ്യാഭ്യാസമുള്ള എംബിഎക്കാരൻ പ്രതീഷ്.
ഇംഗ്ലീഷ്, കന്നട, തമിഴ്, ഹിന്ദി മുതലായ ഭാഷകൾ നന്നായി കൈകാര്യം ചെയ്യുന്ന ഇയാൾ യുവതികളോട് ഐഎസ്ആർഒയിൽ സയന്റിസ്റ്റാണെന്നാണു പരിചയപ്പെടുത്തിയിരുന്നത്. പ്രതീഷിനെ അന്വേഷിച്ച് അങ്കമാലി വട്ടപ്പറമ്പിലെത്തിയ പോലീസ് സംഘത്തിനു വർഷങ്ങൾക്കുമുമ്പ് സ്വകാര്യ മാനേജ്‌മെൻറ് എൻജിനീയറിംഗ് കോളജിനുവേണ്ടി സ്ഥലം വിറ്റ് പ്രതീഷിന്റെ കുടുംബം എവിടെക്കോ പോയതായിട്ടാണു വിവരം ലഭിച്ചത്. തുടർന്നാണ് മാമ്പ്രയിലെ കോളനിയിൽ പ്രതീഷിന്റെ കുടുംബം താമസിക്കുന്നതായി കണ്ടെത്തിയത്. പഴയൊരു ഓട് വീടായിരുന്നു പോലീസ് കണ്ടത്.
അവിടെ ആരും ഇല്ലായിരുന്നു. വീട്ടുടമസ്ഥൻ ഒന്നരവർഷം മുമ്പ് മരിച്ചെന്നും ഒരു യുവാവും അമ്മയും മാത്രമാണു താമസമെന്നും വിവരം കിട്ടി. വിലയേറിയ ആഢംബര കാറുകളിൽ യുവാവ് എത്താറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. പ്രതീഷിന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വാടകയ്ക്കു കാർ വേണമെന്ന ആവശ്യവുമായിട്ടാണു പോലീസ് സമീപിച്ചത്. അതനുസരിച്ച് ചെങ്ങമനാട് എത്തിയ പ്രതീഷിനെ പോലീസ് പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോൾ മുമ്പ് വിവാഹിതനാണെന്നും മൂന്നു വയസുള്ള കുട്ടിയുടെ പിതാവാണെന്നും സമ്മതിച്ചു. ആ യുവതിയേയും തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം കഴിച്ചത്. സത്യാവസ്ഥ മനസിലാക്കിയ യുവതി വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു.
ആമ്പല്ലൂർ സ്വദേശിനിയിൽനിന്നു തട്ടിയെടുത്ത പണം ഉപയോഗിച്ച് ഇന്ത്യക്ക് അകത്തും പുറത്തും വിനോദയാത്രയും ആഢംബര ജീവിതവുമാണു നയിച്ചിരുന്നത്. ഇയാളുടെ ഫോൺ നമ്പർ പരിശോധിച്ച പോലീസ് നിരവധി യുവതികളെയും വിദ്യാർഥിനികളെയും വലയിലാക്കിയതായി കണ്ടെത്തി. കോവളത്ത് ഒരു യുവതിയെ പീഡിപ്പിച്ചതിന് ഇയാളുടെ പേരിൽ കേസുണ്ട്. ഈ കേസിലേക്ക് കോവളം പോലീസിനു പ്രതീഷിനെ കൈമാറി.