കനത്ത ശൈത്യത്തില്‍ വിറങ്ങലിച്ച്‌ ഡല്‍ഹി; ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ പ്രതിസന്ധി, ക്ഷുഭിതരായി യാത്രക്കാര്‍.

Spread the love

സ്വന്തം ലേഖിക

ല്‍ഹിയില്‍ കടുത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനിലയായ 3.3 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇന്ന് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകള്‍ പ്രകാരം, ഡല്‍ഹിയില്‍ ഇന്ന് രേഖപ്പെടുത്തിയ കുറഞ്ഞ താപനില സീസണിലെ ശരാശരിയേക്കാള്‍ നാല് പോയിന്റ് താഴെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഡല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തിങ്കളാഴ്ച നഗരത്തില്‍ 200 മീറ്ററില്‍ താഴെയാണ് ദൂരക്കാഴ്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് ദിവസമായി കുറഞ്ഞ താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെയാണ്. ജനുവരി 14, 15 തീയതികളില്‍ കുറഞ്ഞ താപനില 3.5 ഡിഗ്രി സെല്‍ഷ്യസും ശനിയാഴ്ച 3.6 ഡിഗ്രി സെല്‍ഷ്യസും വെള്ളിയാഴ്ച 3.9 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. മൂടല്‍മഞ്ഞ് കാരണം തിങ്കളാഴ്ച ഡല്‍ഹിയിലേക്കുള്ള 18 ട്രെയിനുകള്‍ മണിക്കൂറുകളോളം വൈകിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്നും നാളെയും ഡല്‍ഹിയില്‍ ഭാഗികമായി മേഘാവൃതമായ ആകാശവും ഇടതൂര്‍ന്ന മൂടല്‍ മഞ്ഞും കാണാനാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കനത്ത ശൈത്യം മൂലം വലിയ പ്രതിസന്ധിയാണ് കഴിഞ്ഞ മൂന്ന് ദിവസമായി ഡല്‍ഹി അഭിമുഖീകരിച്ച്‌ കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ പ്രയാസങ്ങള്‍ നേരിട്ടത് വ്യോമയാന ഗതാഗതത്തിലാണ്. മോശം കാലാവസ്ഥയില്‍ വ്യോമയാന ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണമായും അവതാളത്തിലാവുകയും യാത്രക്കാര്‍ പരിഭ്രാന്തരാവുകയും ചെയ്തു. യാത്രക്കാരും അധികൃതരും തമ്മില്‍ തര്‍ക്കങ്ങള്‍ക്കും സാഹചര്യം വഴിവച്ചു.
വിമാനങ്ങളുടെ കാലതാമസം, തടസങ്ങള്‍, റദ്ദാക്കലുകള്‍ തുടങ്ങി യാത്രക്കാരുടെ ദുരിതങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും വൻ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദുര്‍ബലമായ ആശയവിനിമയ സംവിധാനമാണ് പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കിയത്. എന്നാല്‍ കാലാവസ്ഥ തങ്ങളുടെ നിയന്ത്രണത്തിന് അതീതമാണെന്നായിരുന്നു അധികൃതരുടെ നിലപാട്.എങ്ങനയാണ് ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായത് ?

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (IGI) നിലവില്‍ പ്രതിദിനം ശരാശരി 1,400-1,500 വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. നിലവില്‍ ഐജിഐ വിമാനത്താവളത്തിന് നാല് റണ്‍വേകളുണ്ട്. അവയിലൊന്ന് അറ്റകുറ്റപ്പണിയിലാണ്. എന്നാല്‍ ബാക്കിയുള്ള മൂന്നെണ്ണത്തില്‍ ഒന്ന് മാത്രമാണ് സിഎടി 3 കൊണ്ട് പ്രാപ്തമാക്കിയിട്ടുള്ളത്. വ്യക്തമായ മാര്‍ഗനിര്‍ദേശത്തോടെ റണ്‍വേയുടെ 100 അടി ഉയരത്തില്‍ നിന്ന് വിമാനങ്ങള്‍ ഇറങ്ങാൻ സാധിക്കുന്ന, മോശം ദൃശ്യപരതയില്‍ പോലും വിമാനങ്ങള്‍ക്ക് ലാൻഡ് ചെയ്യാനുള്ള വളരെ കൃത്യമായ മാര്‍ഗമാണ് സിഎടി 3. മൂടല്‍മഞ്ഞ്, മഴ അല്ലെങ്കില്‍ മഞ്ഞ് എന്നിവ ഉള്ള സമയങ്ങളിലാണ് ഇവ ഉപയോഗപ്പെടുത്തുക.

ജനുവരി 15 തിങ്കളാഴ്ച, ഐ‌ജി‌ഐയില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പത്തോളം വിമാനങ്ങള്‍ ജയ്പൂരിലേക്ക് വഴിതിരിച്ച്‌ വിട്ടിരുന്നു. ആ വിമാനങ്ങളുടെ ക്യാപ്റ്റൻമാര്‍ സിഎടി 3 പാലിക്കാത്തതാണ് തിരിച്ചടിയായത്. 300-ലധികം വിമാനങ്ങള്‍ കഴിഞ്ഞ ദിവസം വൈകിയിട്ടുണ്ട്. മൂടല്‍മഞ്ഞ് മൂലമുണ്ടാകുന്ന കാലതാമസമോ വഴിതിരിച്ചുവിടലോ ഒരു വിമാനക്കമ്ബനികള്‍ക്കും വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത് എന്ന് എയര്‍ ഇന്ത്യയുടെ മുൻ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജിതേന്ദ്ര ഭാര്‍ഗവ ചൂണ്ടിക്കാട്ടുന്നു. “ഓപ്പറേഷണല്‍ പരിമിതികള്‍ പരിഗണിക്കേണ്ടതുണ്ട്. ഷെഡ്യൂളുകള്‍ തകരാറിലാകുമ്ബോള്‍ എയര്‍ലൈനുകള്‍ സാമ്ബത്തികമായി ബുദ്ധിമുട്ടുന്നു. അതിനാല്‍, കാലതാമസം കുറയ്ക്കാൻ അവര്‍ പരമാവധി ശ്രമിക്കും, പക്ഷേ കാലാവസ്ഥ അവരുടെ നിയന്ത്രണത്തിന് അപ്പുറമാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, അധികൃതര്‍ കൃത്യമായി ഇടപെടുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ കസ്റ്റമര്‍ കെയര്‍ അധികൃതര്‍ പരാജയപ്പെടുന്നു. എന്താണ് സംഭവിക്കുന്നതെന്നോ, വിമാനങ്ങള്‍ എപ്പോള്‍ വരുമെന്നോ യാത്രക്കാര്‍ക്ക് യാതൊരു വിവരവും നല്‍കിയിരുന്നില്ല. വിവരം തേടാൻ ശ്രമിച്ചവര്‍ക്കും കൃത്യമായ മറുപടി നല്‍കാനും അവര്‍ക്ക് സാധിച്ചിരുന്നില്ല. ഒരു യാത്രക്കാരൻ പൈലറ്റിനെ ആക്രമിച്ച സംഭവം പോലും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് ഗോവയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരനാണ് പൈലറ്റിനെ മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഡല്‍ഹിയിലെ കനത്ത മൂടല്‍ മഞ്ഞ് കാരണം 13 മണിക്കൂറോളം വിമാനം വൈകുകയായിരുന്നു. ഈ വിവരം യാത്രക്കാരുമായി പങ്കുവെക്കുന്ന സമയത്താണ് യാത്രക്കാരന്‍ പൈലറ്റിനെ മര്‍ദിച്ചത്. ഡല്‍ഹിയിലെ കാലാവസ്ഥാ പ്രശ്‌നം കാരണം 110 ഓളം വിമാനങ്ങള്‍ വൈകുകയും 79 വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു
വിമാനങ്ങളുടെ വൈകല്‍ മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് നിയമപ്രകാരം യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതും എയര്‍ലൈനുകള്‍ക്കില്ല. “ഒരു വിമാനക്കമ്ബനിയുടെ നിയന്ത്രണത്തിനപ്പുറമുള്ള അസാധാരണമായ സാഹചര്യങ്ങള്‍ കാരണം, കാലതാമസവും റദ്ദാക്കലുകളും ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യത എയര്‍ലൈനുകള്‍ക്കില്ല.” എന്നാണ് നിയമം ഇത് സംബന്ധിച്ച്‌ പറയുന്നത്.

2023 ഡിസംബറില്‍ ഐജിഐ വിമാനത്താവളത്തിലെ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിവിധ വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതിനെത്തുടര്‍ന്ന് കുറഞ്ഞ ദൃശ്യപരതയില്‍ പ്രവര്‍ത്തിക്കാൻ സിഎടി 3 പരിശീലനം ലഭിച്ച പൈലറ്റുമാരെ വിന്യസിക്കാത്തതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) എയര്‍ ഇന്ത്യയ്ക്കും സ്പൈസ് ജെറ്റിനും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.