play-sharp-fill
ലോകത്തെ നടുക്കിയ ടെക്ക്നോളജിക്കല്‍ വാറിന്റെ പുതിയ രൂപം ; ലോകം ഞെട്ടിയ പേജര്‍ ആക്രമണം ; ഇന്ന് പേജര്‍ ആണെങ്കില്‍ നാളെ മൊബൈലിലേക്കും മറ്റും വ്യാപിക്കാം ; ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷംനേരെ കൊണ്ട് കൊന്നൊടുക്കാം ; ലോകത്തെ മുഴുവന്‍ സ്തംഭിപ്പിക്കാം ; ലെബനനില്‍ നടന്നത് ചരിത്രത്തില്‍ ഏറ്റവും വലിയ സപ്ലൈ ചെയിന്‍ ആക്രമണം;  പുതിയ സാങ്കേതിക യുദ്ധത്തിന് ഈ എ ഐക്കാലത്ത് ഇസ്രയേല്‍ തുടക്കമിടുന്നത്

ലോകത്തെ നടുക്കിയ ടെക്ക്നോളജിക്കല്‍ വാറിന്റെ പുതിയ രൂപം ; ലോകം ഞെട്ടിയ പേജര്‍ ആക്രമണം ; ഇന്ന് പേജര്‍ ആണെങ്കില്‍ നാളെ മൊബൈലിലേക്കും മറ്റും വ്യാപിക്കാം ; ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷംനേരെ കൊണ്ട് കൊന്നൊടുക്കാം ; ലോകത്തെ മുഴുവന്‍ സ്തംഭിപ്പിക്കാം ; ലെബനനില്‍ നടന്നത് ചരിത്രത്തില്‍ ഏറ്റവും വലിയ സപ്ലൈ ചെയിന്‍ ആക്രമണം;  പുതിയ സാങ്കേതിക യുദ്ധത്തിന് ഈ എ ഐക്കാലത്ത് ഇസ്രയേല്‍ തുടക്കമിടുന്നത്

സ്വന്തം ലേഖകൻ

90-കളില്‍, ഇസ്രായേലിനെതിരെ, ഹമാസിന്റെ ചവേര്‍ ബോംബാക്രമണം നടത്താനുള്ള ബുദ്ധി കേന്ദ്രമായിരുന്നു, എഞ്ചിനീയര്‍ എന്ന അപര നാമധേയത്തില്‍ അറിയപ്പെട്ടിരുന്ന, യഹ്യ അയ്യാഷ്. ഇസ്രയേല്‍ വധിച്ചതോടെ, ബഹുമാനാര്‍ത്ഥം ഗസ്സയിലെ ഒരു തെരുവിന് അദ്ദേഹത്തിന്റെ പേരാണ് ഫലസ്തീനികള്‍ നല്‍കിയത്. ഹമാസ് നിര്‍മ്മിച്ച റോക്കറ്റിനും അയ്യാഷ്-250 എന്ന പേര് നല്‍കിയിരുന്നു. ഈ ഭീകരന്‍ ആസൂത്രണം ചെയ്ത, പാസഞ്ചര്‍ ബസുകളില്‍ ചാവേര്‍ ബോംബാക്രമണത്തില്‍ ഏകദേശം 90 ഇസ്രായേലികളാണ് കൊല്ലപ്പെട്ടത്.

96-ല്‍ മൊസാദ് അയ്യാഷിനെ തീര്‍ത്ത കഥ ഇന്നും ഒരു ‘ടെക്ക്നോളജിക്കല്‍ വിസ്മയമാണ്’. ഫോണ്‍ പൊട്ടിത്തെറിച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്്. പിന്നീടാണ് ഇതിന്റെ മാരക ടെക്ക്നോജി പിടികിട്ടിയത്. ബാല്യകാല സുഹൃത്തായ ഒസാമ ഹമദിന്റെ ഗാസ സിറ്റിയിലെ വീട്ടില്‍ അയ്യാഷ് പലപ്പോഴും രാത്രി കഴിച്ചുകൂട്ടാറുണ്ടെന്ന് ഇസ്രയേലി പ്രതിരോധ സേനയായ ഷിന്‍ ബെറ്റ് മനസ്സിലാക്കിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ഇസ്രയേല്‍ ചാരന്‍മ്മാര്‍ വിലക്കെടുത്തു. ഷിന്‍ ബെറ്റ് ഏജന്റുമാര്‍ ഹമദിന് ഒരു സാറ്റലൈറ്റ് ഫോണ്‍ നല്‍കി അത് ബഗ്ഗ് ചെയ്്തു. അതിനാല്‍ അവര്‍ക്ക് അവന്റെ സംഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിയും. അതില്‍ 15 ഗ്രാം ആര്‍ഡിഎക്‌സ് ഉണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അയ്യാഷ് ഗസ്സയിലെ ഹമദിന്റെ വീട്ടില്‍ എത്തുമ്ബോള്‍ ഈ ഫോണ്‍ ആണ് ഉപയോഗിക്കാറുള്ളത്. 1996 ജനുവരി 5-ന് അയ്യാഷിന്റെ പിതാവ് വിളിച്ചു. അയാള്‍ മറുപടി നല്‍കി. തലയ്ക്ക് മുകളിലൂടെ, ഒരു ഇസ്രായേലി വിമാനം ഈ സംഭാഷണം എടുത്ത് ഒരു കമാന്‍ഡ് പോസ്റ്റിലേക്ക് റിലേ ചെയ്തു. ഫോണില്‍ വിളിച്ചത് അയ്യാഷാണെന്ന് സ്ഥിരീകരിച്ചപ്പോള്‍ ഷിന്‍ ബെറ്റ് റിമോട്ട് ഉപയോഗിച്ചു. ഫോണിലെ ആര്‍ഡിഎക്സ് പൊട്ടി തല തകര്‍ന്ന് അയ്യാഷ് മരിച്ചുവീണു!

ലോകത്തെ നടുക്കിയ ആ ടെക്ക്നോളജിക്കല്‍ വാറിന്റെ പുതിയ രൂപമാണ് ഇസ്രയേല്‍ ഇപ്പോള്‍ പുറത്തെടുക്കുന്നത് എന്നാണ് ബിബിസിയും, ദ ഗാര്‍ഡിയനും അടക്കമുള്ള ലോക മാധ്യമങ്ങള്‍ പറയുന്നത്. സന്ദേശങ്ങള്‍ സുരക്ഷിതവും രഹസ്യവുമായി കൈമാറാന്‍, ലബനനിലെ ഹിസ്ബുള്ള ഭീകരര്‍, ഉപയോഗിക്കുന്ന നൂറ് കണക്കിന് പേജറുകള്‍, കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 3 മണിയോടെ, ഒരേ സമയത്ത്, വിവിധ ഇടങ്ങളില്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ചു. സ്ഫോടന പരമ്ബരയില്‍ 20 പേര്‍ മരണപ്പെടുകയും, 3000 ത്തിലേറെ പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ്് കണക്ക്. 400 പേരുടെ നില ഗുരുതരമാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

പുതിയ യുദ്ധ തന്ത്രം കണ്ട് ലബനനും, ഹിസ്ബുള്ളയും മാത്രമല്ല ലോകം തന്നെ നടുങ്ങി നില്‍ക്കുന്നു. ഒരു കുഞ്ഞ് പേജറില്‍ ഇത്ര വലിയ സ്ഫോടനം നടത്താന്‍ കഴിയുന്ന ടെക്നോളജി ഞെട്ടിക്കുന്നതാണ്. ഇസ്രയേലും, അവരുടെ ചാരസംഘടനയായ മൊസാദും ഇതുവഴി നല്‍കുന്ന സുചന കൃത്യമാണ്. ഏത് പാതാളത്തില്‍പോയി ഒളിച്ചാലും, എത് ടെക്ക്നോളജി ഉപയോഗിച്ചും ഞങ്ങളുടെ ശത്രുക്കളെ തീര്‍ക്കും! പക്ഷേ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പുതിയ സാങ്കേതിക യുദ്ധത്തിനാണ് ഈ എ ഐക്കാലത്ത് ഇസ്രയേല്‍ തുടക്കമിടുന്നത്.

ലോകം ഞെട്ടിയ പേജര്‍ ആക്രമണം

ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സ്‌ഫോടനമാണ് ലെബനനില്‍ കഴിഞ്ഞ ദിവസം ഉണ്ടായത്. പേജറുകള്‍ കൂട്ടത്തോട്ടെ പൊട്ടിത്തെറിച്ചത് ലോകജനതയെ ആശങ്കയില്‍ ആക്കുന്നു. മരിച്ചവരുടെ സംഖ്യ ഉയരുകയാണ്. ലെബനീസ് തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശമായ ദഹിയയിലും, കിഴക്കന്‍ ബെക്കാ താഴ്വരയിലും പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സ്‌ഫോടനങ്ങള്‍ ആരംഭിച്ചത്. ഇറാന്റെ പിന്തുണയുള്ള സായുധസംഘടനയായ ഹിസ്ബുല്ലയുടെ ശക്തികേന്ദ്രങ്ങളായ ഈ പ്രദേശങ്ങളില്‍ ഏകദേശം ഒരു മണിക്കൂര്‍ നേരം സ്‌ഫോടനങ്ങള്‍ തുടര്‍ന്നു. കൂട്ടത്തോടെ പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പേജറുകള്‍ മുഴങ്ങിയതിന് ശേഷമാണ് ചില സ്‌ഫോടനങ്ങള്‍ ഉണ്ടായതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണുകള്‍ക്കു മുന്‍പു പ്രചാരത്തിലുണ്ടായിരുന്ന ഇലക്‌ട്രോണിക് ആശയവിനിമയ ഉപകരണമാണ് പേജര്‍. എസ്‌എംഎസ് പോലെ സന്ദേശം കൈമാറാന്‍ മാത്രമേ കഴിയൂ, കോള്‍ പറ്റില്ല. ഉപയോഗിക്കുന്നവരുടെ ലൊക്കേഷനും മറ്റും കണ്ടുപിടിക്കുക എളുപ്പമല്ലാത്തതിനാലാണ് ഹിസ്ബുല്ല പോലുള്ള ഗ്രൂപ്പുകള്‍ക്ക് പേജര്‍ ഇപ്പോഴും പ്രിയം.

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ഒഴിവാക്കി, കുറഞ്ഞ സാങ്കേതികവിദ്യയുള്ള പേജറുകള്‍ ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത്. പൊട്ടിത്തെറിച്ച പേജറുകള്‍ സമീപ മാസങ്ങളില്‍ ഹിസ്ബുല്ല ഉപയോഗിച്ചു തുടങ്ങിയ പുതിയ മോഡലാണെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

താരതമ്യേന ചെറിയ സ്‌ഫോടനങ്ങളാണ് ഉണ്ടായത്. പേജര്‍ ഉപയോഗിക്കുന്ന വ്യക്തിക്കോ അതിനടുത്തായി നിന്നിരുന്ന വ്യക്തിക്കോ മാത്രമാണ് മരണം സംഭവിക്കുകയോ പരുക്കേല്‍ക്കുകയോ ചെയ്തത്. വിരലുകള്‍ക്കും പേജര്‍ സൂക്ഷിച്ചിരുന്ന ഭാഗത്തും മറ്റുമാണ് പലര്‍ക്കും പരുക്കേറ്റത്. പേജറിലെ സന്ദേശം വായിച്ചുകൊണ്ടിരുന്നവരുടെ മുഖത്തും പരുക്കേറ്റു. ലബനനിലെ ഇറാന്‍ അമ്ബാസിഡറും പേജര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇത് സൂചിപ്പിക്കുന്നത് ഹിസ്ബുള്ള ഭീകരര്‍ ഉപയോഗിക്കുന്ന പേജര്‍, ഇറാന്‍ സര്‍ക്കാരിന്റെ ഔദോഗിക പ്രതിനിധിയായ ഇറാന്‍ അമ്ബാസിഡറും ഉപയോഗിച്ചു എന്ന ഭീകരതയാണ്.

സംഭവം വലിയ സുരക്ഷാ വീഴ്ചയായാണ് ഹിസ്ബുല്ല കാണുന്നത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്രായേല്‍ ഏറ്റെടുക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പ്രധാനമന്ത്രി നജീബ് മികാതി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ത്തു. ലബനാന്റെ പരമാധികാരത്തിന്റെ ഗുരുതര ലംഘനമാണിതെന്നും സകല മാനദണ്ഡങ്ങള്‍ പ്രകാരവും കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞതായി സര്‍ക്കാര്‍ മാധ്യമമായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു. പേജര്‍ പൊട്ടിത്തെറിച്ച്‌ ആയിരങ്ങള്‍ക്ക് പരിക്കേറ്റതിനെക്കുറിച്ച്‌ യു.എന്നില്‍ പരാതിപ്പെടുമെന്ന് ലബനാന്‍ വിദേശകാര്യ മന്ത്രി അറിയിച്ചു. ആക്രമണം അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നതാണെന്ന് യു.എന്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.

ടെക്ക്നോളജി ഇന്നും ദൂരൂഹം

ലോക ചരിത്രത്തില്‍ തന്നെ പുതിയ ഒരു ആക്രമണ രീതിക്കാണ് ഇത് വഴി തുറന്നിരിക്കുന്നത്. ഹിസ്ബുള്ള അടുത്തിടെ ഇറക്കുമതി ചെയ്ത ഏറ്റവും പുതിയ മോഡല്‍ പേജറാണ് പൊട്ടിത്തെറിച്ചതെന്ന് ലെബനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച്‌ റോയിട്ടേഴ്സ് അടക്കമുള്ള വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ലോകം മൊബൈല്‍ ഫോണുകള്‍ കീഴടക്കുന്നതിന് മുമ്ബ് പോപ്പുലറായിരുന്ന ആശയവിനിമയ ഉപകരമായിരുന്നു പേജര്‍. 60കളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കായി വികസിപ്പിച്ച ചെറിയ വയര്‍ലെസ് കമ്യൂണിക്കേഷന്‍ ഉപകരണമാണ് ഇത്. പേജറിലൂടെ ഒരാള്‍ മറ്റൊരാളെ ബന്ധപ്പെടാന്‍ ശ്രമിച്ചെന്ന് അറിയിക്കുന്നതിന് റേഡിയോ തരംഗങ്ങളിലൂടെ ഡിജിറ്റല്‍ സിഗ്‌നലുകള്‍ അയയ്ക്കുന്നു. ചെറിയ ടെക്സ്റ്റ് മെസേജുകളും ഈ ഉപകരണത്തിലൂടെ അയയ്ക്കാന്‍ കഴിയും. മൊബൈല്‍ ഫോണുകളുടെ വളര്‍ച്ചയും അവയിലെ വിപുലമായ ഫീച്ചറുകളും കാലക്രമേണ പേജറുകളുടെ ഉപയോഗം ഗണ്യമായി കുറച്ചു. വോയ്‌സ് കോളുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ഇന്റര്‍നെറ്റ് ആക്‌സസ് എന്നിവയുള്‍പ്പെടെ കൂടുതല്‍ വിപുലമായ ആശയവിനിമയ ഓപ്ഷനുകള്‍ മൊബൈല്‍ ഫോണുകള്‍ വാഗ്ദാനം ചെയ്തു. ഇതോടെ പേജറുകള്‍ക്ക് അന്ത്യമായി.

പേജര്‍ താരതമ്യേന പഴയ സാങ്കേതികവിദ്യയാണ്. അതിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍, മൊബൈല്‍ അല്ലെങ്കില്‍ സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുമ്ബോള്‍ സാധാരണയായി കാണുന്ന സൈബര്‍ ആക്രമണങ്ങളില്‍ നിന്നും ചാര, നിരീക്ഷണ ശ്രമങ്ങളില്‍ നിന്നും ഒരു പരിധി വരെ സുരക്ഷിതമാണ്. അതുകൊണ്ടാണ് ഇത് ഇപ്പോഴും സൈനിക, സുരക്ഷാ മേഖലകളില്‍ ഉപയോഗിക്കുന്നത്. അത് തന്നെയാണ് ഹിസ്ബുള്ള അംഗങ്ങള്‍ ഈ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതിന്റേയും പ്രധാന കാരണം.

എന്താണ് ഈ ആക്രമണത്തിന്റെ രീതി എന്നതിന് കൃത്യമായ മറുപടിയില്ല. ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിച്ചിരുന്ന പേജറുകളില്‍ ലിഥിയം ബാറ്ററികള്‍ ഘടിപ്പിച്ചിരുന്നുവെന്നും അവയാണ് സ്ഫോടനത്തിന് കാരണമായതെന്നും ചില വിലയിരുത്തലുകള്‍. ഹിസ്ബുള്ളയുടെ പേജറുകളെ ഹാക്ക് ചെയ്യുകയും തത്സമയ സിഗ്‌നലുകളെ ട്രാക് ചെയ്യുകയും ചെയ്താകാം ഇത് നടത്തിയതെന്ന് അനുമാനിക്കുന്നു.അമിതമായി ചൂടാക്കാനുള്ള കഴിവിന് പേരുകേട്ട ലിഥിയം ബാറ്ററികള്‍ക്ക് പുക ഉല്‍പാദിപ്പിക്കാനും ഉരുകാനും തീപിടിക്കാനും കഴിയും. സെല്‍ഫോണുകള്‍, ലാപ്‌ടോപ്പുകള്‍, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ ഇലക്‌ട്രോണിക്‌സുകളില്‍ സാധാരണയായി കാണപ്പെടുന്ന ഈ ബാറ്ററികള്‍ക്ക് 1,100 ഡിഗ്രി ഫാരന്‍ഹീറ്റ് (590 ഡിഗ്രി സെല്‍ഷ്യസ്) വരെ താപനിലയില്‍ കത്താനാകും.

ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്ഫോടനങ്ങള്‍ ബോധപൂര്‍വം ഉണ്ടായതാകാമെന്നാണ്. പ്രത്യക ചിപ്പുകള്‍ ഘടിപ്പിക്കപ്പെട്ട പേജറുകളിലേക്ക് ഡ്രോണ്‍ മുഖേനെ പ്രത്യേക തരംഗങ്ങള്‍ അയച്ച്‌ അപടകടം സൃഷ്ടിച്ചതാകാനുള്ള സാധ്യതയും ഉണ്ട്. കൂടുതല്‍ അന്വേഷണം നടത്തി അപകടസാധ്യതകള്‍ വ്യക്തമാക്കുന്നത് വരെ സമാന ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ലെബനന്‍ സര്‍ക്കാര്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.

ഹിസ്ബുള്ള അംഗങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ പേജറുകളിലും ഒരു ചിപ്പ് ഇറക്കുമതി ചെയ്ത് സ്ഥാപിച്ചിരിക്കാമെന്നും കരുതുന്നവരുണ്ട്. ഇസ്രായേല്‍ സൈന്യം ലെബനനിലെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ച ഡ്രോണുകളിലൂടെ അയച്ച റേഡിയോ തരംഗങ്ങളിലൂടെയാണ് ഈ ചിപ്പ് ആക്ടിവേറ്റ് ചെയ്തത്. ഈ തരംഗങ്ങള്‍ വഴി ബാറ്ററി ചൂടാക്കി സ്‌ഫോടനം സാധ്യമാക്കിയതാവാം.

ഈ നിരീക്ഷണത്തിന് പിന്‍ബലമേകുന്നതാണ് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി ലെബനീസ് ഉറവിടങ്ങളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്തത്. പൊട്ടിത്തെറിച്ച കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ക്കകം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത ‘ഏറ്റവും പുതിയ മോഡല്‍’ ആണെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുമായി അടുത്ത ബന്ധമുള്ള ഉറവിടങ്ങളെ ഉദ്ധരിച്ച്‌ അമേരിക്കന്‍ വാള്‍സ്ട്രീറ്റ് ജേണല്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നതും ഈ ഉപകരണങ്ങള്‍ ഹിസ്ബുല്ല അടുത്തിടെ ഇറക്കുമതി ചെയ്തതാണെന്നാണ്.

നാളെ മൊബൈലുകളും പൊട്ടിത്തെറിക്കാം!

ഈ യുദ്ധമുറ ഇസ്രായേലാണ് സ്വീകരിച്ചതെങ്കിലും, അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നതാണ് വസ്തുത. ഇന്ന് പേജര്‍ ആണെങ്കില്‍ നാളെ മൊബൈലിലേക്കും മറ്റും ഈ വിനാശകരമായ ടെക്ക്നോളജി വ്യാപിച്ചാല്‍ ലക്ഷക്കണക്കിന് മനുഷ്യരെ നിമിഷംനേരെ കൊണ്ട് കൊന്നൊടുക്കാന്‍ കഴിയും. മാത്രമല്ല ഈ ആക്രമണത്തിന്റെ സാങ്കേതിക വിദ്യയൊക്കെ അധികാലം രഹസ്യമായി സൂക്ഷിക്കാന്‍ കഴിയില്ല. മൊസാദില്‍നിന്ന്് ഇത് ചോര്‍ന്ന് മറ്റ് ഭീകരവാദികളുടെ കൈയിലെത്തിയാല്‍ ലോകത്തിന്റെ അവസ്ഥയെന്താവും!

ഇത്രയും വിപുലമായ രീതിയില്‍ ഒരേസമയം ആക്രമണം നടത്തണമെങ്കില്‍ ഒന്നിലധികം രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പിന്തുണ ഇസ്രയേലിന് കിട്ടിയിരിക്കണമെന്ന് സൈനികവിദഗ്ധനായ എലിജ് മാഗ്നിയര്‍ പറയുന്നു. ആക്രമണം നടത്തിയത് ഇസ്രയേലാണെങ്കില്‍ അതിനായി അവരുടെ ചാരസംഘടനയായ മൊസാദ് പേജറുകളുടെ ഉത്പാദന-വിതരണ സമയംമുതലുള്ള ഘട്ടങ്ങളില്‍തന്നെ ഇടപെട്ടിട്ടുണ്ടെന്നുവേണം അനുമാനിക്കാന്‍. ഇത് അപകടമായ അവസ്ഥയാണ്. ഈ ടെക്ക്നിക്കിലുടെ ഇസ്രയേലിന് മറ്റ് ഇലട്രോണിക്ക് ഉപകരങ്ങളിലേക്കും ആക്സസ് ഉണ്ടാക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ഇസ്രയേല്‍ വിചാരിച്ചാല്‍, ലക്ഷക്കണക്കിന് ആളുകളെ ഒറ്റ സെക്കന്‍ഡുകൊണ്ട് കൊന്നൊടുക്കാന്‍ കഴിയും. ലോകത്തിലെ മുഴുവന്‍ സ്തംഭിപ്പിക്കാനും കഴിയും! അമേരിക്കപോലും ഭയക്കുന്ന കാര്യമാണിത്.

ഇറാനെ പിന്തുണയ്ക്കുന്ന ലെബനീസ് സായുധസംഘമാണ് ഹിസ്ബുള്ള. ഹിസ്ബുള്ളയ്ക്കുവേണ്ട വെടിക്കോപ്പുകളും നൂതന ഉപകരണങ്ങളുമെല്ലാം സിറിയയും ഇറാഖും വഴി എത്തിക്കുന്നത് ഇറാനാണ്. അങ്ങനെയെങ്കില്‍ ഇറാന്‍ വിതരണംചെയ്ത പേജറുകളില്‍ തിരിമറി നടത്താന്‍ ഇസ്രയേലിനു കഴിഞ്ഞിരിക്കണം. ഉയര്‍ന്ന സ്‌ഫോടകശേഷിയുള്ള വസ്തുക്കള്‍ കുറഞ്ഞ അളവില്‍ പേജറുകളില്‍ നിറയ്ക്കണം. ഒന്നുമുതല്‍ മൂന്നുഗ്രാംവരെയാകും പരമാവധി ഒരുപേജറില്‍ നിറയ്ക്കാനാവുക. ആയിരക്കണക്കിന് പേജറുകളില്‍ ഇത്തരത്തില്‍ സ്‌ഫോടകവസ്തു നിറയ്ക്കുന്നതിന് ചില്ലറസമയവുമല്ല വേണ്ടത്. പുറമേനിന്നുകണ്ടാല്‍ ഒരു കുഴപ്പവും പേജറിന് തോന്നുകയുമരുത്. ഒപ്പം പേജറുകള്‍ പ്രവര്‍ത്തനക്ഷമവുമായിരിക്കണം.

ഇവയ്ക്കൊക്കെയുമായി വലിയ ആള്‍ശക്തിയും ഇസ്രയേല്‍ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. റേഡിയോ ആവൃത്തിയെയാകാം സ്ഫോടനത്വരകമായി ഉപയോഗിച്ചിരിക്കുക എന്നാണ് നിഗമനം.സൈബര്‍ ആക്രമണമാണെങ്കില്‍ ഒരേകമ്ബനിയുടെ പേജറുകള്‍ ഒരേസമയം പ്രവര്‍ത്തനരഹിതമാവുകയെ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഉണ്ടായിട്ടില്ല എന്ന് ദ ഗാര്‍ഡിയന്‍ പത്രം ചൂണ്ടിക്കാട്ടുന്നു.

‘എന്തും ചെയ്യാന്‍ കഴിയും, ഞങ്ങള്‍ എവിടെയുമുണ്ട്’

ലബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ തായ്വാനില്‍ നിന്ന് ഇറക്കുമതി ചെയ്തതാണെന്നും പറയുന്നു. ‘ഗോള്‍ഡ് അപ്പോളോ’ എന്ന കമ്ബനിയുടെ പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഇക്കാര്യം റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ടു ചെയ്തത്. എന്നാല്‍, കമ്ബനി അധികൃതര്‍ ഇതോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

യുഎസ് കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സുരക്ഷാ വിദഗ്ധന്‍ ദിമിത്രി അല്‍പ്പറോവിച്ച്‌ പറയുന്നതനുസരിച്ച്‌ ചരിത്രത്തില്‍ ഏറ്റവും വലിയ സപ്ലൈ ചെയിന്‍ ആക്രമണങ്ങളില്‍ ഒന്നാകും ലെബനണില്‍ നടന്നത്. ഹിസ്ബുള്ള പ്രവര്‍ത്തകര്‍ ഉപയോഗിച്ച ആയിരക്കണക്കിന് പേജിറുകളിലേക്ക് സ്‌ഫോടക വസ്തുക്കള്‍ വെക്കാനും, ഡിവൈസ് ഹാക്ക് ചെയ്ത് ബാറ്ററി അധികമായി ചൂടാക്കി സ്ഫോടനം സാധ്യമായത് ഞെട്ടിക്കുന്നതാണ്. ഈ ലോകത്ത് ഇസ്രായേലിന്റെ ചാരകണ്ണുകളില്‍ നിന്നും ആര്‍ക്കും രക്ഷയില്ലെന്ന സൂചനയാണ് ഇതോടെ പുറത്തുവന്നത്തത്.

ഈ യുദ്ധ തന്ത്ര രീതി ഭീകരരുടെ ഉറക്കം കെടുത്തുന്നതായി മാറി. ഒരു പേന പോലും ഉപയോഗിക്കാന്‍ ഇനി ഭീകരര്‍ ഭയക്കും. അവരുപയോഗിക്കുന്ന മദ്യകുപ്പികളും, ചിക്കന്‍ കാലുകളും വരെ പൊട്ടിത്തെറിക്കുമെന്ന് ഭയക്കും. സ്ഫോടനത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന്, ലെബനനും, ഇറാനും ശക്തമായി ആരോപിക്കുമ്ബോഴും, ഇസ്രായേല്‍ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. ചത്തത് കീചകന്‍ എങ്കില്‍ കൊന്നത് ഭീമന്‍ തന്നെയാകുമെന്ന് ലോകത്തിനറിയാം.

ഇസ്രായേലിനെ ആക്രമിക്കുന്ന ഹമാസിനെ പിന്തുണച്ച്‌, ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിക്കാന്‍ ഒരുമ്ബെടരുത് എന്നവര്‍ പല വട്ടം മുന്നറിയപ്പ് നല്‍കിയതാണ്. ഹിസ്ബുള്ള ചെവികൊണ്ടില്ല. ഇനി പിന്നോട്ടില്ല എന്ന പ്രഖ്യാപനമാണ് പേജര്‍ സ്ഫോടനത്തില്‍ കൂടി ഇസ്രായേല്‍ നടത്തിയിരിക്കുന്നത്.ഹമാസിനെ തീര്‍ത്തത് പോലെ, ഹിസ്ബുള്ളയേയും ഇസ്രായേല്‍ തീര്‍ക്കും എന്നത് ഉറപ്പായി. ഒരു സ്വതന്ത്ര രാഷ്ട്രത്തിന് എതിരെ അക്രമണം നടത്താന്‍ ഇനി ഒരു മത ഭീകരരും കോപ്പ് കൂട്ടരുത് എന്ന സൂചനയാണ് ഇസ്രയേല്‍ നല്‍കുന്നത്.

നേരത്തെയും മൊസാദിന്റെ കൊലകള്‍ ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. മരണം പൂവായും, വിഷ സൂചിയായും, ചാര സുന്ദരിയായും, ഡ്രോണ്‍ ആക്രമണമായും മിസൈലായും വരുമെന്ന് അവര്‍ കാണിച്ചു തന്നിട്ടുണ്ട്. ഏത് ആള്‍ക്കൂട്ടത്തിനിടയിലും പുഷ്പംപോലെ കൊന്നിട്ട് പോവാനുള്ള സംവിധാനം അവര്‍ക്കുണ്ട്. അതിന്റെ കൂട്ടത്തിലാണ് ഈ പുതിയ പേജര്‍ പരിപാടിയും. ഭയപ്പെടുത്തി ശത്രുക്കളെ അകറ്റുക എന്ന തന്ത്രം തന്നെയാണ് ഇസ്രയേലും സ്വകീരിക്കുന്നത്.അവര്‍ക്ക് കൈയും കെട്ടി നോക്കിനില്‍ക്കാന്‍ വയ്യ. കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്നാണ് അവരുടെ രീതി.

ഇനി ഇസ്രയേല്‍-ഹിസ്ബുള്ള യുദ്ധം?

ഈ പേജര്‍ ആക്രമണത്തോടെ ഇസ്രയേല്‍- ഹിസ്ബുള്ളയും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പായിട്ടുണ്ട്. ഹിസ്ബുള്ളക്കെതിരെ യുദ്ധം ശക്തമായി തുടരുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സുരക്ഷാ മന്ത്രിസഭ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പേജര്‍ ആക്രമണം. കഴിഞ്ഞ വര്‍ഷം ഗസ്സയില്‍ ആക്രമണം തുടങ്ങിയ ശേഷമാണ് ഇസ്രായേലുമായി ഹിസ്ബുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. തുടര്‍ന്ന് ലബനാനുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര മേഖലയില്‍നിന്ന് 60,000ത്തോളം ഇസ്രായേല്‍ പൗരന്മാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നിരുന്നു. സ്വന്തം വീടുകളിലേക്ക് ഇവരെ സുരക്ഷിതമായി തിരികെ കൊണ്ടുവരുകയാണ് ഹിസ്ബുള്ളയുമായുള്ള യുദ്ധത്തിന്റെ ലക്ഷ്യമെന്നും ഇസ്രായേല്‍ വ്യക്തമാക്കിയിരുന്നു.

2006-ലാണ് ഇസ്രയേലും ലെബനനും തമ്മില്‍ അവസാനമായൊരു തുറന്ന യുദ്ധമുണ്ടാകുന്നത്. 34 ദിവസം നീണ്ട യുദ്ധത്തില്‍ 1200 ലെബനീസ് പൗരന്മാരും 160 ഇസ്രയേലി സൈനികരും കൊല്ലപ്പെട്ടിരുന്നു. ലെബനന് വലിയ നാശമാണ് അന്നുണ്ടായത്. ഇസ്രയേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രം, അറബ്രാജ്യങ്ങളെ മൊത്തമായി വിറപ്പിച്ചു. പിന്നീട് പലപ്പോഴായി ഇരുവരും സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടെങ്കിലും ഒരു തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നില്ല. പിന്നീട് ആ സംഘര്‍ഷങ്ങള്‍ക്ക് വര്‍ധനവുണ്ടാകുന്നത് 2023 ഒക്ടോബര്‍ ഏഴിന് ശേഷമാണ്.

ഒക്ടോബര്‍ 7 മുതല്‍ സെപ്റ്റംബര്‍ 6 വരെ ലെബനനിലെ ഹിസ്ബുള്ളയും ഇസ്രയേലും തമ്മില്‍ കുറഞ്ഞത് 9,613 ആക്രമണങ്ങളെങ്കിലും നടന്നിട്ടുണ്ടെന്നാണ് കണക്ക്. അതിലും കനത്ത ആള്‍ നാശമാണ് ഹിസ്ബുള്ളക്ക് ഉണ്ടായത്. ഏകദേശം 646 പേരാണ് ലെബനനില്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്ളയുടെ ആക്രമണത്തിലാകട്ടെ കുറഞ്ഞത് 32 ഇസ്രയേലികളും കൊല്ലപ്പെട്ടു. ഹിസ്ബുല്ല നേതാവ് ഫുവാദ് ശുക്കറിനെ ഇസ്രയേല്‍ വധിച്ചതും കാര്യങ്ങള്‍ വഷളാക്കിയിരുന്നു. നൂറിലധികം ഹിസ്ബുള്ള കമാന്‍ഡര്‍മാരെയും അവര്‍ കൊന്നുതള്ളി. സംഭവം ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും ഇരുഭാഗവും ഒരു തുറന്ന യുദ്ധത്തിലേക്ക് കടക്കാന്‍ തയാറായിരുന്നില്ല. എന്നാല്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് മുന്‍കരുതല്‍ ആക്രമണമെന്ന പേരില്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമസൈനിക നീക്കമാണ് നെതന്യാഹുവിന്റെ ധൈര്യം വര്‍ധിപ്പിച്ചുവെന്നാണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

പക്ഷേ അപ്പോഴും ഇസ്രയേലി സൈന്യം അതിന് സജ്ജമാണോ എന്ന ചോദ്യം ശക്തമാണ്. ഗാസയിലെ പോലെ ആയിരിക്കില്ല ഹിസ്ബുള്ളയുമായുള്ള ഏറ്റുമുട്ടല്‍. ഇന്ന് ഏകദേശം 1,20,000 ത്തോളം സ്റ്റാന്‍ഡ് ഓഫ് ആയുധങ്ങള്‍ സിറിയയിലും ലെബനനിലുമായി ഹിസ്ബുള്ള സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍. ഒപ്പം ഇറാന്റെ പിന്തുണയും, സിറിയയിലും ഇറാഖിലും ഇറാനിലുമായി പ്രോക്‌സി സായുധ സംഘടനകളും ഹിസ്ബുള്ളയ്ക്കുണ്ട്. അതേസമയം, ഇസ്രയേലി സൈന്യത്തിന് രണ്ട് അതിര്‍ത്തികളില്‍ ഒരേസമയം ആക്രമണങ്ങള്‍ നടത്തണ്ടതായി വരം. ഇതിനായി അമേരിക്ക അടക്കമുള്ള പാശ്ചാത്യ ശക്തകളുടെ സഹായം വേണ്ടിവരും.

ഹമാസ് തലവന്‍ ഇസ്മാഈല്‍ ഹനിയ്യ തലസ്ഥാനമായ തെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇസ്രായേലിന് തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏത് ഘട്ടത്തിലും ഇറാന്റെ ആക്രമണമുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കവേയാണ് സ്ഥാനപതിയും പേജര്‍ ആക്രമണത്തിന് ഇരയായത്. ഗാസയും ഹമാസും ഇറാനും ഹിസ്ബുള്ളയും ഒരു ചേരിയിലും ഇസ്രയേല്‍ മറു ചേരിയിലും നില്‍ക്കുമ്ബോള്‍ മധ്യേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്. അങ്ങിനെ പോയാല്‍ യുക്രൈന്‍ റഷ്യ സംഘര്‍ഷത്തിനൊപ്പം ലോക സമ്ബദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്നതാവും അതും.

പക്ഷേ ഇസ്രയേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രത്തിന് പോരാടാതിരിക്കാന്‍ ആവില്ല. കാരണം അത് നാലുപാടും ശത്രുക്കളുടെ നടുക്കാണ് കിടക്കുന്നത്. 48-ല്‍ ആ രാജ്യം പിറന്ന് വീണത് തന്നെ ചോരയുടെ നടുവിലാണ്. അന്ന് പൊടുന്നനെ ആക്രമിച്ച അറബ് രാഷ്ട്രങ്ങളെ അവര്‍ തകര്‍ത്തു. പിന്നീട് 67-ല്‍ ഒന്നിച്ച്‌ ആക്രമിച്ച 11 അറബ് രാഷ്ട്രങ്ങളെയും അവര്‍ പപ്പടം പോലെ പൊടിച്ചു. 71-ലും ഇതുതെന്ന സംഭവിച്ചു. ആ ഇസ്രയേലിനോടാണാ, ഇപ്പോള്‍ ഹിസ്ബുള്ള കളിക്കുന്നത്. മുട്ടിയാല്‍ ഇറാനും, ഹിബുള്ളയും പപ്പടമാവുമെന്ന് ഉറപ്പാണ്. അതാണ് ഇസ്രയേല്‍.