
സ്വന്തം ലേഖകൻ
ഉമ്മുൽ ഖുവൈൻ: പരപുരുഷ ബന്ധം ആരോപിച്ച് കാമുകിയെ കുത്തിക്കൊന്ന സംഭവത്തിൽ പ്രവാസി യുവാവിന് യുഎഇയിൽ വധശിക്ഷ. കഴിഞ്ഞ വിചാരണ പൂർത്തിയാക്കിയ ഉമ്മുൽ ഖുവൈൻ കോടതിയാണ് കഴിഞ്ഞ ദിവസം ശിക്ഷ വിധിച്ചത്. കത്തി ഉപയോഗിച്ച് ബോധപൂർവം യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വിചാരണയിൽ തെളിഞ്ഞു. കൊലപാതകത്തിന് ശേഷം ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു.
കൊലപാതകത്തിന് എട്ട് മാസം മുമ്പാണ് യുവാവും യുവതിയും പ്രണയത്തിലായത്. തുടർന്ന് വിവാഹം ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ നിരന്തരമുള്ള വാദപ്രതിവാദങ്ങളും തർക്കങ്ങളും കാരണം ഇവർക്കിടയിലെ ബന്ധം വഷളായി. പ്രവാസി തന്നെയായിരുന്ന കാമുകിക്ക് മറ്റ് പുരുഷന്മാരുമായും ബന്ധങ്ങളുണ്ടെന്ന് ഇയാൾ സംശയിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരുമിച്ച് ജോലി ചെയ്തിരുന്ന ഇരുവരും സംഭവ ദിവസം രാവിലെ കമ്പനിയുടെ വാഹനത്തിലാണ് ജോലി സ്ഥലത്ത് എത്തിയത്. ഓഫീസിൽ അന്ന് ജീവനക്കാർ കുറവായിരുന്നു. അതൊരു അവസരമായെടുത്ത് കൊലപാതകത്തിന് ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ് രേഖകൾ പറയുന്നത്. യുവതി ബാത്ത് റൂമിലേക്ക് പോയപ്പോൾ ഇയാൾ അവരെ പിന്തുടർന്ന് അവിടെവെച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
നെഞ്ചിലും വയറ്റിലും ആഴത്തിൽ മുറിവേറ്റു. ഇതിലൊരു മുറിവാണ് മരണകാരണമായതും. രക്തക്കുഴലുകൾ മുറിഞ്ഞ് വലിയ രക്തസ്രാവത്തിന് കാരണമാവുകയും ഇത് മരണത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നാണ് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയത്.



